തന്റെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം പറയുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തിൽ ചോദിച്ചെന്ന നയൻതാരയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ധനുഷ് തന്നോട് പകപോക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ പറഞ്ഞ ഇക്കാര്യത്തിന് ഇപ്പോൾ ധനുഷിന്റെ അഭിഭാഷകൻ മറുപടി നൽകിയിരിക്കുകയാണ്. അതും ഒരു വക്കീൽ നോട്ടീസിന്റെ രൂപത്തിൽ.

തിങ്കളാഴ്ചയാണ് നെറ്റ്ഫ്ളിക്സിലൂടെ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി സീരീസ് പുറത്തുവന്നത്. ഇതിന് മുന്നോടിയായാണ് നയൻതാര ധനുഷിനെതിരെ തുറന്നടിച്ചുകൊണ്ടുള്ള കത്ത് പുറത്തുവിട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് അദ്ദേഹം നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി രൂപയിൽ ഒതുങ്ങില്ലെന്നും ​ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്യുമെന്ററിൽ ഉൾപ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകൻ മറുപടി പറയുന്നുണ്ട്. “എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.” അഭിഭാഷകൻ പറഞ്ഞു. ഈ നോട്ടീസിന്റെ പേജുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.