പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഇന്നു രാത്രി 11.45ന് കൊച്ചിയില്‍ എത്തുന്ന മോദി നാളെ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം പൊതുസമ്മേളനത്തിലും പങ്കെടുക്കും.

രാത്രി 11.45ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങുക. കൊച്ചിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും. നാളെ രാവിലെ 8.55ന് ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങി കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങും. 10.10ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. താമര പൂവുകള്‍ കൊണ്ട് തുലാഭാരം വഴിപാട് നടത്തും.

ക്ഷേത്രദര്‍ശനത്തിനു ശേഷം പതിനൊന്നു മണിക്കാണ് പൊതുസമ്മേളനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് പരിപാടി. അഭിനന്ദന്‍ സഭയെന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്ന ബി.ജെ.പിയാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ച മോദിയെ അഭിനന്ദിക്കാനാണ് ഈ സമ്മേളനം.

12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയർപോർട് ലോഞ്ചിൽ വിശ്രമിക്കും. അതിന് ശേഷം ഡല്‍ഹിയ്ക്കു മടങ്ങും. രണ്ടാമതായി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.