ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- രോഗികളുടെ ജീവനെ നിസ്സാരവൽക്കരിക്കുന്ന തരത്തിൽ, നൂറുകണക്കിന് മുൻനിര എൻ എച്ച് എസ് ജീവനക്കാരാണ് യോഗ്യത തട്ടിപ്പിന് അന്വേഷണ വിധേയരായിരിക്കുന്നത്. നൈജീരിയയിൽ നിന്നുള്ള 700 ലധികം പേരാണ് വൻതോതിൽ യോഗ്യത തട്ടിപ്പ് നടത്തി എൻഎച്ച്എസിൽ ജോലി നേടിയിരിക്കുന്നത് എന്നാണ് പുതിയ അന്വേഷണം വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരത്തിൽ യോഗ്യത നേടിയവരെല്ലാം തന്നെ ഇപ്പോഴും എൻഎച്ച്എസിൽ തുടരുകയാണ് എന്ന വസ്തുതയാണ് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നത്. യുകെയിലെത്തി ജോലി ചെയ്യാൻ പാസാകേണ്ടിയ ടെസ്റ്റിന് നൈജീരിയയിൽ നേഴ്സുമാർക്ക് പകരക്കാരാണ് എഴുതിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. നേഴ്സുമാരെ ഇത്തരത്തിൽ പരീക്ഷ മറികടക്കാൻ സഹായിക്കുന്ന, അല്ലെങ്കിൽ പകരക്കാരെ ഉപയോഗിച്ച് വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു സ്ഥാപനം ഉണ്ടെങ്കിൽ അത് വളരെ ആശങ്കാജനകമായ ഒരു വസ്തുതയാണെന്നും, അതിനാൽ തന്നെ ആവശ്യത്തിന് കഴിവില്ലാത്തവർ യുകെയിൽ നേഴ്സുകളായി എത്തിച്ചേരുന്ന സാഹചര്യമുണ്ടാകുമെന്നും റോയൽ കോളേജ് ഓഫ് നേഴ്സിങ് മുൻ ചീഫ് എക്‌സിക്യൂട്ടീവും മൂന്ന് എൻഎച്ച്എസ് ട്രസ്റ്റുകളുടെ മുൻ ചെയർമാനുമായ പീറ്റർ കാർട്ടർ പറഞ്ഞു. ഇത് വ്യാവസായിക തോതിലുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ സെപ്റ്റംബറിൽ ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നുള്ള 48 പേർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ മറ്റ് 669 പേർക്കെതിരെയാണ് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയ 48 പേരെ പുറത്താക്കുവാൻ ഇതുവരെ എൻ എംസിക്ക് കഴിഞ്ഞിട്ടില്ല. സ്വതന്ത്ര പാനൽ നടത്തുന്ന ഹിയറിങ്ങിലൂടെ മാത്രമേ ഈ നടപടി പൂർത്തിയാക്കുവാൻ എൻഎംസിക്ക് സാധിക്കുകയുള്ളൂ എന്നതിനാലാണ് ഇത്. എന്നാൽ അവരുടെ കഴിവുകൾ നിലവാരം പുലർത്താൻ പര്യാപ്തമാണെന്ന് തെളിയിക്കാൻ ടെസ്റ്റ് വീണ്ടും നടത്തുവാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ 48 പേർക്ക് എതിരെയുള്ള വ്യക്തികത ഹിയറിങ്ങുകൾ മാർച്ചിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നൈജീരിയയിൽ വച്ച് നടന്ന ടെസ്റ്റിൽ എപ്രകാരമാണ് അവർ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും മറ്റും മറികടന്നതെന്ന് വിശദീകരിക്കുവാൻ അവരോട് ഹിയറിങ്ങിൽ ആവശ്യപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ എൻ എച്ച് എസിനെതിരെ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.