പങ്കാളിയുമായി വേര്‍പെട്ട ശേഷം പണത്തിന് ഏറെ ബുദ്ധിമുട്ടിയ 34 കാരി സോഷ്യല്‍ മീഡിയ ബിസിനസിലൂടെ ഇന്ന് നാല് മില്യന്‍ പൗണ്ട് ടേണോവര്‍ ഉള്ള ബിസിനസിന് ഉടമ. ഡെര്‍ബിഷയറിലെ ബക്‌സ്ടണ്‍ സ്വദേശിനിയായ ബെത്ത് ബാര്‍ട്രാം എന്ന യുവതിയാണ് വെറും 100 പൗണ്ടില്‍ ആരംഭിച്ച ബിസിനസിനെ ഇത്രയും ഉയരത്തില്‍ എത്തിച്ചത്. ഫെയിസ്ബുക്കില്‍ ആരംഭിച്ച ഫാഷന്‍ ഷോപ്പാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. ഓണ്‍ലൈനില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ബിസിനസിലൂടെ ആഴ്ചയില്‍ 100 പൗണ്ട് സമ്പാദിക്കാം എന്നായിരുന്നു വിചാരിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഈ വ്യവസായം അതിലുമേറെ വളര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ പത്തു പേര്‍ക്ക് ജോലിയും നല്‍കുന്ന സ്ഥാപനം കുറച്ചു കൂടി സൗകര്യമുള്ള സ്ഥലത്തേക്ക് പറിച്ചുനടാന്‍ ഒരുങ്ങുകയാണ് ബെത്ത് എന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളുടെ ചെലവുകള്‍ക്കായി പണമുണ്ടാക്കാനാണ് ഇവര്‍ 2011ല്‍ ഈ സ്ഥാപനം ആരംഭിച്ചത്. ആഴ്ചയില്‍ 10 വസ്ത്രങ്ങള്‍ വില്‍ക്കാനാകും. അതിലൂടെ 100 പൗണ്ട് നേടാനാകും എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ബെത്ത് ഡെയിലി സ്റ്റാറിനോട് പറഞ്ഞു. എന്നാല്‍ ബിസിനസ് ആരംഭിച്ചപ്പോള്‍ അത് കൂടുതല്‍ മെച്ചപ്പെടുമെന്ന കാര്യം തനിക്ക് മനസിലായി. 2011ല്‍ പങ്കാളിയുമായി ബന്ധം വേര്‍പിരിയുമ്പോള്‍ കുട്ടികള്‍ രണ്ടു പേരും അഞ്ചു വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ബിസിനസ് നടത്തുന്നതിനായി ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതായി വന്നു. കുട്ടികള്‍ ഉറങ്ങിക്കഴിഞ്ഞ് വീടിന്റെ മച്ചില്‍ വെച്ചായിരുന്നു പാക്കേജിംഗ് നടത്തിയിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടുത്ത തണുപ്പില്‍ കോട്ട് ധരിച്ചുകൊണ്ട് താന്‍ ഈ ജോലികള്‍ ചെയ്തിട്ടുണ്ടെന്ന് ബെത്ത് പറയുന്നു. ഒരിക്കല്‍ ഒരു 1000 പൗണ്ടിന്റെ ഓര്‍ഡര്‍ ലഭിച്ചപ്പോളാണ് ബിസിനസ് കുറച്ചുകൂടി വിപുലമായെന്ന് മനസിലായത്. ഇതോടെ ഒരു ഓഫീസ് വാടകയ്ക്ക് എടുത്തു. ഫിയര്‍ലെസ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുന്നത്. fearless.co.uk എന്ന വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സ്വന്തം ബ്രാന്‍ഡിലും മറ്റു ബ്രാന്‍ഡുകളിലുമുള്ള വസ്ത്രങ്ങളും ഫുട്ട്‌വെയറും മറ്റ് ആക്‌സസറികളും ബെത്ത് വിതരണം ചെയ്യുന്നുണ്ട്.