ഇരുട്ടില്‍ അപരിചിതരായ ഒരാണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാല്‍ പിന്നെ, കാണുന്ന മലയാളിക്ക് ആകെ ഒരു അസ്വസ്ഥതയാണ്. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്നൊരു ആധി. അടഞ്ഞവാതിലും ഉടഞ്ഞചെടിച്ചട്ടിയും കാണിച്ച് കഥയുടെ ബാക്കി പ്രേഷകനു പൂരിപ്പിക്കാന്‍ വിട്ടുകൊടുത്ത പല കലകളില്‍ നിന്നായി ഈ ആകാംഷ വളര്‍ന്നു വന്നു. ഇരുട്ടില്‍ ഒരുമുറിയില്‍ ആണും പെണ്ണും ഒറ്റയ്ക്കായാല്‍ അല്ലെങ്കില്‍ രാത്രിയില്‍ ഒരു പെണ്ണ് ഒറ്റയ്ക്കു പുറത്തിറങ്ങി നടന്നാല്‍ എന്തോ സംഭവിക്കുമെന്നു ഭയന്നിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് ഇരുട്ടിലടയുന്ന ആ വാതിലുകളുടെ അകവശം തുറന്നുകാട്ടികൊണ്ട് നളിനി ജമീല എന്ന എഴുത്തുകാരി കടന്നു വരുന്നത്.
ആകാംഷകളിലും സങ്കല്‍പങ്ങളിലും ഭാവനകളിലുമായി പൊലിപ്പിച്ചു കൂട്ടിവെച്ചിരുന്ന ലൈംഗികതയുടെ പച്ചയായ യാഥാര്‍ഥ്യമെന്തെന്നു വിളിച്ചു പറയുന്ന എഴുത്തുകളുമായി. ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ വരെ വന്‍മാറ്റങ്ങള്‍ സൃഷ്ടിച്ച ‘ഞാന്‍ ലൈംഗിക തൊഴിലാളി’ എന്ന ആത്മകഥയ്ക്കു ശേഷം നളിനി ജമീല എഴുതിയ പുസ്തകമാണ് ‘എന്റെ ആണുങ്ങള്‍’. ലൈംഗികതൊഴിലാളി എന്നാല്‍ സുഹൃത്തുക്കളോ ഉറ്റവരോ ഇല്ലാത്ത, ഇരുട്ടില്‍ തെരുവില്‍ പ്രത്യക്ഷപ്പെട്ട് എങ്ങോട്ടോ അപ്രത്യക്ഷരാവുന്ന ഒറ്റപ്പെട്ട നികൃഷ്ട ജീവികളാണെന്ന പൊതുധാരണ പൊളിച്ചെഴുതലാണ് ഈ പുസ്തകത്തിനു പിന്നിലെ രാഷ്ട്രീയ പ്രേരണ എന്ന് പുസ്തകത്തിന്റെ ആമുഖ കുറിപ്പില്‍ പറയുന്നുണ്ട്. കേവലം നിഷ്‌ക്രീയരായ ഇരകള്‍ എന്ന മുന്‍വിധിയെ മുറിച്ചു കടന്ന് മുഖ്യധാര ഒതുക്കിയ തന്റെ സമുദായത്തിന്റെ സ്വയം മര്യാദയ്ക്കു വേണ്ടി നളിനി ശബ്ദമുയര്‍ത്തുന്നു. ലൈംഗിക തൊഴിലാളികള്‍ എന്ന ദയനീയരായ ഇരകളും അവരെ സമീപിക്കുന്ന ക്രൂരരും ശക്തരുമായ ആക്രാന്തകാരും എന്ന പൊതുധാരണകളെ പൊളിച്ചെഴുതുന്നുണ്ട് ഈ പുസ്തകം.
