കൊല്ലം: ചാത്തന്നൂരില്‍ ദമ്പതികളും മകനും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഇന്ന് രാവിലെ. ഇന്ന് രാവിലെ ഗള്‍ഫില്‍ നിന്നെത്തി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയാണ് ഷിബുവിനേയും കുടുംബത്തേയും മരണം കവര്‍ന്നത്. ഇന്ന് പ്രാദേശിക സമയം 2:30 നോട് അടുത്താണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷിബു (40) ഭാര്യ സിജി (34) മകന്‍ ആദിത്യന്‍ (11) എന്നിവര്‍ മരിച്ചത്. ഇളയ കുട്ടി ആദിഷ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഷിബു റാസല്‍ഖൈമയില്‍ നിന്ന് നാട്ടിലെത്തിയത്.

ആദിച്ചനെല്ലൂരില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ പോകുന്ന വഴിക്ക് ആണ് അപകടമുണ്ടായത്. ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷനില്‍ വച്ച് ഷിബുവും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടിയിരുന്നു. കൊട്ടിയത്തെ കിംസ് ആശുപത്രിയില്‍ വച്ചാണ് സിജിയും ആദിത്യനും മരിച്ചത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് ഷിബു മരിച്ചത്.

അപകടത്തിൽ മരിച്ച ഷിബു Ras Al Khaimah Al Jazeera Port ലെ ജീവനക്കാരനാണ്. മൂത്ത മകന്റെ പരീക്ഷ കഴിഞ്ഞതോടെ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷിബു. ഭാര്യാപിതാവും അജ്‌മാനിലാണ് ജോലിചെയ്യുന്നത്. ദുബായിലുള്ള പ്രശസ്‌തമായ ഒരു എയർലൈൻസിലാണ് ഷിബുവിന്റെ സഹോദരൻ ജോലി ചെയ്യുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോട് കൂടി ശവസംസ്‌കാരം നടക്കുമെന്നാണ് അടുത്ത ബന്ധുക്കളിൽ നിന്ന് അറിയുവാൻ കഴിയുന്നത്.