ചൊവ്വയിലെ ജലാശം തേടിയുള്ള യാത്രയില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ചിരിക്കുകയാണ് നാസയുടെ പെര്‍സവറന്‍സ് റോവര്‍. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ വെള്ളം സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 30 ന് വിക്ഷേപിച്ച പെർവറൻസ് റോവർ 202 ദിവസത്തെ യാത്രയ്ക്ക് ശേഷം 472 ദശലക്ഷം കിലോമീറ്ററുകൾ പിന്നിട്ട് ഫെബ്രുവരി 18 നാണ് ചുവന്ന ഗ്രഹത്തിലെത്തിയത്. പര്യവേക്ഷണത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍, നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു.
ചൊവ്വയിൽ നിന്നും റോവർ അയച്ച വിശദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പഠനസംഘം ജെസെറോ ഗർത്തത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ കണ്ടെത്തലുകൾ സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ ഗര്‍ത്തത്തിലെ പാറക്കെട്ടുകള്‍ക്കുള്ളിലെ പാളികളിൽ ജലത്തിന്റെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.
“1.5 മീറ്റർ വരെ ഉയരത്തിൽ പാറകൾ അടങ്ങിയ കിടങ്ങുകളിൽ സവിശേഷമായ പാളികൾ ഞങ്ങൾ കണ്ടു.” ഫ്രാൻസിലെ നാൻറ്റസിലെ ലബോറടോയർ ഡി പ്ലാനറ്റോളജി എറ്റ് ജിയോഡൈനാമിക്കിൽ നിന്നുള്ള ശാസ്ത്രജ്ഞനും സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രധാന രചയിതാവുമായ നിക്കോളാസ് മംഗോൾഡ് പറഞ്ഞു.
പാളികളുടെ ആകൃതി ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്ഥിരമായ ഒഴുക്കിനെക്കുറിച്ചും സൂചന നൽകി. പാറക്കഷണങ്ങളെ മൈലുകളോളം വഹിച്ചുകൊണ്ടുപോകണമെങ്കിൽ മണിക്കൂറിൽ 6 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഒഴുകുമായിരുന്ന ജലപ്രവാഹം ഇവിടെ ഉണ്ടായിരുന്നിരിക്കണം എന്നും മാംഗോൾഡും സംഘവും കണക്കാക്കുന്നു.
ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതി ജലപ്രവാഹം താങ്ങാന്‍ പര്യാപ്തമായത്ര ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു എന്ന് പഠനം സൂചിപ്പിക്കുന്നു. മുകളിലെയും ഏറ്റവും താഴ്‌ഭാഗത്തെയും പാളികളിൽ ഒരുമീറ്റർ വ്യാസത്തിൽ പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കങ്ങൾ ഗ്രഹത്തിലുണ്ടായതിന്റെ സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
കൂടുതൽ പഠനങ്ങൾക്കായി മള്‍ട്ടി ടാസ്‌കിംഗ് റോവര്‍ സീല്‍ ചെയ്ത ട്യൂബുകളില്‍ പാറകളുടെയും മണ്ണിന്റെയും നിരവധി സാമ്പിളുകള്‍ ശേഖരിക്കും. ജെസറോ ഗർത്തത്തിൽ ഒരു തടാകത്തിന്റെയും നദിയുടെയും ഡെൽറ്റയുടെ സാന്നിധ്യം ഒരിക്കൽക്കൂടി സ്ഥിരീകരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന പ്രധാന നിരീക്ഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്നും മംഗോൾഡ് പറയുന്നു.
ചൊവ്വയിൽ ജീവൻ നിലനിന്നിരുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പുതിയ തെളിവുകൾ സഹായിക്കും. ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗർത്തങ്ങളിൽ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകർന്ന 262 തടാകങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തെ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.
Leave a Reply