മുംബൈ: എല്ഫിന്സ്റ്റണ് റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കും തിരക്കും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വന്‍ ദുരന്തം ഉണ്ടായേക്കാമെന്നും റെയില്‍വെയ്ക്ക് മുന്നറിയിപ്പ് നല്‍കിയത് നിരവധിപേര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം റെയില്‍വെ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ നിരവധി യാത്രക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും കാര്യമാക്കിയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ഫിന്സ്റ്റണ് റെയില്‍വെ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ വെള്ളിയാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേരാണ് മരിച്ചത്. 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി സഖ്യകക്ഷിയായ ശിവസേന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ പായുന്ന ബി.ജെ.പി സര്‍ക്കാര്‍ സാധാരണക്കാരുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്ന് ശിവസേന കുറ്റപ്പെടുത്തിയിരുന്നു.
ശിവസേനാ എം.പി അരവിന്ദ് സാവന്ത് മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. മേല്‍പ്പാലം വികസിപ്പിക്കാമെന്ന് ഉറപ്പ് നല്കി സുരേഷ് പ്രഭു മറുപടി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ട് അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ലെന്ന് സാവന്ത് വെള്ളിയാഴ്ച ചൂണ്ടിക്കാട്ടി. ബുള്ളറ്റ് ട്രെയിന്‍ വരാനിരിക്കുന്ന നഗരത്തില്‍ സുരക്ഷിതമായ ഒരു മേല്‍പ്പാലം പോലും ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി.
Leave a Reply