എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള തർക്കം മുന്നണിക്ക് പുറത്തേക്കും വ്യാപിക്കുന്നു. മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ് ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലൂടെയാണ് സിപിഐയെ പരോക്ഷമായി യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കമായത്. സിപിഐയുടെ പഴയ രാഷ്ട്രീയ പാരമ്പര്യവും ലീഗ്-കോൺഗ്രസ് സഖ്യകാലത്തെ അനുഭവങ്ങളും പരാമർശിച്ച ലേഖനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.
മജീദിന്റെ ലേഖനത്തെ പിന്തുണയ്ക്കുന്ന തരത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. “ചരിത്രത്തിൽ അസാധ്യമായി എന്താണുള്ളത്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെ സിപിഐ-യുഡിഎഫ് ബന്ധസാധ്യതകളെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്കും വീണ്ടും ചൂടുപിടിച്ചു.
അതേസമയം, വിവാദത്തിൽ പരസ്യ പ്രതികരണങ്ങൾ പരമാവധി ഒഴിവാക്കാനാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. മറുവശത്ത്, സിപിഎം നേതാവ് സി.എൻ. മോഹനൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെ സിപിഐയുടെ നിലപാടിനെ വിമർശിക്കുകയും പിണറായി വിജയനെ പിന്തുണയ്ക്കുകയും ചെയ്തു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് സിപിഐ വ്യക്തമാക്കുമ്പോഴും, ഉപനേതൃ പദവി വിവാദം ഇടതു മുന്നണിക്ക് പുറത്തേക്കും രാഷ്ട്രീയ ചർച്ചയായി വ്യാപിച്ചിരിക്കുകയാണ്.











Leave a Reply