എല്ലാവര്‍ക്കും വഴങ്ങേണ്ടി വരുന്ന, ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍ എന്ന ധാരണയും ഇവിടെ തിരുത്തി കുറിക്കപ്പെടുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള, കരയുകയും ചിരിക്കുകയും ചെയ്യുന്ന, പ്രണയവും പ്രണയനഷ്ടങ്ങളും, മോഹവും മോഹഭംഗവുമുള്ള എല്ലാമനുഷ്യരെയും പോലെ സര്‍വസാധാരണരായ മനുഷ്യരാണ് നളിനി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ലൈംഗിക തൊഴിലാളികള്‍. അഭിമാനത്തോടെ തനിക്ക് സാധ്യമായ തൊഴില്‍ ചെയ്തു ജീവിക്കുന്ന, തന്റെ തൊഴിലിനാവശ്യമായ നൈപുണ്യം ആര്‍ജിച്ചെടുക്കാന്‍ ശ്രമിക്കുന്ന നളിനിയെയും പുസ്തകത്തില്‍ കാണാം. ആണിനെ കുറിച്ച് ഇത്ര വ്യക്തമായി ആര്‍ക്കു വിളിച്ചുപറയാന്‍ കഴിയും? പല ആണുങ്ങളെ കിടപ്പറയില്‍ കണ്ട ഒരു പെണ്ണിനല്ലാതെ? അതിനാല്‍ തന്നെ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യേണ്ട പുസ്തകമാണ് നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’. ആണിനെ വായിച്ചെടുക്കാവുന്ന ഒരു പെണ്‍പുസ്തകം. മലയാളി ആണുങ്ങളെ കുറിച്ച് നളിനിയുടെ നിരീക്ഷണം ഇങ്ങനെ–
‘ഇക്കാലത്തിനിടയില്‍ ഇടപെട്ട മലയാളി ആണുങ്ങളില്‍ എഴുപത്തഞ്ചു ശതമാനവും സ്ത്രീകളോട് സമഭാവനയില്ലാത്തവരാണ്. സ്ത്രീ ഭയങ്കര മോശമാണെന്ന ധാരണ മലയാളികളുടെ ജന്മവാസനയാണ്.’ ‘തങ്ങള്‍ക്കാവശ്യമുള്ളപ്പോഴും ഇതെല്ലാം സ്വന്തം ഔദാര്യമാണ് എന്ന പുച്ഛഭാവമാണ് മലയാളി ആണുങ്ങള്‍ക്ക് ‘വരുന്നോടീ’ ‘നിനക്കെത്രയാടീ’ എന്ന മനോഭാവം’. ‘പുറംനാട്ടില്‍ ജീവിക്കുകയോ മറ്റോ ചെയ്തതിന്റെ പേരിലൊക്കെ വ്യത്യസ്തരായവരാണ് ബാക്കിവരുന്ന ഇരുപത്തഞ്ചു ശതമാനം ആണുങ്ങള്‍.’ പലതരം ആണുങ്ങള്‍ കടന്നുവരുന്നുണ്ട് നളിനിയുടെ ഈ പുസ്തകത്തില്‍. അവരിലെല്ലാം സമൂഹത്തിന്റെ പരിഛേദവുമുണ്ട്.
പല തട്ടിലുള്ളവര്‍, പല തരത്തിലുള്ളവര്‍, പല സ്വഭാവങ്ങളുള്ളവര്‍… രാത്രിയും പകലും രണ്ടു മുഖങ്ങളുള്ളവര്‍, മനസ്സലിവും കാരുണ്യവുമുള്ളവര്‍, ചിരിച്ചുകൊണ്ട് ചതിക്കുന്നവര്‍.. ജീവിതം കൊണ്ട് നളിനി ജമീല എന്ന മൂന്നാംക്ലാസ് വിദ്യാഭ്യാസ യോഗ്യതക്കാരി സ്വന്തമാക്കിയ പാഠങ്ങള്‍ സിലബസുകള്‍ക്കുള്‍കൊള്ളാന്‍ കഴിയാത്തത്ര ബ്രഹത്താണ്. ആ ജീവിത പാഠങ്ങളാണ് ‘എന്റെ ആണുങ്ങള്‍’ എന്ന പുസ്തകത്തിന് ആഴവും പരപ്പും നല്‍കുന്നത്.
നളിനി ജമീല
ഡി സി ബുക്‌സ്
വില :125 രൂപ
Leave a Reply