ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളിൽ പല സമയങ്ങളിലായി തീ പടർന്നു പിടിച്ചത് നാട്ടിൽ പരിഭ്രാന്തി പരത്തി. റാക്കാട് നന്തോട്ട് കൈമറ്റത്തിൽ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളിൽ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണക്കുമ്പോൾ മറ്റൊരു ഭാഗത്ത് തീപിടിക്കും. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം പൊലീസിനും അഗ്നിശമന സേനയ്ക്കും തിരിച്ചറിയാനായിട്ടില്ല. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാർ വീട്ടിൽ തടിച്ചു കൂടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടിൽ ആദ്യം തീപടരുന്നതു ശ്രദ്ധയിൽപെട്ടത്. അലമാരയുടെ മുകളിലാണ് തീ ആദ്യം കണ്ടത്.

ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാർ കിടന്നുറങ്ങി. എന്നാൽ ഇന്നു രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയിൽ തീപടർന്നു. കട്ടിലിൽ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകൾക്കകം മറ്റൊരു മുറിയിൽ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടർന്നു. ഇതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുൻപും തീ പടർന്നു.

വീട്ടുകാരെ വീട്ടിൽ നിന്നൊഴിവാക്കി പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് അഗ്നിശമന സേനയും ഉറപ്പാക്കി. ‌‌പിന്നീട് പൊലീസും അഗ്നിശമന സേനാംഗങ്ങളും വീട്ടിൽ ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നിൽക്കുന്നതിനിടെ വീട്ടിലെ മുറിയിൽ തുണി നിറച്ച ബക്കറ്റിൽ വീണ്ടും തീ പടർന്നു. 9 തവണ വീട്ടിൽ പലയിടങ്ങളിലായി തീപടർന്നു. ചെറിയ തോതിലാണ് തീ പടരുന്നത്. അതിനാൽ വലിയ നാശനഷ്ടം വീട്ടിൽ ഉണ്ടായിട്ടില്ല

ജോലിയുമായി ബന്ധപ്പെട്ട് കാസർകോട് താമസിച്ചിരുന്ന മകൻ മിതേഷും കുടുംബവും അമ്മിണിയെ കാണാൻ ബുധനാഴ്ച വീട്ടിലെത്തിയിരുന്നു. ഇവർ കൂടി വീട്ടിൽ ഉള്ളപ്പോഴാണ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തീപിടിച്ചത്. പൊലീസ് മിതേഷിനോടും അമ്മിണിയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും അഗ്നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകൾ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണു തീരുമാനമെന്നും പൊലീസ് പറഞ്ഞു.