ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ആശുപത്രികളുടെ ഇടനാഴികളിൽ രോഗികളെ കിടത്തി ചികിത്സിക്കേണ്ടി വരുന്ന ‘കോറിഡോർ കെയർ’ ഗുരുതര പ്രതിസന്ധിയായി തുടരുന്നതായുള്ള പുതിയ കണക്കുകൾ പുറത്തുവന്നു . പ്രതിദിനം ഏകദേശം 3,000 രോഗികൾക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നതായാണ് പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതക്കുറവും രോഗികളുടെ വർധിച്ച തിരക്കുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോറിഡോർ കെയർ 2029ഓടെ പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി ജെയിംസ് മുറേ, രോഗികളെ ഇടനാഴികളിൽ ചികിത്സിക്കുന്നത് അംഗീകരിക്കാനാവാത്തതും അവരുടെ അന്തസ്സിന് നിരക്കാത്തതുമായ സാഹചര്യമാണെന്ന് വ്യക്തമാക്കി. പ്രശ്നം ഏറ്റവും രൂക്ഷമായ ആശുപത്രി ട്രസ്റ്റുകളെ കണ്ടെത്തി ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നൽകുന്നതിനായാണ് ആദ്യമായി ഇത്തരം കണക്കുകൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോറിഡോർ കെയറിന്റെ ഭൂരിഭാഗം സംഭവങ്ങളും ഏതാനും ആശുപത്രി ട്രസ്റ്റുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, മേയ് മാസം സാധാരണയായി ആശുപത്രികളിൽ അത്ര സമ്മർദം അനുഭവപ്പെടാത്ത സമയമായിരുന്നെങ്കിലും ഇത്തവണ കടുത്ത ചൂട് കാരണം രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. പുറത്തുവന്ന കണക്കുകൾ അതീവ ആശങ്കാജനകമാണെന്നും സുരക്ഷിതമല്ലാത്തതും അന്തസ്സില്ലാത്തതുമായ ചികിത്സാ രീതികൾ വ്യാപകമാണെന്നും റോയൽ കോളജ് ഓഫ് നേഴ്‌സിങ്ങിന്റെ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ വിമർശിച്ചു. രോഗികളും കുടുംബാംഗങ്ങളും മാത്രമല്ല, ആവശ്യമായ സൗകര്യങ്ങളില്ലാതെ സേവനം നൽകേണ്ടി വരുന്ന നേഴ്‌സുമാരും കടുത്ത മാനസിക സമ്മർദം നേരിടുകയാണെന്നും അവർ പറഞ്ഞു. വർഷങ്ങളായി കാത്തിരിപ്പ് സമയങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കണക്കുകൾ പ്രശ്നത്തിന്റെ യഥാർത്ഥ വ്യാപ്തി വെളിപ്പെടുത്തുന്നതാണെന്ന് കിങ്സ് ഫണ്ടിലെ വിദഗ്ധൻ ശിവ ആനന്ദസിവയും അഭിപ്രായപ്പെട്ടു.











Leave a Reply