ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നവ്യ നായർ. സിനിമയ്ക്ക് പുറമെ സോഷ്യൽമീഡിയയിലും മിനിസ്‌ക്രീൻ അവതാരകയായും നവ്യ സജീവമാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ ‘ഒതുക്കലുകളെ’ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

പഴയ നായികമാരിൽ നിന്നും വ്യത്യസ്തമായി ഇന്നത്തെ നായികമാർ പരസ്പരം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് നവ്യ നായർ പറയുന്നത്. തന്റെ തിരിച്ചുവരവ് സമയത്ത് മഞ്ജു വാര്യർ അടക്കമുള്ളവർ തന്നെ പിന്തുണച്ചതിനെക്കുറിച്ചും നവ്യ മനസ് തുറക്കുന്നുണ്ട്. പണ്ട് നായികമാരെ ഒരുത്താനുള്ള ശ്രമങ്ങൾ ഒക്കെ നടക്കുമായിരുന്നുവെന്നും ഇന്ന് അങ്ങനെയൊന്നും ഇല്ലെന്നും താരം പറയുന്നു.

‘നായികമാരെ ഒതുക്കാൻ മറ്റ് നായികമാർ ശ്രമിക്കുന്ന രീതിയൊന്നും ഇപ്പോഴില്ല. പണ്ട് ആ രീതിയൊക്കെ കുറച്ചുണ്ടായിരുന്നു. എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അനുഭവങ്ങൾ വിശദീകരിക്കാനൊന്നും എന്നോട് പറയരുത്. അത് ഞാൻ ചെയ്യില്ലെന്നാണ് നവ്യ പറയുന്നത്. എനിക്കെതിരെ അങ്ങനെ ചിലരൊക്കെ പ്രവർത്തിച്ചിരുന്നു എന്ന് മറ്റുള്ളവരൊക്കെ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെ പൂർണ വിശദാംശം പറഞ്ഞ് തരാൻ എനിക്കറിയില്ലെന്നും നവ്യ പറയുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യങ്ങൾ പറയുന്നത്.

‘ഇന്നത്തെ നായികമാർ പഴയതിനേക്കാളും സപ്പോർട്ടിങ്ങാണ്. ഇപ്പോൾ എന്റെ സിനിമയുടെ ഇന്നുമുതൽ എന്നുപറയുന്ന പോസ്റ്ററിൽ മഞ്ജു ചേച്ചിയാണ് ഓഡിയൻസിനെ അഡ്രസ് ചെയ്യുന്നത്. പ്രൊഡക്ഷനിൽ നിന്ന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോൾ തന്നെ ചേച്ചിക്ക് ഭയങ്കര സന്തോഷമായിരുന്നു. അതുപോലെ തന്നെ ഒരുത്തിയുടെ ട്രെയ്‌ലറും ടീസറുമൊക്കെ റിലീസ് ചെയ്തതും എനിക്ക് പരിചയമുള്ളതും, പുതിയതും പഴയതുമായിട്ടുള്ള ഒരുപാട് ആർട്ടിസ്റ്റുകളാണ് നവ്യ പറയുന്നു.