ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനലിൽ റഷ്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തെ തുടർന്ന് റോയൽ നേവി നിരീക്ഷണം ശക്തമാക്കി. ഇംഗ്ലീഷ് ചാനലിലൂടെ പടിഞ്ഞാറോട്ടു സഞ്ചരിച്ച റഷ്യൻ യുദ്ധക്കപ്പലുകൾ ആയ സ്റ്റോയ്കി കൊർവെറ്റിനെയും യെൽന്യ ഇന്ധന ടാങ്കറിനെയും ബ്രിട്ടീഷ് റോയൽ നേവി തടഞ്ഞുവെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി ഡോവർ കടലിടുക്കിലൂടെ ഇവ സഞ്ചരിക്കുന്നതിനിടെ എച്ച്എംഎസ് സെവേൺ നിരീക്ഷണം ശക്തമാക്കി കപ്പലുകളെ പിന്തുടർന്നു. ഈ മേഖലയിലൂടെ റഷ്യൻ സാന്നിധ്യം വർധിച്ചിരിക്കുകയാണെന്ന് നേവി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

അതേസമയം, സ്കോട്ട് ലൻഡ് തീരത്ത് കണ്ടെത്തിയ റഷ്യൻ ചാരക്കപ്പൽ യാന്തർ ആർഎഎഫ് പൈലറ്റുകളുടെ നിരീക്ഷണം ലേസർ ഉപയോഗിച്ച് തടസപ്പെടുത്തിയത് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. . ഇത് “തീർത്തും അപകടകരം” ആണെന്ന് പ്രതിരോധ മന്ത്രി ജോൺ ഹീലി പറഞ്ഞു . കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുകെയുടെ സമീപ സമുദ്ര ഭാഗങ്ങളിൽ റഷ്യൻ കപ്പലുകളുടെ ഇടപെടൽ 30% വർധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യൻ കപ്പലുകളുടെ നീക്കങ്ങളെ നീരിക്ഷിക്കാൻ ഒരു നാറ്റോ സഖ്യരാജ്യത്തിന്റെ കപ്പലിന്റെ സഹായവും ലഭിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ബ്രിട്ടീഷ് കരസേനയുടെയും നാവികസേനയുടെയും സജ്ജീകരണം വർധിപ്പിച്ചിരിക്കുകയാണെന്നും യൂറോപ്പിലെ സമഗ്ര സുരക്ഷയ്ക്ക് റഷ്യയുടെ കടന്നുകയറ്റ മനോഭാവം വെല്ലുവിളിയാണെന്നും ഹീലി വ്യക്തമാക്കി. യുകെയുടെ പട്രോൾ കപ്പലുകൾ അതിർത്തി സുരക്ഷ, വിദേശ കപ്പലുകളുടെ എസ്കോർട്ട്, സമുദ്ര നിരീക്ഷണം എന്നിവയിൽ ഇപ്പോഴും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ വ്യകത്മാക്കി.











Leave a Reply