‘ഞാനെന്റെ മകളെ ഇതുവരെ കണ്ടിട്ടില്ല. ഒരിക്കല്‍പോലും കൈപിടിച്ചിട്ടില്ല, ഉമ്മവെച്ചിട്ടില്ല. ആകെ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും മാത്രമാണ് ഞാൻ അവളെ കണ്ടിട്ടുള്ളത്’ – ട്രംപിന്റെ യാത്രാ വിലക്കിന്റെ ഇരയായ യമനീ അമേരിക്കക്കാരനായ ഇസ്മായിൽ അൽഗസാലിയുടെ വാക്കുകളാണിത്. ചൊവ്വാഴ്ച അമേരിക്കൻ കോൺഗ്രസ് പാനലിനു മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാ വിലക്കുകാരണം തന്റെ ഭാര്യയേയും മക്കളേയും യുഎസിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
2000-ത്തിലാണ് അൽഗസാലി യുഎസില്‍ എത്തുന്നത്. ന്യൂയോർക്ക് നഗരത്തിലെ ചെറിയൊരു പലചരക്ക് കടയില്‍ ജോലിചെയ്ത് ഉപജീവനം നടത്തുന്നു. തന്റെ ഭാര്യക്ക് നിരോധനത്തില്‍നിന്നും ഇളവുലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കോൺസുലർ ഓഫീസറുമായുള്ള അഞ്ച് മിനിറ്റ് കൂടിക്കാഴ്ചയിൽതന്നെ ആ വാദം തഴയപ്പെട്ടു. അവര്‍ക്ക് വീണ്ടും വിസ നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബമിപ്പോള്‍ ആഭ്യന്തരയുദ്ധം താറുമാറാക്കിയ യമനില്‍ കുടുങ്ങിക്കിടക്കുകയാണ്.
നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആദ്യമായി അമേരിക്കൻ ജനപ്രതിനിധിസഭയിൽ അന്വേഷണം നടക്കുകയാണ്. അതില്‍ പങ്കെടുക്കാനും പരാതികള്‍ പറയാനും അമേരിക്കയിലെ മുസ്ലിങ്ങള്‍ക്കും ആദ്യമായി അവസരം ലഭിച്ചു. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ, ഉത്തര കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും വെനിസ്വേലയിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും നിലവിൽ നിരോധനം ബാധകമാണ്.
യുഎസിലെ നിയമപരമായ സ്ഥിര താമസക്കാരനായ അബ്ദുല്ല ഡെഹ്സാംഗി എന്ന ഇറാനിയൻ തന്റെ ഭാര്യക്ക് വിസ അനുവദിച്ചുകിട്ടാന്‍ മൂന്നു വര്‍ഷത്തോളമാണ് കാത്തുനിന്നത്. എന്നിട്ടും പ്രയോജനമുണ്ടായില്ല. അതും ഡോക്ടറേറ്റ് ബിരുദം നേടിയ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ ബയോ ഇൻഫോർമാറ്റിക്‌സിൽ ഗവേഷണം നടത്താൻ അവസരം ലഭിച്ച ആളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അദ്ദേഹവും ഭാര്യയും 10 വര്‍ഷംമുന്‍പ് ഇറാനില്‍നിന്നും വന്നതാണ്. പിന്നീട് തിരിച്ചുപോയിട്ടില്ല. ‘മുസ്ലീം നിരോധനം പ്രഖ്യാപിച്ചതോടെ ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം തകർന്നു’ എന്ന് ഡെഹ്സാംഗി പറയുന്നു. ഇപ്പോള്‍ അവര്‍ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.
ട്രംപിന്റെ വംശീയമായ ഈ നയം മാറ്റിമറിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനു ശ്രമിക്കുകയാണ് ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ. ഏപ്രിലിൽ പ്രതിനിധി ജൂഡി ചു സഭയില്‍ അവതരിപ്പിച്ച ‘നോ ബാൻ ആക്ട്’ ബില്ലിനെ 170 അംഗങ്ങള്‍ പിന്തുണച്ചിരുന്നു. യുഎസിലേക്കുള്ള വിദേശികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുക എന്നതാണ് പ്രധാനമായും ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതേസമയം, കോൺഗ്രസ് പാനലിനു മുന്നിൽ ഹാജരായ ട്രംപ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നയത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു. യാത്രാ നിരോധനത്തിലൂടെ മുസ്‌ലിം അമേരിക്കക്കാരോടും അവരുടെ കുടുംബങ്ങളോടും നിരന്തരമായി വിവേചനപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് തെളിവുകള്‍ നിരത്തിയാണ് പാനല്‍ ഉദ്യോഗസ്ഥരേ നേരിട്ടത്. ദേശീയ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ ട്രംപിന്റെ സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ളവര്‍ തന്നെ വിമര്‍ശിച്ചിരുന്നു.
Leave a Reply