ചിക്കാഗോ: ചിക്കാഗോയില്‍ സ്വയം ജനനേന്ദ്രിയം ഛേദിച്ചെറിഞ്ഞ് നഗ്നനായി നടന്നയാള്‍ പരിഭ്രാന്തി പടര്‍ത്തി. അമിതമായി രക്തമൊഴുകുന്ന നിലയിലാണ് ഇയാളെ കണ്ടത്. കണ്ടുനിന്നവരെ അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ വളരെ ബുദ്ധിമുട്ടിയാണ് കീഴടക്കിയത്. ഇയാളുടെ പരാക്രമത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഒരു ഇരുമ്പ് വേലിക്കപ്പുറത്ത് നിന്ന് ജനങ്ങളെ അസഭ്യം പറയുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.

അതിനു പിന്നാലെ ഒരു പോലീസ് വാഹനം വരികയും വനിതാ പോലീസ് ഓഫീസര്‍ പുറത്തിറങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇയാള്‍ ഉദ്യോഗസ്ഥയ്ക്കു നേരെ പാഞ്ഞടുത്തു. ക്രുദ്ധനായി നില്‍ക്കുന്ന ഇയാളെ ശാന്തനാക്കാന്‍ ഓഫീസര്‍ ശ്രമിച്ചിട്ടും കൂട്ടാക്കാന്‍ തയ്യാറാകുന്നില്ല. അതോടെ ഓഫീസര്‍ ടേസര്‍ ഗണ്‍ ഉപയോഗിച്ചു. നിലത്തു വീണെങ്കിലും അല്‍പസമയത്തിനുള്ളില്‍ പിടഞ്ഞെണീറ്റ അക്രമിയെ മറ്റൊരു ഓഫീസറും ചേര്‍ന്നാണ് കീഴ്‌പെടുത്തിയത്.

ഇയാളെ വരുതിയിലാക്കാന്‍ രണ്ടാമതും ടേസര്‍ ഉപയോഗിക്കേണ്ടി വന്നു. ഇയാള്‍ നിലത്തു കിടക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. അറസ്റ്റിലായ ഇയാളുടെ മുറിവ് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍ത്ത് വെസ്റ്റ് ചിക്കാഗോയിലെ ഇര്‍വിംഗ് പാര്‍ക്കിലാണ് സംഭവമുണ്ടായത്.