കേരളത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകങ്ങളും ആത്മഹത്യകളും തുടർക്കഥയാവുന്നു. ഏറ്റവും പുതുതായി 12 വയസ്സുകാരിയായ മകൾ ഷംനയെ കൊലപ്പെടുത്തി കൂട്ടിക്കൽ സ്വദേശിയായ ഷമീറിൻറെ ഭാര്യ ലൈജീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ഉറക്കഗുളിക നൽകിയശേഷം പുലർച്ചെ നാലുമണിയോടെയാണ് ലൈജീന മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. പിന്നാലെ ലൈജീനയും സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ചെയ്തത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ച് രക്ഷപ്പെടുത്തിയത്. കടുത്ത ഒറ്റപ്പെടലാണ് മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചതിന് കാരണമെന്ന് ലൈജീന പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മാനസിക പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അയൽവാസികളുമായി കാര്യമായ സഹകരണം ഒന്നും ഇല്ലാതിരുന്ന ലൈജീന ഭർത്താവിൻറെ വീട്ടുകാരുമായി അകന്നായിരുന്നു താമസിച്ചിരുന്നത്. ലൈജീനയുടെ ഭർത്താവ് ഷമീർ വിദേശത്താണ്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജീനയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണിൻെറ ഭാര്യ വിസ്മയയുടെ ദുരൂഹ മരണത്തിന് ശേഷം ഒട്ടേറെ സ്ത്രീകളും കുട്ടികളുമാണ് കേരളത്തിൽ സ്വയം ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നത്.
ഇന്നലെയാണ് തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്രിയങ്കയെ ബന്ധുക്കൾ ചേർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മൂന്നു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാതാപിതാക്കൾ ബന്ധം വേർപെടുത്തിയതിനാൽ പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിലുള്ള പിതൃ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.
Leave a Reply