ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയവും അറസ്റ്റിലായി. ക്യാന്‍സര്‍ രോഗിയായ ഭാര്യയെ ലണ്ടനില്‍ സന്ദര്‍ശിച്ച ശേഷം ലാഹോറിലെത്തിയപ്പോഴാണ് ഇരുവരെയും നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഈ സമയം വിദേശത്തായിരുന്നു ഇവര്‍ തിരികെയെത്തിയതോടെയാണ് പിടിയിലായത്.
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ്ശിക്ഷ വിധിച്ചിട്ടുള്ളത്. കേസില്‍ ഇരുവരും അപ്പീല്‍ പോകാനാണ് സാധ്യത. ഇരുവരെയും ജയിലിലേക്ക് ഉടന്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും സൂചനകളുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് നേരത്തെ ഷെരീഫ് വ്യക്തമാക്കിയിരുന്നു.
കേസിന്റെ വിധി പറയുന്ന സമയത്ത് ഇരുവരും ലണ്ടനിലായിരുന്നു. ഉടന്‍ തന്നെ രാജ്യത്തേക്ക് മടങ്ങി വരണമെന്ന് കോടതി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ആഗോള തലത്തിലുള്ള ഇടപെടലുണ്ടാകണെമെന്ന് ഷെരീഫ് അനുകൂലികള്‍ പറഞ്ഞു. അറസ്റ്റിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ലണ്ടനില്‍ വാങ്ങിച്ച നാല് ആഢംബര ഫ്‌ലാറ്റുകള്‍ക്ക് ആവശ്യമായി പണം ലഭിച്ച സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാതെ വന്നതാണ് ഷെരീഫിന് വിനയായത്.
Leave a Reply