ഓർമ്മക്കുറവ്…. വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ വിദ്വാൻ പറയുന്നത് ആരുകേൾക്കും !

ഓർമ്മക്കുറവ്….  വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി;  ആ വിദ്വാൻ പറയുന്നത് ആരുകേൾക്കും !
March 29 13:49 2017 Print This Article

മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് എം.എം.മണി നടത്തിയ പ്രസ്താവനയ്കക്കെതിരെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. വിഎസിന്റെ ഓർമ ശക്തിക്ക് കുറവുണ്ടെന്ന് പരിഹസിച്ച എം.എം.മണിയുടെ പരാമർശത്തിന് എതിരെയാണ് വിഎസിന്റെ മറുപടി. മൂന്നാറിൽ കൈയ്യേറ്റമില്ലെന്നാണോ ആ വിദ്വാൻ പറയുന്നത്, കാര്യങ്ങൾ പഠിക്കാതെ ആരാണ് സംസാരിക്കുന്നത് എന്ന് ജനങ്ങൾക്ക് മനസ്സിലാകും എന്നും വിഎസ് അച്യുതാനന്ദൻ തുറന്നടിച്ചു. എം.എം.മണിയുടെ നിലപാട് ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു. മൂന്നാറിലെ ഭൂമി കേസുകളിൽ സർക്കാർ കൂടുതൽ ജാഗ്രത കാട്ടണം എന്നും, കയ്യേറ്റങ്ങളെ സർക്കാർ ന്യായീകരിക്കുന്നത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കും എന്നും വിഎസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വേണ്ടി വന്നാൽ മൂന്നാറിലേക്ക് പോകുമെന്നും വിഎസ് പറഞ്ഞിരുന്നു.
ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെ പിന്തുണച്ചും വിഎസിന്റെ പരാമര്‍ശങ്ങള്‍ തളളിയും ഇന്നലെ മന്ത്രി എം.എം.മണി രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ ഭൂമി കൈയേറ്റമില്ല. എസ്.രാജേന്ദ്രന്‍ എംഎല്‍എ അവകാശപ്പെടുന്നത് അദ്ദേഹത്തിന് പട്ടയമുണ്ടെന്നാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും മണി ഇന്നലെ പറഞ്ഞിരുന്നു, വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു.

രാജേന്ദ്രന്റേത് വ്യാജ പട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് വീടു നിർമിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ തനിക്ക് എട്ടു സെന്റ് ഭൂമിയുണ്ടെന്നും പട്ടയമുണ്ടെന്നുമാണു രാജേന്ദ്രന്റെ അവകാശവാദം. രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നും അതു കയ്യേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തേയുള്ളതാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ അഭിപ്രായത്തിനു എതിരായ നിലപാടാണ് വിഎസ് സ്വീകരിച്ചത്.

അതേസമയം, പട്ടയഭൂമിയിലാണ് തന്റെ വീടെന്ന ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി. എ.കെ.മണി താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്നതു 2001 മുതൽ 2006 വരെയാണ്. ഭൂമി കയ്യേറ്റ വിവാദങ്ങളെ തുടർന്ന് ഈ കാലയളവിൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി കൂടേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles