എം. ജി.ബിജുകുമാർ
വൈകുന്നേരം ചായയും കുടിച്ചു കായ വറുത്തതും കൊറിച്ച് തെർമോക്കോളിൽ ശ്രീരാമന്റെ പടം വരച്ചു വെട്ടിയെടുത്തു കൊണ്ടിരിക്കവേയാണ് ശ്രീഹരി വീട്ടിലേക്ക് എത്തിയത്.
“ശ്രീരാമൻ അടിപൊളി ആണല്ലോ ”
ശ്രീഹരി കൗതുകത്തോടെ തെർമോക്കോളിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
” വേണമെങ്കിൽ നിനക്കും ഒരെണ്ണം വരച്ചു തരാം. എന്താ വേണോ ?”
എന്റെ ചോദ്യം കേട്ട് അവൻ പുഞ്ചിരിച്ചു.
” വെറുതെ നിൽക്കാതെ ഉപ്പേരിയെടുത്ത് തിന്നുകൊണ്ടിരിക്കെടാ” എന്ന് പറഞ്ഞ് ഞാൻ ജോലിയിൽ മുഴുകി.
ഉപ്പേരിയും കഴിച്ച് എന്റെ കലാവിരുതിൽ ശ്രദ്ധിച്ചു നോക്കി നിൽക്കുകയായിരുന്നു അവൻ.
“ഒരു കാര്യം പറയാൻ മറന്നുപോയി ”
അവൻ അല്പം ആവേശത്തോടെയാണ് പറഞ്ഞത്.
” ഉം.. എന്താ… പറയ്.. ”
ഞാൻ മുഖമുയർത്താതെ മറുപടി നൽകി.
“ഞാൻ ഒരു സ്വപ്നം കണ്ടു. ”
“ആഹാ ! എന്തായിരുന്നു സ്വപ്നം ? നീന്തൽ പഠിക്കുന്നതായിരുന്നോ?’ ഞാൻ ചിരിയോടെ തിരക്കി.
” ഓ! പിന്നെ ! ഇപ്പോൾ അല്പസ്വല്പം നീന്താനൊക്കെ എനിക്ക് അറിയാം.”
അവൻ പരിഭവത്തോടെ പറഞ്ഞു .
“അതു പോട്ടെ !എന്തായിരുന്നു സ്വപ്നം ? അത് പറയ് കേൾക്കട്ടെ !.”
അവൻ അല്പം കൂടി അടുത്തേക്ക് വന്നിരുന്ന് താൻ കണ്ട സ്വപ്നത്തെപ്പറ്റി പറഞ്ഞു തുടങ്ങി.
” പുഴയുടെ കൽക്കെട്ടിൽ ഞാനിരിക്കുമ്പോൾ ചേട്ടൻ താഴെ മീൻ പിടിക്കുകയായിരുന്നു.വലയുമൊക്കെ കയ്യിൽ ഉണ്ടായിരുന്നു.”
” ആഹാ കൊള്ളാമല്ലോ ! എന്നിട്ട് ?
” മീൻപിടുത്തവും കണ്ടിരിക്കെ ഒരാൾ എന്റെ അടുത്ത് വന്നിരുന്ന് തോളിൽ കൈയിട്ട് സംസാരിച്ചു തുടങ്ങി.”
” എന്തായിരുന്നു സംസാരിച്ചത്?”
എന്റെ ചോദ്യം പ്രതീക്ഷിച്ച അവൻ മറുപടിയായി തുടർന്നു.
”മുതിർന്നവരുടെ കൂടെ അല്ലാതെ പുഴയിൽ വരരുതെന്നും ഇവിടെ അമിതമായി സമയം ചെലവഴിക്കരുതെന്നമൊക്കെ പറഞ്ഞു. എന്നിട്ട് ശ്രദ്ധിച്ചു നോക്കിയപ്പോൾ അദ്ദേഹം തലയിൽ മയിൽപ്പീലി ചൂടിയിരിക്കുന്നു. അതിശയത്തോടെ നോക്കിയിരിക്കവേ അയാളുടെ വേഷമൊക്കെ മറഞ്ഞ് ശ്രീകൃഷ്ണന്റെ രൂപമായി മാറി. ”
” ഇനിയിപ്പോൾ എന്തുവേണം ശ്രീകൃഷ്ണനെ കണ്ടില്ലേ?’
ഞാൻ അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
”ഏയ് ! എന്റെ ചിന്ത അതൊന്നുമല്ല. സ്കൂൾ അടച്ചിരിക്കുവല്ലേ,?”
“അതിന്….” ‘
” സ്വപ്നത്തിൽ കണ്ടതുപോലെ നമുക്ക് മീൻ പിടിക്കാൻ പോകാം. ഇപ്പോൾ വെള്ളവും കുറവല്ലേ. അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.”
“ആഹാ! അതായിരുന്നു സ്വപ്നത്തിൻ്റെ കാര്യം പറയാൻ ഇത്ര ധൃതി കൂട്ടിയത് ”
ഞാൻ ചിരിച്ചു.
”നമുക്ക് എന്തായാലും പോകാം ചേട്ടാ മീൻപിടിക്കാൻ,… മഴയൊക്കെ തുടങ്ങിയാൽ പിന്നെ ഒന്നും നടക്കില്ല”
അവൻ വീണ്ടും പറഞ്ഞു
”മീൻ പിടിക്കാൻ വലയൊക്കെ വേണം നമ്മുടെ കയ്യിൽ അതൊന്നുമില്ലല്ലോ ”
ആ .മറുപടിയിലും അവൻ പിൻതിരിയാൻ തയ്യാറായില്ല.
”എവിടെനിന്നെങ്കിലും വാങ്ങൂ . കടകളിൽ എവിടെയെങ്കിലും കിട്ടുമല്ലോ..? ”
അവനത് ഒത്തിരി ആഗ്രഹത്തോടെയാണ് പറയുന്നതെന്ന് എനിക്ക് തോന്നി.
“നോക്കട്ടെ ! എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാൻ പറ്റുമോന്ന് ”
അത് കേട്ടപ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ട് വികസിച്ചു.
ഉപ്പേരി തീർന്നപ്പോൾ അവൻ മെല്ലെ എഴുന്നേറ്റു.
“മറക്കല്ലേ ‘ എവിടെ നിന്നെങ്കിലും വല ഒപ്പിച്ചെടുക്കണേ! എന്തായാലും നമുക്ക് മീൻ പിടിക്കണം ചൂണ്ടയിട്ടാൽ കാര്യമായി മീൻ കിട്ടില്ലെന്ന് എൻ്റെ കൂട്ടുകാരൻ അച്ചു പറഞ്ഞു”
” അവന് അതെങ്ങനെ അറിയാം? ”
” അവന്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ടത്രേ”
ഞാൻ ഒന്നു മൂളിയിട്ട് എൻ്റെ ജോലി തുടർന്നു.
” നാളെ അവധിയല്ലേ അപ്പോൾ ഒന്നു പോയി തിരക്ക് ചേട്ടാ.. ”
അവൻ വളരെ താൽപ്പര്യത്തോടെ പറഞ്ഞു.
” അവധിയാണെങ്കിലും നാളെ ഒരു പ്രോഗ്രാമിന് പോകണം. ഒരു സംവാദം. അപ്പോൾ പിന്നെ സമയം കിട്ടൂല. ”
എൻ്റെ മറുപടി കേട്ട് അവനെന്തോ ആലോചിക്കുന്നതു പോലെ തോന്നി.
” സംവാദത്തിന് പകരം ഒരാളെ വിട്ടാൽ പോരെ ?”
അവൻ്റെ മുഖം വിടർന്നു.
“ഓ പിന്നെ പകരം ആളിനെ വെക്കാൻ ഞാനെന്താ രജിത ടീച്ചറാണോ ?”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
പക്ഷേ ഒന്നും മനസിലാകാതെ അവനെന്നെ നോക്കി നിന്നു.
“രജിത ടീച്ചറോ?അതാരാ ?”
ഒന്നു രണ്ടു നിമിഷത്തിനു ശേഷം അവൻ സംശയത്തോടെ ചോദിച്ചു.
”യോഗ പഠന ക്ളാസിൽ വരുന്നയാളാണ് ഞാൻ പറഞ്ഞ ഈ രജിത ടീച്ചർ. നന്നായി ആഹാരം കഴിച്ചിട്ടു വരുന്നതു കൊണ്ടും മടി കൊണ്ടും മിക്കപ്പോഴും യോഗ ചെയ്യാതെ വിശ്രമിക്കും. ചിലപ്പോൾ ഉറങ്ങുകയും ചെയ്യും.”
അതു പറയുമ്പോഴും എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
ഒന്നും മനസിലാകാതെ നോക്കി നിൽക്കുന്ന അവനോട് ഞാൻ ബാക്കി കൂടി പറഞ്ഞു തുടങ്ങി.
” മടി പാടില്ല. യോഗ ചെയ്തേ പറ്റു എന്ന് മാഷ് ടീച്ചറിനോട് പറഞ്ഞു. അപ്പോൾ പിന്നെ അടുത്ത ദിവസം മുതൽ രജിത ടീച്ചർ ക്ളാസിനു വരുമ്പോൾ കൂട്ടുകാരിയായ ഒരു ടീച്ചർ ഒപ്പമുണ്ടായിരുന്നു.”
”അതെന്തിനാ ?”
അവൻ ആകാംക്ഷയോടെ ചോദിച്ചു.
“ടീച്ചറിനു ക്ഷീണം കാരണം യോഗ ചെയ്യാൻ പറ്റാതിരിക്കുമ്പോൾ പകരം യോഗ ചെയ്യാൻ കൊണ്ടുവന്നതാണ് കുട്ടുകാരിയായ ടീച്ചറിനെ..”
അത് പറഞ്ഞപ്പോഴും ഞാൻ ചിരി നിർത്തിയിരുന്നില്ല.
അത് കേട്ട് അവനും ചിരിച്ചു.
”ശ്ശൊ ! യോഗ അവരവര് ചെയ്യേണ്ടതല്ലേ ” എന്ന് പറഞ്ഞു കൊണ്ട് അവൻ റോഡിലേക്ക് നടന്ന് പോയി.
“അടുത്തൊരു ദിവസമാകട്ടെ എന്തായാലും നോക്കാം കേട്ടോടാ ചെക്കാ”
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“താങ്ക്സ് ചേട്ടാ…” എന്ന് മറുപടി നൽകി സന്തോഷത്തോടെ അവൻ വീട്ടിലേക്കോടി.
അവൻ പോയപ്പോൾ എവിടെ നിന്ന് വല സംഘടിപ്പിക്കും എന്നതായിരുന്നു എന്റെ പ്രധാന ചിന്ത. എന്തായാലും ഒരു ആറാം ക്ളാസുകാരന്റെ ആഗ്രഹമല്ലേ സാധിച്ചു കൊടുക്കണം എന്ന തീരുമാനത്തോടെ ഞാൻ എഴുന്നേറ്റ് വീടിനുള്ളിലേക്ക് നടന്നു.
അപ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്. അതെടുത്ത് അറ്റൻഡ് ചെയ്തു.
ചാന്ദ്നിയായിരുന്നു.
“ഹലോ…”
എടാ നീയെവിടാ?
വീട്ടിലുണ്ട്. അല്ലറ ചില്ലറ കലാ കൊലപാതകങ്ങളൊക്കെ നടത്തുവായിരുന്നു..
എന്താടീ ?
” ആകെ ബോർ, എനിക്കാണെങ്കിൽ വരുന്ന ശനിയാഴ്ച ഒരു പരീക്ഷയുണ്ട്. പുസ്തകം തുറക്കാൻ തോന്നുന്നില്ല.
അലസത നിറഞ്ഞ ശബ്ദത്തിലാണവൾ പറഞ്ഞത്.
”ആഹാ! അത്രേയുള്ളോ! ഒരു കാര്യം പറയാം അതുപോലെ ചെയ്യ്.”
അതെന്ത് കാര്യം?
“അലസമായിരിക്കുമ്പോൾ
നിങ്ങളിൽ ‘റ’ എന്നൊരു അക്ഷരം കൂടി
മെല്ലെയങ്ങ് ചേർക്കുക
അപ്പോൾ നിങ്ങൾ “നിറങ്ങൾ” ആകും.
പിന്നെ ചിന്തകൾക്ക് ചായം കൊടുത്തങ്ങനെയിരിക്കാം.
സമയം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ
നിങ്ങളിൽ ആത്മഹർഷത്തിന്റെ “ശ്വാസം”
മെല്ലെ പടർന്നുകയറിത്തുടങ്ങും. കുളിർമ്മയോടെ അത് സഞ്ചരിച്ച്
മുഖത്ത് മന്ദസ്മിതം വിടർത്തി “നിശ്വാസങ്ങൾ” ആയി മാറും……!
ഞാൻ പറഞ്ഞു നിർത്തി.
” എന്നു വെച്ചാൽ?”
അവൾ മനസിലാവാത്ത പോലെ ചോദിച്ചു.
” എന്നു വെച്ചാൽ കുറച്ചു കാലം മുമ്പുവരെ നീ വരയ്ക്കാറുണ്ടായിരുന്നല്ലോ! വീട്ടിൽ ചായവും ബ്രഷും എല്ലാമുണ്ടല്ലോ.
അതെടുത്ത് രണ്ട് ചിത്രം വരയ്ക്ക്. ബോറിങ് എല്ലാം മാറും.”
“പിന്നെ ! തല ചൂടായിരിക്കുമ്പോഴാ അവൻ്റെയൊരു ഫിലോസഫി ”
അവൾ ഫോൺ കട്ട് ചെയ്തു..
ഘടികാര സൂചികൾ ക്രമത്തിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അപ്രതീക്ഷിതമായി മുറിയാതെ പെയ്ത മഴയൊഴിഞ്ഞ്
നിഴലും നിലാവും പുണർന്നുറങ്ങിയപ്പാേഴാണ് ചീവീടുകളുടെ സംഗീതവും കേട്ടു തുടങ്ങിയത്. അപ്പോൾ
കാൽവിരൽ മുതൽ മുടി വരെ പുതപ്പ് വലിച്ചിട്ട് കനവു തേടി നിദ്രയെ പുൽകി.
പുലരി വിരിയുമ്പോൾ കണ്ട കിനാവിൽ, നിർമ്മാല്യം കാണാൻ കൊതിച്ച്
അമ്പലമുറ്റത്ത് ചെമ്പകപ്പൂവ് പൊഴിയുമ്പോഴേക്കും
ദേശദേവതയുടെ ഉണർത്തുപാട്ടായ്
ശംഖനാദം മുഴങ്ങുന്നുണ്ടായിരുന്നു. അത് കേട്ട് കനവു മുറിഞ്ഞ് ഞാൻ നിദ്ര വിട്ടുണർന്നു.
എഴുന്നേൽക്കാൻ മടിച്ച് ജനാല തുറക്കുമ്പോഴേക്കും
മഴയുടെ ഇരമ്പൽ കേൾക്കുമ്പോലെ തോന്നി.
എന്നാൽ പിന്നെ പുതപ്പിനുള്ളിലേക്ക് തന്നെ
കയറിയാലോ എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ഇന്ന് മെയ്ദിനത്തിൻ്റെ അവധിയാണെന്നോർത്തത്. വേഗമെഴുന്നേറ്റ് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ജോലികളിൽ വ്യാപൃതനായി.
ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് കവലയിലൂടെ മൂളിപ്പാട്ടും പാടി ബൈക്കിൽ സഞ്ചരിക്കുമ്പോഴും വല വാങ്ങുന്നതിനെപ്പറ്റിയായിരുന്നു ചിന്ത. സ്കൂൾ ജംഗ്ഷനിലെത്തി ശാന്തമ്മച്ചേച്ചിയുടെ കടയിൽ നിന്നും ചൂടു കപ്പലണ്ടി വാങ്ങിക്കൊറിച്ച് ഒരു നാരങ്ങാവെള്ളവും കുടിച്ച് കുശലവും പറയുമ്പോഴും ലളിതമായി ഉപയോഗിക്കാനായി ഒരു വല കെട്ടി എടുക്കുന്നതായിരിക്കും നല്ലത് എന്ന് മനസ്സിൽ തോന്നി.
അതിന് പറ്റിയ ആളെ തിരക്കിയപ്പോഴാണ് പഴയ ചങ്ങാതിയായ നാരായണൻകുട്ടിയുടെ രൂപം ഉള്ളിലേക്ക് കടന്നുവന്നത്. അവനിപ്പോൾ മുരുകൻ കുന്നിലാണ് താമസമെന്നും തിരുമ്മലും ഉഴിച്ചിലും ഒക്കെ നടത്തിക്കൊടുക്കുകയാണ് പ്രധാന ജോലിയെന്നും അവസാനമായി കണ്ടപ്പോൾ പറഞ്ഞിരുന്നു. വയണപ്പൂങ്കാവിലെ പടയണി പൂരത്തിനാണ് അവനെ അവസാനമായി കണ്ടതെന്ന് ഇന്നും ഓർക്കുന്നു.
പഠനകാലത്ത് വെക്കേഷൻ കാലയളവിലെല്ലാം അവനോടൊപ്പം മീൻ പിടിക്കാൻ പോകുമായിരുന്നു. അവന്റെ കൈവശം ചെറിയ വലയും നിരവധി ചൂണ്ടകളും ഒക്കെ സ്റ്റോക്കുണ്ടായിരുന്നു. അന്ന് അവൻ തന്നെ നൂല് വാങ്ങി ആവശ്യാനുസരണം വല കെട്ടിയെടുക്കുകയായിരുന്നു ചെയ്തിരുന്നത്. അവനെ കണ്ടെത്തിയാൽ അത്യാവശ്യം ഉദ്ദേശിക്കുന്ന കാര്യം നടക്കുമെന്ന് ഒരു തോന്നൽ ഉള്ളിൽ മുളപൊട്ടി. അന്ന് കണ്ടപ്പോൾ ഫോൺ നമ്പർ വാങ്ങാതിരുന്നത് കഷ്ടമായല്ലോ എന്നോർത്ത് ഞാൻ വണ്ടി വീണ്ടും മുന്നോട്ട് എടുത്തു.
പത്തു അറുപത്താറ് കിലോമീറ്റർ സഞ്ചരിച്ചാലേ മുരുകൻ കുന്നിലെത്തുകയുള്ളൂ.
“എന്തായാലും പയ്യന്റെ ആഗ്രഹമല്ലേ പോവുക തന്നെ ” എന്ന തീരുമാനത്തിൽ മുരുകൻകുന്നിലേക്ക് തിരിച്ചു.
ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോഴേക്കും കാലം തെറ്റിയ മഴ ഇരച്ചെത്തി. വേഗം അടുത്തു കണ്ട അടഞ്ഞുകിടന്ന കടയുടെ മുന്നിൽ ബൈക്ക് വെച്ച് നനയാതിരിക്കാൻ കടയുടെ വരാന്തയിലക്ക് കയറി നിന്നു. തിമിർത്തു പെയ്യുന്ന മഴയിൽ’ പ്രകൃതി നനഞ്ഞു നിൽക്കുമ്പോൾ മഴക്ക് കൂട്ടായി ഇടിയും മിന്നലുമൊക്കെ വന്നു തുടങ്ങി. അപ്പോൾ വിഷാദം നിറഞ്ഞ മുഖവുമായി ഒരു യുവതി കുടയും പിടിച്ചു കൊണ്ട് ആ വഴി നടന്നു വരുന്നുണ്ടായിരുന്നു.
അവൾ കുടയ്ക്ക് വെളിയിലേക്ക് കൈ നീട്ടി മഴയുടെ കുളിർമ്മ ഏറ്റുവാങ്ങുമ്പോൾ വീശിയടിച്ച കാറ്റ് അവളുടെ കയ്യിലിരുന്ന കുടയെ റോഡിലേക്ക് പറത്തി വിട്ടു.
അതെടുക്കാൻ ഓടുന്നതിനു പകരം അവൾ കടയുടെ അങ്ങേ മൂലയ്ക്കോട്ട് കയറി നിന്നു. വെളുത്തു കൊലുന്നനെയുള്ള ആ യുവതിയെ ഞാൻ ഒന്നു ശ്രദ്ധിച്ചു നോക്കി.
നീളമുള്ള മുടിയിഴകളും നീണ്ട കണ്ണുകളുമുള്ള അവളിൽ ഒരു വിഷാദ ഭാവം നിഴലിച്ചിരുന്നു. കാറ്റിലാടുന്ന അവളുടെ വലിയ കമ്മലിന് വല്ലാത്ത ഭംഗി തോന്നി. അവളുടെ മുടിയിഴകൾക്കിടയിൽ തുളസിക്കതിർ തിരുകി വെച്ചിട്ടുണ്ടായിരുന്നു.
തൂവാനമടിക്കുകയും
അൽപ്പം കൂടി അടുത്തേക്ക് നീങ്ങി നിൽക്കുകയും ചെയ്തപ്പോൾ മുഖം തുടച്ചു നിന്ന അവളുടെ കണ്ണുകളിൽ ഈറനണിഞ്ഞിരിക്കുന്നതായി തോന്നി.
എന്തു പറ്റിയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും എനിക്കതിന് സാധിച്ചില്ല. പൊതുവേ പരിചയമില്ലാത്ത പെൺകുട്ടികളോട് സംസാരിക്കാൻ അപകർഷതാബോധം എന്നെ അനുവദിച്ചിരുന്നില്ല.
തുള്ളിക്കൊരു കുടമായി പെയ്തു നിറഞ്ഞ മഴയിലൂടെ ഇരുവശത്തേക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് വേഗത്തിൽ പോകുന്ന വാഹനങ്ങളും നോക്കി നിൽക്കുമ്പോഴും ആ പെൺകുട്ടി വിദൂരതയിലേക്ക് മിഴി പായിച്ച് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
മഴ ഓർമ്മിപ്പിച്ചതെന്തെങ്കിലും അവളുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാവുമോ?
ജീവിതം എന്നും ഇങ്ങനെ എങ്ങുമെത്താത്ത നേർരേഖ പോലെ സഞ്ചരിക്കുമ്പോൾ ഇരു വശവുമിതുപോലെ പല കാഴ്ചകളും കണ്ടേക്കാം എന്നു ചിന്തിച്ചു നിൽക്കുമ്പോൾ മഴ തോർന്നു, സീറ്റിലെ വെള്ളത്തുള്ളികൾ തുടച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങുമ്പോഴും ആ യുവതി അവിടെത്തന്നെ നിൽക്കുകയായിരുന്നു. അവളുടെ കുട അൽപ്പമകലെയുള്ള വേലിച്ചെടിപ്പടർപ്പിൽ തങ്ങിയിരിപ്പുണ്ടായിരുന്നു.
കുറേ ദൂരം പിന്നിട്ടപ്പോൾ അവിടെയെങ്ങും മഴ പെയ്തിട്ടേയില്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.മഴ പോലും ഏരിയ തിരിച്ചു പെയ്യുന്ന രീതിയിലായി എന്നു മനസിൽ പറഞ്ഞ് യാത്ര തുടർന്നു.
” കുക്കുടു മന്ത്രം കുടുകുടു മന്ത്രം
കണ്ണൻചിരട്ടയിൽ അടച്ചിട്ട മന്ത്രം
ആ മന്ത്രം.. ഈ മന്ത്രം…”
എന്ന മൂളിപ്പാട്ടോടെ കുറേ ദൂരം മുന്നോട്ടു സഞ്ചരിച്ചു.
മൈൽ കുറ്റിയിൽ മുരുകൻ കുന്ന് എന്നെഴുതി വെച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ബൈക്ക് സ്റ്റാൻഡിൽ വച്ച് അടുത്തുള്ള മുറുക്കാൻ കടയിലേക്ക് കയറി.
