മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയതായാണ് വിവരം. മാവേലിക്കര സബ് ജയിലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ബുധനാഴ്ച രാത്രി എട്ടോടെയാണ് മകൾ നക്ഷത്രയെ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. തൊട്ടടുത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് അവരെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഇയാൾ മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിയേ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇയാൾ മൂന്നുപേരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ ലക്ഷ്യമിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടത്തുന്നതിനായി ഓൺലൈനിൽ മഴു വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓർഡർ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടർന്ന് മഴു മാവേലിക്കരയിൽ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാൾ മകൾ നക്ഷത്രയുടെ കഴുത്ത് അറുത്തുകൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കട്ടിലിന് അടിയിൽ നിന്നും മഴു കണ്ടെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയ്ക്ക് തെളിവാണ് ഈ മഴു.

അതിനിടെ ശ്രീമഹേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ മാതാപിതാക്കൾ രംഗത്തു വന്നു. ഭാര്യ വിദ്യയേയും ഇയാൾ കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി വിദ്യയുടെ അമ്മ രാജശ്രീ ആരോപിച്ചു. പ്രതി പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു. മൂന്നുവർഷം മുൻപാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ.