തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും വിമാനം ഇറങ്ങിയ ആറു പേർക്ക് കോവിഡ് രോഗലക്ഷണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തിയ രണ്ടു പേർക്കും ബഹ്റിനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നു ചേർന്ന് നാലു പേർക്കും ആണ് കോവിഡ് രോഗ ലക്ഷണം.
കൊച്ചിയിൽ ഇറങ്ങിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. ബഹ്റിനിൽ നിന്നും വന്ന നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും. ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. ുലർച്ചെ 12.40 നാണ് ഐ എക്സ് – 474 എയർ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.
ദുബായിയിൽ നിന്നുള്ള 178 മലയാളികളാണ് ഇന്നലെ കൊച്ചിയിലെത്തിയത്. എയർ ഇന്ത്യ വിമാനം തിങ്കളാഴ്ച രാത്രി 8.06 നാണ് നെടുമ്ബാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. യാത്രക്കാരിൽ 86 പുരുഷന്മാരും 86 സ്ത്രീകളും പത്തു വയസിൽ താഴെ പ്രായമായ അഞ്ച് കുട്ടികളും ഒരു കൈക്കുഞ്ഞുമാണ് വിമാനത്തിലുണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ 11നാണ് വിമാനം നെടുമ്പാശേരിയിൽനിന്നു ദുബായിലേക്കു പുറപ്പെട്ടത്. പ്രവാസികളുമായി രണ്ടു വിമാനങ്ങൾ കൂടി ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തും. ദമാമിൽ നിന്നുള്ള വിമാനം രാത്രി 8.30 നും സിംഗപ്പൂരിൽനിന്നുള്ള വിമാനം രാത്രി 10.50 നുമാണ് എത്തുന്നത്.
അതേസമയം മസ്‌കത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും. 183 യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ഒമാനിൽ നിന്ന് 364 പ്രവാസി ഇന്ത്യക്കാർക്ക് നാടണയുവാനുള്ള അവസരം സാധ്യമാകും.
ഒമാൻ സമയം വൈകുന്നേരം 4.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഐ.എക്‌സ് 350 വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളുമാണ് യാത്ര തിരിക്കുന്നതെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് അറിയിച്ചു. യാത്രക്കാരുടെ തെർമൽ സ്‌ക്രീനിംഗ് പരിശോധന വിമാനത്താവളത്തിൽ നടത്തും.
Leave a Reply