ജോസ്‌ന സാബു സെബാസ്റ്റ്യൻ
എന്തുകൊണ്ടാണ് ചിലർക്ക് ടോക്സിക്കായ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും ഇറങ്ങി വരാൻപറ്റാത്തത് ?
ദുരുപയോഗവും വിഷലിപ്തവുമായ ബന്ധങ്ങളിൽ കുടുങ്ങി കിടക്കുന്നത്രയും ശ്വാസം മുട്ടിക്കുന്ന വേറൊന്നില്ല . എന്നിരുന്നാലും ചുരുക്കം ചിലർ അവരുടെ ചങ്ങല ഇടയ്ക്കിടെ മുറുക്കുകയും അയക്കുകയും ചെയ്തിങ്ങനെ ജീവിക്കുന്നു .
ഒരാൾ ഒരു മോശം ബന്ധത്തിൽ തുടരുന്നതിന് അടിസ്ഥാനപരമായ നിരവധി കാരണങ്ങളുണ്ട്-എങ്കിലും വിഷം നിറഞ്ഞ ബന്ധങളിൽ ചിലരെങ്കിലും ഇപ്പോഴും കെട്ടിപിടിച്ചുറങ്ങുന്നതിന്റെ കാരണങ്ങളിൽ ഒന്ന് , അവർക്ക് ആ ബന്ധം വളരെ അഡിക്റ്റീവ് ആയി മാറിയിരിക്കുന്നു എന്നുള്ളതാണ് . പുകവലി ആരോഗ്യത്തിന് ഹാനികരം എന്നറിയാമെങ്കിലും ഒരു പുകയെടുക്കാൻ നെട്ടോട്ടമോടുന്നത് പോലെ …
അതെ ചിലരിൽ ബന്ധങ്ങൾ വളരെ വിഷം നിറഞ്ഞതാണെങ്കിലും അവ അവരിൽ ആസക്തിയുളവാക്കുന്നു…
ഇങ്ങനെയുള്ള അക്രമാസക്തമായ ബന്ധങ്ങളിൽ ദുരുപയോഗം നടത്തുന്ന ആൾ ഇരയെ മാനസികമായി കുത്തി മുറിവേൽപ്പിക്കുകയും, മുറിവേറ്റ് രക്തം ഇഞ്ചിഞ്ചായി ഊറി ഒലിക്കുന്നത് കണ്ടാസ്വദിക്കുകയും ചെയ്തതിന് ശേഷം തോളിൽ തട്ടി ” ഓ അത് പോട്ടെ അതപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ ? എനിക്ക് നീയല്ലാതെ ആരാണുള്ളത് ” എന്നിങ്ങനെയുള്ള കപടവാക്കുകൾ ഇടയ്ക്കിടെ ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവിനെ കെട്ടിവെച്ചുണക്കാൻ വിടുകയും തുടർന്ന് കുറച്ചു നാളുകൾക്ക് ശേഷം പിന്നീടും അതെ മുറിവുതന്നെ ദുരുപയോഗം ചെയ്യുന്നയാൾ ഞ്ഞുള്ളി പൊളിക്കുകയും ഊതി ഉണക്കുകയും ചെയ്ത് ഇരയിൽ ഒരു കൺഫ്യൂഷൻ സൃഷ്ടിക്കുകയും ചെയ്യുന്നു .
അങ്ങനെ നല്ലതും ചീത്തയുമായ വശങ്ങളിലൂടെ ഇരയെ ആശയക്കുഴപ്പത്തിലാക്കി നല്ല നിമിഷങ്ങൾ എങ്ങനെ നിലനിർത്താമെന്ന് മാത്രം ഓർത്തു ഇര പിന്നെയും കൂടുതൽ കൂടുതൽ ആഗ്രഹിച്ചു ആ ബന്ധം നിലനിർത്തിക്കൊണ്ടു പോകുന്നു .
പിന്നീട് ഏതെങ്കിലുമൊരു അവസരത്തിൽ അവൾ ആ ബന്ധത്തിൽ ക്ഷീണിതയായി, വിട്ടിട്ട് പോകാൻ ആഗ്രഹിക്കുമ്പോഴെല്ലാം, പെട്ടെന്നുള്ള വലിയ വാത്സല്യത്തിന്റെ പ്രകടനത്തിൽ അവൻ അവളെ അന്ധയാക്കുന്നു . അവൾ വാത്സല്യത്തിന്റെ പട്ടിണിയിലായതിനാൽ, ഇനി എല്ലാം ശരിയായി എന്ന് ചിന്തിച്ചു അവിടെ തന്നെ തുടരുകയും,പിന്നീടും ഇതേ സൈക്കിൾ തുടരുകയും ചെയ്യുന്നു .
അതുകൊണ്ടാണ് ഇടയ്ക്കിടെയുള്ള ഈ കൃത്രിമത്വത്തിന്റെ ബലപ്പെടുത്തൽ ഏറ്റവും വഞ്ചനാപരമായ രൂപമാകുന്നത്, കാരണം ഇത് മാനിപ്പുലേറ്ററിന് ഇരയുടെ മേൽ സമ്പൂർണ്ണ നിയന്ത്രണം നൽകുന്നു. കാരണം ഇര അധിക്ഷേപിക്കുന്നയാളോട് ഉടൻ തന്നെ ക്ഷമിക്കുകയും അയാളുടെ നിയന്ത്രണത്തിലേക്ക് പിന്നെയും എളുപ്പത്തിൽ കൊണ്ടുവരുകയും ചെയ്യുന്നു. ഈ രീതിയിൽ, അനന്തമായ ഒരു ലൂപ്പ് പോലെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു.
