ന്യൂസ് ഡെസ്ക് മലയാളം യുകെ
ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കുന്നുവെന്നതിൻെറ തെളിവുകളിലേക്ക് ബഹിരാകാശ ഏജൻസികൾ അടുക്കുമ്പോൾ അന്യഗ്രഹജീവികളുടെ കണ്ടെത്തലിനെ അംഗീകരിക്കാൻ മതവിശ്വാസികളെ സഹായിക്കാനായി ബ്രിട്ടീഷ് പുരോഹിതനെ തങ്ങളുടെ ദൗത്യത്തിൽ ചേർത്തു നാസ. ഓക്സ്ഫോർഡിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഡോക്ടർ ആൻഡ്രൂ ഡേവിഡ്സൺ ആണ് യുഎസിലെ പ്രിൻസ്റ്റണിലുള്ള സെൻറർ ഫോർ തിയോളജിക്കൽ എൻക്വയറിയിൽ നാസ സ്പോൺസേർഡ് പ്രോഗ്രാമിൽ പങ്കെടുത്ത 24 ദൈവശാസ്ത്രജ്ഞരിൽ ഒരാൾ. വാസ്തവത്തിൽ മനുഷ്യൻ മാത്രമല്ല ബഹിരാകാശത്തിലെ ജീവരൂപങ്ങൾ എന്നും അന്യഗ്രഹ ജീവികൾ ഉണ്ടെന്ന വാർത്തയോട് ലോകത്തിലെ വിവിധ മതങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് വിലയിരുത്തുകയെന്നതാണ് ഇവരുടെ ദൗത്യം.
നാസയുടെ 7.45 ബില്യൺ പൗണ്ടിൻെറ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ക്രിസ്മസ് ദിനത്തിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നീക്കം. ഈ ഇൻഫ്രാറെഡ് ദൂരദർശിനി പ്രപഞ്ചത്തിലെ ഉത്ഭവവും അതിൽ മനുഷ്യനുള്ള സ്ഥാനവും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന് പ്രധാന പങ്കു വഹിക്കുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. 2016 സെപ്റ്റംബറിനും 2017 ജൂണിനും ഇടയിലുള്ള കാലയളവിൽ ഡോ. ഡേവിസൺ ദി സോഷ്യറ്റൽ ഇംപ്ലിക്കേഷൻസ് ഓഫ് ആസ്‌ട്രോബയോളജി പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. ഭൂമിക്കപ്പുറം ജീവൻ വ്യാപിക്കുന്നു എന്ന ചോദ്യത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞർ മധ്യകാലഘട്ടം മുതലേ ചിന്തിച്ചിരുന്നുവെന്ന് ഡോ. ഡേവിസൺ പറഞ്ഞു. ഏകദേശം 25 വർഷമായി നാസയുടെ ആസ്ട്രോബയോളജി വിഭാഗം ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ്.
Leave a Reply