ഒരു പഴം ഇരിഞ്ഞു തിന്നുകൊണ്ട് നാരായണൻകുട്ടിയുടെ വീടിനെപ്പറ്റി അന്വേഷിച്ചു. അയാൾക്ക് ആദ്യം മനസ്സിലായില്ലെങ്കിലും ഉഴിച്ചിൽ പിഴിച്ചിൽ എന്നൊക്കെ കേട്ടപ്പോൾ ഒരു കിലോമീറ്റർ അപ്പുറത്ത് ഒരു പൊളിഞ്ഞ വെയിറ്റിംഗ് ഷെഡ് ഉണ്ടെന്നും അതിനടുത്തുകാണുന്ന മുരുകക്ഷേത്രത്തിനു മുന്നിലുള്ള മൺപാതയിലൂടെ മൂന്ന് നാല് കിലോമീറ്റർ പോകണമെന്നും കടക്കാരൻ പറഞ്ഞു. പൈസയും കൊടുത്ത് അയാൾ പറഞ്ഞ വഴിയിലൂടെ വീണ്ടും മുന്നോട്ടു യാത്ര തുടർന്നു..
ഇരുവശത്തും റബർ തോട്ടങ്ങൾക്കു നടുവിൽ കഷ്ടിച്ച് ഒരു ഓട്ടോ പോകുന്ന വഴിയേ ഉണ്ടായിരുന്നുള്ളു. അവിടെയെങ്ങും ഒരു വീട് പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു ചെറിയ ഓടിട്ട വീട് കണ്ട് വണ്ടി നിർത്തി.ഒരു ഹോൺ അടിച്ചപ്പോഴേക്കും അകത്തുനിന്നും ഒരു മധ്യവയസ്ക്കൻ ഇറങ്ങിവന്നു.. കയ്യിലിരുന്ന പൂച്ചക്കുഞ്ഞിനെ തഴുകിക്കൊണ്ട് ആരാണെന്ന ഭാവത്തിൽ . എന്നെ നോക്കി പുരികം ഉയർത്തി നിന്നു.
” നാരായണൻകുട്ടിയുടെ വീട് ഏതാ ??”
എന്റെ ചോദ്യം കേട്ട് അയാൾ ഒന്നുകൂടി റോഡിന് അരികിലേക്ക് ഇറങ്ങിവന്നു.
“ആരാ ? എവിടെ നിന്ന് വരുന്നു ?”
അയാൾ സംശയരൂപേണ ചോദിച്ചു.
“പഴയ ചങ്ങാതിയാ കണ്ടിട്ടൊരു ആവശ്യമുണ്ടായിരുന്നു ”
ഞാൻ മെല്ലെ പറഞ്ഞു.
” ആ കാണുന്നതാ വീട്!” റോഡിന്റെ എതിർവശത്ത് അല്പം താഴ്ന്ന ഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി.
ഈ ഓണം കേറാമൂലയിൽ ഒക്കെ എങ്ങനെ ഇവൻ താമസിക്കുന്നു എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി.
ബൈക്ക് സ്റ്റാൻ്റിൽ വച്ച് അങ്ങോട്ടിറങ്ങി നടന്നു. വീടിന്റെ മുറ്റത്തെത്തിയപ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങൾ ഉണക്കാൻ വിരിച്ചിട്ടിരിക്കുന്നത് കണ്ടു. വീടിന്റെ വാതിലിൽ തട്ടിവിളിച്ചുവെങ്കിലും ആരും ഇറങ്ങിവന്നില്ല. അവിടെ നിന്നും അൻപത് മീറ്റർ മാറി ചെറിയൊരു വീടു കൂടി കണ്ടു. അതും പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി.
“ഇവൻ വിവാഹം കഴിച്ചിട്ടില്ല ! ഒറ്റയ്ക്കാണ് താമസം എന്നൊക്കെ പറഞ്ഞിട്ട് ഈ വസ്ത്രങ്ങളൊക്കെ ആരുടേതാവും? ഈ സംശയവുമായി തിരിച്ച് ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.
തിരിച്ചു ചെല്ലുമ്പോൾ മധ്യവയസ്കൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
” അവിടെ ആരുമില്ല.വീടു പൂട്ടിയിട്ടിരിക്കുകയാണ്. ഫോൺ നമ്പർ വല്ലതുമുണ്ടോ ?”
“ഇല്ല ” ‘
“എന്റെ നമ്പർ തരാം, വരുമ്പോൾ കൊടുത്തിട്ട് ഒന്നു വിളിക്കാൻ പറയാമോ ? ”
“അതും പറ്റില്ല ”
അയാൾ പറഞ്ഞു.
“അതെന്താ ചേട്ടാ ഞാൻ വളരെ ദൂരെ നിന്നും വരുന്നതല്ലേ. ഒരു സഹായം ചെയ്യരുതോ ?
“അതല്ല ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. നാലുമാസം മുമ്പ് ഒരു വലിയ വഴക്കുണ്ടായിരുന്നുേ’ ”
അയാൾ ആ വീട്ടിലേക്ക് നോക്കിയാണത് പറഞ്ഞത്.