ഈ ഒരു ചെയിൻ തകർക്കാൻ ആകെയുള്ളൊരു മാർഗ്ഗം ഒന്നുകിൽ ദുരുപയോഗം ചെയ്യുന്നയാൾ അയാളുടെ സ്വഭാവത്തിൽ മാറണം (ഇത് അത്ര എളുപ്പമല്ല ) ഇനി അതുമല്ലെങ്കിൽ ഇര ഒടുവിൽ ഈ വിഷലിപ്തമായ പിടിയിൽ നിന്ന് സ്വയം മോചനം നേടണം.
ഇനി കുറച്ചുപേരുണ്ട് കുട്ടികൾക്ക് വേണ്ടി എല്ലാം സഹിച്ചു ക്ഷമിച്ചു താമസിക്കുന്നവർ . ഇങ്ങനെയുള്ളവർ ഒന്ന് മനസിലാക്കുക , നിങ്ങൾ നിങ്ങളുടെ കുട്ടികളെ വേദനയും ദുരുപയോഗവും സഹിക്കുന്നതാണ് സ്നേഹമെന്ന് കാണിച്ചു കൊടുക്കുന്നതിലൂടെ സ്നേഹം എന്നതിന്റെ തെറ്റായ വശങ്ങളാണ് കുടുംബ വഴക്കിലൂടെ കാണിച്ചു കൊടുക്കുന്നത് .
ഇനി ദുരുപയോഗത്തിന്റെ ഏറ്റവും മോശമായ പ്രകടനങ്ങളിലൊന്നാണ് “ഇരയെ കുറ്റപ്പെടുത്തുക” . ദുരുപയോഗം ചെയ്യുന്നയാൾ അവരുടെ മോശം പെരുമാറ്റത്തിന് പൂർണ്ണ ഉത്തരവാദി യഥാർത്ഥത്തിൽ ഇരയാണെന്ന് ബോധ്യപ്പെടുത്തി, കുറ്റപ്പെടുത്തി അവരിൽ പുകമറ സൃഷ്ടിച്ചു ക്രമേണ ഇരയിൽ കുറ്റബോധം വളർത്തി അവളെ പാടെ മാനസീകമായി നശിപ്പിക്കുന്നു .
ഇനി വേറെ ചിലരുണ്ട് , അവർ അവരുടെ പങ്കാളിയെ ഇന്നല്ലേൽ നാളെ നന്നാക്കിയെടുക്കാമെന്നുള്ള ഒരു പ്രതീക്ഷ വച്ചുകൊണ്ട് ആ വിഷ ബന്ധങ്ങൾ തുടരാൻ തീരുമാനിക്കുന്നു . ഇത് കൂടുതലായും കണ്ടുവരുന്നത് നല്ല സഹാനുഭൂതി ഉള്ളവരോ അല്ലെങ്കിൽ അവരുടെ ചെറുപ്പകാലം മുതലേ സഹപാഠികളെയോ സഹോദരങ്ങളെയോ ഒക്കെ പരിചരിച്ചു വന്നവരിലാണ്. ഇങ്ങനെയുള്ള ആളുകളോടാണ് , നിങ്ങൾ നന്നാക്കിയെടുക്കാൻ ശ്രമിക്കുന്ന ആൾ ഒന്നുകിൽ അവൻ രക്ഷപെടാൻ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ അവന് ഒരു പ്രശ്നമുണ്ടെന്ന് പോലും അവൻ അറിയുന്നില്ല . ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും അവസാനം, ആരെയും മാറ്റാൻ പറ്റാതെ ഇര തന്നെ അവനായി സ്വയം മാറുകയും അങ്ങനെ സ്വയം മാനസീകമായി കുത്തേറ്റു കുത്തേറ്റ് പിടഞ്ഞു മരിക്കുകയും ചെയ്യുന്നു .
ബന്ധങ്ങളിൽ പ്രായപൂർത്തിയാകുന്നത് എങ്ങനെ എന്ന തന്റെ പുസ്തകത്തിൽ, ഡേവിഡ് റിച്ചോ ഒരു നല്ല ബന്ധത്തിന്റെ ‘അഞ്ച് എ’കളെക്കുറിച്ച് സംസാരിക്കുന്നു . Attention, Affection, Appreciation, Acceptance and Allowing. അതായത് ശ്രദ്ധ, വാത്സല്യം, അഭിനന്ദനം, സ്വീകാര്യത, അനുവദിക്കൽ.
ഇപ്പോൾ നിങ്ങൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം,നിങ്ങളുടെ നിലവിലെ ബന്ധത്തിൽ ഈ അഞ്ച് പ്രധാന ഘടകങ്ങൾ ഉള്ളതായി തോന്നുന്നുണ്ടോ?
ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ നയിക്കുന്ന വിഷലിപ്തമായ ആ ബന്ധം നിങ്ങളിൽ നിന്ന് ജീവൻ ചോർത്തിക്കളയും, അതിനാൽ തീരുമാനങ്ങൾ ശക്തമുള്ളതാവട്ടെ. കാരണം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളുടെ പ്രതിഫലനമാണ് നിങ്ങൾ.
സ്നേഹം ഒരിക്കലും ഒരു ചങ്ങല ആകാതിരിക്കട്ടെ ….
Leave a Reply