ഇസ്രയേലില്‍ പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന നെതന്യാഹു യുഗത്തിന് അവസാനം. പ്രതിപക്ഷകക്ഷികള്‍ രൂപീകരിച്ച ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടി.

വലതുപക്ഷ നേതാവും യമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെനറ്റാണ് പുതിയ പ്രധാനമന്ത്രി. 2023 സെപ്റ്റംബര്‍ വരെയാണ് ബെനറ്റിന്റെ കാലാവധി. എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രി ആയിരിക്കുമെന്നും നീണ്ട കാലത്തെ സേവനങ്ങള്‍ക്ക് നെതന്യാഹുവിന് നന്ദി അറിയിക്കുന്നുവെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ബെനറ്റ് അറിയിച്ചു.49കാരനായ ബെനറ്റ് നെതന്യാഹുവിന്റെ കീഴില്‍ പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രാദേശികസമയം നാല് മണിക്ക് ചേര്‍ന്ന പാര്‍ലമെന്റില്‍ അഞ്ച് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് നടത്തിയത്. എട്ട് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഐക്യസര്‍ക്കാരില്‍ റാം (അറബ് ഇസ്ലാമിസ്റ്റ്) പാര്‍ട്ടിയുമുണ്ട്.പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് ജനതയെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി ഭരണത്തില്‍ പങ്കാളിയാകുന്നത്. പലസ്തീന്‍ വിഷയത്തില്‍ ഉള്‍പ്പടെ നയപരമായ വ്യത്യാസങ്ങള്‍ക്ക് ഇതു വഴിയൊരുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ബഹുഭൂരിപക്ഷം നേടാനായിരുന്നില്ല. തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. എന്നാല്‍ നെതന്യാഹുവിന് ഇതിന് കഴിയാഞ്ഞതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങളുമായി പ്രതിപക്ഷകക്ഷികള്‍ മുന്നോട്ട് പോയത്.

അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ് അധികാരമാറ്റം. അടുപ്പക്കാര്‍ക്കിടയില്‍ കിംഗ് ബിബി എന്ന് വിളിപ്പേരുണ്ടായിരുന്ന നെതന്യാഹുവിനെ ‘ക്രൈം മിനിസ്റ്റര്‍ ‘ എന്നാണ് രാഷ്ട്രീയനിരൂപകര്‍ വിശേഷിപ്പിച്ചിരുന്നത്.