ഷിബു മാത്യൂ
ഭാരതത്തിന്റെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെയുടെ തിരുന്നാള്‍ യൂറോപ്പിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന സ്‌കോട്‌ലാന്റിലെ ലിവിംഗ്സ്റ്റണില്‍ അത്യധികം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വി. അന്ത്രയോസിന്റെ നാമത്തിലുള്ള പരിശുദ്ധമായ ദേവാലയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടന്നു. എഡിന്‍ബര്‍ഗ്ഗ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി, റവ.ഫാ. ടോമി എടാട്ട്, റവ. ഫാ. ഫാന്‍സുവാ പത്തില്‍ റവ. ഫാ. ജെറമി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. പ്രസുദേന്തി വാഴ്ചയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാന അര്‍പ്പണം കൂടാതെ ജീവിക്കരുത്. വി. അല്‍ഫോന്‍സാ സന്തോഷവതിയായിരുന്നു എപ്പോഴും. അല്‍ഫോന്‍സാമ്മയുടെ ജീവിതം ഈശോയോട് ചേര്‍ന്ന് മരിച്ചതാണ്. സൃഷ്ടാവിനെ നോക്കാന്‍ കഴിയാതെ സൃഷ്ടിയെ നോക്കുന്നവന്‍ സന്തോഷവാനായിരിക്കുകയില്ല. നിന്നോടുള്ള സ്‌നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊത്ത് ചേര്‍ക്കണമേ എന്ന് അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിച്ചതു പോലെ നമുക്കും സ്വയം പരിത്യജിക്കുവാന്‍ സാധിക്കണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധരുടെ ജീവിതം മാതൃകയാക്കണം. ദൈവമഹതത്വം കാണാന്‍ വി. അല്‍ഫോന്‍സാമ്മയൊപ്പോലെ സമര്‍പ്പിതരാവണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പരസ്യ വണക്കത്തിനായി കൊണ്ടുവന്നു. തുടര്‍ന്ന് അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്കണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കെടുത്തു. സമാപനാശീര്‍വാദത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് ചാപ്ലിന്‍സി റെയിന്‍ബോ കള്‍ച്ചറല്‍ നൈറ്റ് ലിവിംഗ്സ്റ്റണിലെ ഇന്‍വെര്‍ ആല്‍മണ്ട് ഹൈസ്‌ക്കൂള്‍ ഹാളില്‍ നടക്കുകയാണിപ്പോള്‍. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കാനെത്തിയ എല്ലാവര്‍ക്കും ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി നന്ദി പറഞ്ഞു.