പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണം. പ്രതിഷേധവുമായി രംഗത്തെത്തി ബിജെപി. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം കര്‍ണിവല്‍ അധികൃതര്‍ നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രതിഷേധം അവസാനിപ്പിച്ചത്.

കൊവിഡിന് ശേഷം രണ്ടുവര്‍ഷത്തിനുശേഷമെത്തുന്ന കൊച്ചിന്‍ കാര്‍ണിവലും. 39 വര്‍ഷത്തിലേക്ക് കടക്കുകയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ നിരവധി പേരാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും എത്തുന്നത്.

ശനി രാത്രി പാപ്പാഞ്ഞിയെ കത്തിക്കല്‍. ജനുവരി ഒന്നിന് പകല്‍ 3.30ന് കൊച്ചിന്‍ കാര്‍ണിവല്‍ റാലിയോടെയാണ് സമാപനം. പരേഡ് ഗ്രൗണ്ടില്‍ രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. ഇതുകൂടാതെ വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീയായി ഒരുക്കിയ മഴമരം കാണാന്‍ വന്‍ത്തിരക്കാണ്.