ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിദേശ കുറ്റവാളികളുടെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർ നടത്തിയ കുറ്റകൃത്യത്തിനൊപ്പം ദേശീയതയുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടാൻ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് അറിയാൻ സാധിച്ചത്. ഏത് രാജ്യത്തിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ പങ്കാളികളാകുന്നത് എന്നത് ഇനി മുതൽ പരസ്യമായ കാര്യമായിരിക്കും. ചില രാജ്യങ്ങളിൽ നിന്നുള്ള കുറ്റവാളികളുടെ എണ്ണം വളരെ കൂടുന്ന സാഹചര്യത്തിൽ അവിടെ നിന്നുള്ളവർക്ക് വിസ നിഷേധിക്കുക തുടങ്ങിയ തുടർ നടപടികൾ ഇതിൻറെ ഭാഗമായുണ്ടാവുമെന്ന സംശയങ്ങളും ബലപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷം അവസാനം നാടുകടത്തൽ കാത്ത് 19,000 വിദേശ കുറ്റവാളികൾ ഉണ്ടായിരുന്നു. കൺസർവേറ്റീവ് പാർട്ടി അധികാരമൊഴിഞ്ഞപ്പോൾ ഈ കുറ്റവാളികളുടെ എണ്ണം 18,000 ആയിരുന്നു എന്നാണ് പുറത്തു വരുന്ന കണക്കുകൾ കാണിക്കുന്നത്. വിദേശ കുറ്റവാളികൾ എവിടെ നിന്ന് വരുന്നു എന്നതുൾപ്പെടെ പൊതുജനങ്ങളെ നന്നായി അറിയിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഹോം ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. 12 മാസമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരാണ് നാടുകടത്തലിന് വിധേയമാകുന്നത്. ഈ കൂട്ടത്തിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്. ചില കുറ്റവാളികളുടെ സാന്നിധ്യം സമൂഹ നന്മയ്ക്ക് ഉതകുന്നതല്ലെന്ന് കണ്ടാൽ കുറഞ്ഞ ശിക്ഷാ കാലാവധിയുള്ളവരെയും നാടുകടത്താൻ ആഭ്യന്തരമന്ത്രാലയത്തിന് അധികാരമുണ്ട്.
ചില രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ, മനുഷ്യവകാശ പ്രശ്നങ്ങളുടെ പേരിലുള്ള അപ്പീലുകൾ എന്നീ കാരണങ്ങളാൽ നാടുകടത്താൻ കാത്തിരിക്കുന്ന വിദേശ കുറ്റവാളികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി ഹോം ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പേരെ നാടുകടത്തിയിട്ടും ഈ രീതിയിലുള്ള കുറ്റവാളികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. കുടിയേറ്റത്തിലെ അമിതമായ വർദ്ധനവാണ് ഈ രീതിയിലുള്ള കുറ്റവാളികളുടെ എണ്ണം വർധിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
Leave a Reply