“ആകെ ഈ ഭാഗത്ത് മൂന്ന് വീടുകൾ മാത്രമല്ലേ ഉള്ളൂ പിന്നെന്തിനാ വഴക്ക്? ഞാൻ സംശയത്തോടെ തിരക്കി.
” ഒരു മുപ്പതിടത്തെങ്കിലും പെണ്ണുകാണാൻ പോയിട്ടുണ്ടെങ്കിലും ഒന്നും ഒത്തു വന്നില്ല എന്ന പരിഭവം എപ്പോഴും അവനിൽ ഉണ്ടായിരുന്നു. കൂടാതെ തനിച്ചല്ലേ താമസം! മറ്റു ബന്ധുക്കളുമായൊന്നും യാതൊരു അടുപ്പവുമില്ലായിരുന്നു.”
അയാൾ പറയുന്നത് കേട്ട് ഞാൻ ശ്രദ്ധയോടെ നിൽക്കുമ്പോൾ അയാളുടെ വീടിനടുത്തുള്ള പറമ്പിൽ റബ്ബറിന്റെ ഉണങ്ങിയ ഒരു ശിഖരം ഒടിഞ്ഞുവീണു.
എന്റെ ശ്രദ്ധ മാറാതിരിക്കാൻ അയാൾ ബാക്കി കൂടി പറയാൻ ആരംഭിച്ചു.
” അങ്ങനെയിരിക്കെ ഒരു കല്യാണം ഏകദേശം ശരിയായി.പെണ്ണിന്റെ അച്ഛനും സഹോദരനും കൂടി മുൻകൂട്ടി പറയാതെ വീട് കാണാൻ എത്തി. അവർ വന്നപ്പോഴാകട്ടെ, നാരായണൻകുട്ടിയുടെ വീടിനു മുൻവശത്താകെ സ്ത്രീകളുടെ വസ്ത്രങ്ങൾ വിരിച്ചിട്ടിക്കുന്നു. അവർക്ക് അത് കണ്ട് സംശയമായി. ”
അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കയ്യിലിരുന്ന പൂച്ച താഴേക്ക് ചാടി ഓടിപ്പോയി.
അത് ശ്രദ്ധിക്കാതെ അയാൾ തുടർന്നു.
” തനിച്ചാണ് ബന്ധുക്കൾ ആരുമില്ല എന്ന് പറഞ്ഞിട്ട് പിന്നെ ആ വസ്ത്രങ്ങൾ ആരുടേതാണെന്ന ചിന്ത അവരിൽ പുകയവേ വീടിനു മുന്നിലേക്ക് നടന്നു വന്ന തുണിയുടെ ഉടമയായ സ്ത്രീ അപരിചിതരായ ആഗതരെ കണ്ടു ഞെട്ടി പുറകിലേക്ക് ഓടി. അപ്പോൾ ഇതെന്തോ ചുറ്റിക്കളി ആണെന്ന് വിചാരിച്ചു ”
അയാൾ ഒന്നു നിശ്വസിച്ചു.
“എന്നിട്ട് ?”
”അവർ തിരിച്ചുപോയി കല്യാണവും മുടങ്ങി. ”
അത്രയും കേട്ടപ്പോഴാണ് തന്റെ സംശയവും അയാളോട് ചോദിച്ചിക്കാമെന്ന് തോന്നിയത്.
” ഇപ്പോഴും വസ്ത്രങ്ങൾ അവിടെ വിരിച്ചിട്ടുണ്ടല്ലോ, അത് ആരുടേതാണ്?”
”അടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീയുടേതാണ്. റബറിൻ്റെ കറയെടുത്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനവുമായി ജീവിക്കുന്നു. ഒരു മകനും അവളും മാത്രമാണ് അവിടെ താമസം”
അയാൾ പറഞ്ഞു നിർത്തി.
” അവരെന്തിനാണ് അവരുടെ വസ്ത്രങ്ങൾ നാരായണൻകുട്ടിയുടെ വീടിന്റെ മുൻവശത്ത് കൊണ്ടിടുന്നത്? ”
ഞാൻ തിരക്കി.
”അവരുടെ വീടിന് ചുറ്റും മരങ്ങൾ തിങ്ങി നിൽക്കുന്നതു കൊണ്ട് അവിടെ വെയിൽ ഇല്ലാത്തതിനാലാണ് നാരായണൻകുട്ടിയുടെ മുറ്റത്ത് തുണി വിരിക്കുന്നത്. അവൻ ജോലിക്ക് പോയതിനുശേഷമേ വിരിക്കാറുള്ളൂ.തിരിച്ചെത്തും മുമ്പ് എടുത്തുകൊണ്ടു പോവുകയും ചെയ്യും. അതിനാൽ അവനിതറിയാറുമില്ല.”
അയാൾ പറഞ്ഞു നിർത്തി.
” കൊള്ളാം ! എന്നാൽ അത് ആ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കിയാൽ പോരായിരുന്നോ?
