ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അദ്ദേഹം അതൃപ്തി അറിയിച്ചു. പ്രോട്ടോകോള്‍ പ്രകാരം ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് വാര്‍ത്താ വിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് അവസാന നിമിഷത്തെ മാറ്റമായി വാര്‍ത്താവിതരണ മന്ത്രാലയം അവതരിപ്പിച്ചതില്‍ അതൃപ്തിയുണ്ടെന്നും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് സൂചിപ്പിക്കുന്നു.
പുരസ്‌കാര ജേതാക്കള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നായിരുന്നു. മേയ് ഒന്നിന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച വാര്‍ത്താവിനിമയ മന്ത്രാലയം സെക്രട്ടറി എന്‍.കെ സിന്‍ഹ, രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കേണ്ടവരുടെ പട്ടിക നല്‍കുകയും ചെയ്തിരുന്നു.
ദേശീയ പുരസ്‌കാര വിതരണത്തില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് മാര്‍ച്ച് അവസാനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ചടങ്ങ് വിജ്ഞാന്‍ ഭവനില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റാനും നിശ്ചയിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ ഓഡിറ്റോറിയം രാഷ്ട്രപതി ഭവനില്‍ ഇല്ലാത്തതിനാല്‍ പിന്നീട് നടന്ന ചര്‍ച്ചയിലെ ധാരണപ്രകാരമാണ് വിജ്ഞാന്‍ ഭവനില്‍ തന്നെ ചടങ്ങ് നടത്തിയത്.
അതേസമയം, ദേശീയ പുരസ്‌കാര വിതരണത്തിന് അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോക്കോള്‍ വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാന പുരസ്‌കാരങ്ങള്‍ മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക.
കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാര ചടങ്ങില്‍ 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് പുരസ്‌കാരം സ്വീകരിക്കാനായി രാജ്യതലസ്ഥാനത്ത് എത്തിയ ശേഷമാണ് അവാര്‍ഡ് ജേതാക്കള്‍ അറിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കം 68 പേര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
Leave a Reply