കൊച്ചി : രണ്ടുലക്ഷം രൂപ വായ്‌പയെടുത്തതിനു രണ്ടരക്കോടി രൂപ വിലവരുന്ന വീട്ടില്‍നിന്നു കുടിയിറക്കപ്പെടുന്ന അവസ്‌ഥയിലെത്തിയ വീട്ടമ്മയ്‌ക്ക്‌ മുഖ്യമന്ത്രി നല്‍കിയ വാക്ക്‌ പാഴായി. വീടും സ്‌ഥലവും ജപ്‌തി ചെയ്യുന്നതിനെതിരേ ചിതയൊരുക്കി നിരാഹാരസമരം നടത്തിയ ഇടപ്പള്ളി മാനാത്തുപാടം പ്രീത ഷാജി ഇപ്പോള്‍ ജപ്‌തിഭീഷണിയിലാണ്‌.

നാളെ രാവിലെ 11 മണിക്കു മുമ്പ്‌ വീട്‌ ഒഴിഞ്ഞു നല്‍കിയില്ലെങ്കില്‍ പോലീസ്‌ സഹായത്തോടെ ജപ്‌തി നടത്തുമെന്നു കാണിച്ച്‌ അഡ്വ. കമ്മിഷണര്‍ ഇന്നലെ നോട്ടീസ്‌ നല്‍കി. വീടിനു മുന്നില്‍ ചിത ഒരുക്കി ആരംഭിച്ച സമരം 300 ദിവസം പൂര്‍ത്തിയാക്കിയ ദിവസമാണു ജപ്‌തി നോട്ടീസ്‌ ലഭിച്ചത്‌. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌ പാലിക്കപ്പെട്ടില്ലെങ്കില്‍ കുടുംബസമേതം ജീവനൊടുക്കുമെന്നു പ്രീത ഷാജി മുന്നറിയിപ്പ്‌ നല്‍കുന്നു. 24 വര്‍ഷം മുമ്പ്‌ ലോര്‍ഡ്‌ കൃഷ്‌ണ ബാങ്കില്‍നിന്നു രണ്ടു ലക്ഷം രൂപ വായ്‌പയെടുക്കാന്‍ സുഹൃത്തിനു ജാമ്യം നിന്നതാണു പ്രീതയുടെ കുടുംബത്തെ കടക്കെണിയിലാക്കിയത്‌. വായ്‌പ എടുത്ത ആള്‍ പണം തിരിച്ചടക്കാതെവന്നതോടെ 1997 ല്‍ നാല്‌ സെന്റ്‌ സ്‌ഥലം വിറ്റ്‌ ബാങ്ക്‌ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ ലോര്‍ഡ്‌ കൃഷ്‌ണാ ബാങ്ക്‌ എച്ച്‌.ഡി.എഫ്‌.സി. ഏറ്റെടുത്തു. അതോടെ രണ്ടുലക്ഷം രൂപയുടെവായ്‌പയ്‌ക്കു കുടിശിക അടക്കം 2 കോടി 70 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്നായിരുന്നു എച്ച്‌.ഡി.എഫ്‌.സി. ബാങ്കിന്റെ ആവശ്യം.

ഇത്‌ നിരാകരിച്ചതോടെ വായ്‌പ ഈടായി നല്‍കിയ വസ്‌തു ലേലത്തിനുവച്ചു. രണ്ടരക്കോടി രൂപയോളം വിപണി വിലവരുന്ന വീടും സ്‌ഥലവും 37 ലക്ഷം രൂപയ്‌ക്ക്‌ ലേലം ചെയ്‌തു.
കടത്തില്‍ വീണ ആളുടെ വസ്‌തു ചുളുവിലയ്‌ക്കു കച്ചവടം ചെയ്യാന്‍ കോഴ വാങ്ങിയതിനു സി.ബി.ഐ. അറസ്‌റ്റ്‌ ചെയ്‌ത രംഗനാഥനെയായിരുന്നു ബാങ്ക്‌ ഡി.ആര്‍.ടി. റിക്കവറി ഓഫീസറായി നിയമിച്ചത്‌. ഇയാളുടെ നേതൃത്വത്തിലായിരുന്നു ലേലം നടന്നത്‌. എന്നാല്‍ കുടുംബത്തെ കുടിയിറക്കാന്‍ വന്ന ബാങ്ക്‌ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ വീട്ടമ്മ ചിത ഒരുക്കി സമരം ആരംഭിച്ചു. അതുകൊണ്ടും പ്രയോജനമില്ലാതെവന്നതോടെ നിരാഹാരസമരം ആരംഭിച്ചു. വീട്ടമ്മയുടെ ആരോഗ്യസ്‌ഥിതി വഷളായതോടെ കഴിഞ്ഞ മാര്‍ച്ച്‌ ഏഴിന്‌ ജപ്‌തി നടപടിയുണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌ കലക്‌ടര്‍ നേരിട്ടെത്തി അറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ വീട്ടമ്മ സമരം അവസാനിപ്പിച്ചത്‌.

ഇവരുടെ ദയനീയാവസ്‌ഥ എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, പി.ടി. തോമസ്‌, എം. സ്വരാജ്‌ എന്നിവര്‍ നിയമസഭയിലും ഉന്നയിച്ചിരുന്നു. തുടര്‍ന്ന്‌ വഴിവിട്ട ലേല നടപടികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ കലക്‌ടര്‍ക്കും പോലീസിനും സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി. ആസൂത്രണ സാമ്പത്തിക വകുപ്പും അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. പ്രീതയുടെ ഭര്‍ത്താവ്‌ ഷാജി സി.ബി.ഐക്കും പരാതി നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ നടന്നുവരവേയാണു മുഖ്യമന്ത്രിയുടെ ഉറപ്പുപോലും കാറ്റില്‍ പറത്തി വീണ്ടും ജപ്‌തി നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.