എന്റെ സംശയം അയാളിൽ കൗതുകം ഉണർത്തി.
” മുടങ്ങി മൂന്നുനാലു മാസം കഴിഞ്ഞല്ലേ കാരണം എന്തെന്ന് അറിയുന്നത്. ബ്രോക്കർ പിന്നീട് ഇതുവഴി വന്നപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലായത്.”
എന്നിട്ട്..?
” അവരെ പറഞ്ഞു മനസ്സിലാക്കാൻ പോകും മുമ്പ് തന്നെ അവളുടെ വിവാഹം വേറെ നടന്നിരുന്നു.”
” കഷ്ടമായിപ്പോയി ”
” ഇപ്പോഴും അവന്റെ വിചാരം ഞാൻ എന്തോ ഏഷണി പറഞ്ഞ് വിവാഹം മുടക്കിയെന്നാണ്. ”
അയാൾ ഒന്ന് ദീർഘമായി നിശ്വസിച്ചു.
” എന്തായാലും ഞാൻതിരിച്ചു പോവുകയാണ്. അവൻ വരും വരെ നിൽക്കാൻ വയ്യ ഇനി എന്നെങ്കിലും അവധി ദിവസം വന്നു കാണാം ”
മുന്നോട്ട് നടന്നപ്പോഴാണ് ഒരു ബുദ്ധി തോന്നിയത്.കടയിലേക്ക് തിരിച്ചു കയറി ഒരു കഷണം പേപ്പർ വാങ്ങി ”അത്യാവശ്യമായി ഒന്നു വിളിക്കുക ” എന്ന് എഴുതിയിട്ട് അതിൻ്റെ താഴെ എൻ്റെ പേരും ഫോൺ നമ്പരും കൂടി എഴുതി.അതിനു ശേഷം അതുമായി നാരായണൻകുട്ടിയുടെ വീട്ടിലേക്ക് നടന്നു.
അവിടെയെത്തിയപ്പാേൾ എഴുതിയ പേപ്പർ കഷണം വാതിലിൻ്റെ ഹാൻഡിലിൻ്റെ ഇടയിലേക്ക് ചേർത്തു വെച്ചു.
തിരിച്ചു നടന്ന് സംസാരിച്ചു നിന്നിരുന്ന ആളാേട് യാത്ര പറഞ്ഞ് ബൈക്കിൽ കയറുമ്പോഴും നാരായണൻകുട്ടിയുടെ മുറ്റത്ത് അയയിൽ വിരിച്ചിരിക്കുന്ന തുണി കാറ്റിൽ ഉലയുന്നുണ്ടായിരുന്നു..
കല്യാണം മുടങ്ങുന്ന ഓരോ വഴിയെപ്പറ്റി ആലോചിച്ചപ്പോൾ കൗതുകം തോന്നി. എന്തായാലും തൽക്കാലം വലയുടെ കാര്യം സ്വാഹ എന്ന് ചിന്തിച്ച് ബൈക്കിൽ മുന്നോട്ട് നീങ്ങി.
വീടെത്തുമ്പോൾ എന്നെയും കാത്ത് ഒരു പാർസൽ ബോക്സ് ടേബിളിലിരിപ്പുണ്ടായിരുന്നു. ഞാനത് സാവധാനത്തിൽ പായ്ക്ക് പൊളിച്ച് തുറന്നു നോക്കി. അതിൽ ലാമിനേറ്റ് ചെയ്ത മനോഹരമായ ഒരു ചിത്രമുണ്ടായിരുന്നു. മഴയിൽ നടന്നുവരുന്ന ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. ആ പെൺകുട്ടിയുടെ മുഖത്തിന് യാത്രക്കിടയിൽ കണ്ട പെൺകുട്ടിയുടെ മുഖഛായ ആയിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
ആ ചിത്രമെടുത്ത് ഷോകേസിൽ വെച്ചിട്ട്
അതിനൊപ്പം മടക്കി വെച്ചിരുന്ന വെള്ളപ്പേപ്പർ തുറന്ന് അതിലെ പർപ്പിൾ നിറത്തിലുള്ള അക്ഷരങ്ങളിലൂടെ കൗതുകത്തോടെ മിഴികൾ പായിച്ചു.
” കഥാകാരന്,
നീ പറഞ്ഞപ്പോൾ ആദ്യം ദേഷ്യം വന്നുവെങ്കിലും പിന്നീട് ഞാൻ ദേഷ്യമൊക്കെ മാറ്റിവെച്ച് ചിത്രങ്ങൾ വരച്ചു തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും വരച്ചു തുടങ്ങിയത്. ആദ്യം വരച്ച ചിത്രം നിനക്ക് തന്നെ സമ്മാനമായി ഇരിക്കട്ടെ എന്ന് കരുതി.
സ്നേഹപൂർവ്വം
ചാന്ദ്നി ”
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു
Leave a Reply