തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.

കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) പുറത്തിറക്കിയ ഇതിനായുള്ള മാര്‍ഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍ അംഗങ്ങളാക്കി വരുന്നു. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ മേഖല ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയെ നേരിടുന്നതാണ്. കോവിഡ് ഉള്‍പ്പെടെയുള്ള ഏതൊരു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രോഗിയുടെ ഇഷ്ടപ്രകാരം സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടാവുന്നതാണ്. നേരത്തെ തന്നെ 28 സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ചികിത്സയ്ക്ക് മാത്രം സജ്ജമാക്കിയിരുന്നു. കൂടാതെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ട്രയാജ് സംവിധാനവും ആവശ്യാനുസരണം അര്‍ഹരായവര്‍ക്ക് സ്രവം ശേഖരിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്വകാര്യ മേഖലയിലെ പരിശോധനാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായുള്ള പരിശീലനങ്ങളും സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ചികിത്സാ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.

ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ തുടങ്ങിയ സര്‍ക്കാര്‍ നിരക്കില്‍ വിവിധ കോവിഡ് പരിശോധനകള്‍ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ/ സ്വകാര്യ ലാബുകളില്‍ ചെയ്യാവുന്നതാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവ് കേരള സര്‍ക്കാരും വഹിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

കാസർകോഡ് വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്

കാസർകോട് ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 ന് പീലാംകട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വധുവും വരനും ഇതിൽ ഉൾപ്പെടും. ചെർക്കള സ്കൂളിൽ നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിലാണ് എല്ലാവർക്കും കൊവിഡ് രോഗം കണ്ടെത്തിയത്.

ഈ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. കൊവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും.

രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാൻ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു പോലീസിന് നിർദ്ദേശം നൽകി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്രകാരം ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂർണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.