എം. ജി.ബിജുകുമാർ

“നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി… ”
റിങ്ങ് ടോണിലെ പാട്ടിൻ്റെ വരികൾ പൂർത്തിയാകും മുമ്പ് ഞാൻ ഫോണെടുത്തു എടുത്തു ചെവിയിൽ വച്ചു.
‘ഹലോ..!’
” നീ വീട്ടിലുണ്ടോടാ..?”
ചിറ്റപ്പൻ്റെ ഘനഗംഭീര ശബ്ദം.
‘വീട്ടിൽ തന്നെയുണ്ട്.. ”
” നീ എവിടെയെങ്കിലും പോകുന്നുണ്ടോ ഇന്ന് ?”
വീണ്ടുമൊരു ചോദ്യം.
എന്തോ കാര്യം ഉണ്ടല്ലോ എന്ന് മനസ്സിലോർത്തു.
‘ഇല്ല എങ്ങും പോകുന്നില്ല, മഴ ഇപ്പോൾ പെയ്യുമെന്ന നിലയിലാ മാനം. വീട്ടിൽ തന്നെ കാണും. എന്താ ചിറ്റപ്പാ കാര്യം..?’
”ഒരു ബ്രോക്കർ അങ്ങോട്ട് വരുന്നുണ്ട്, നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു ”
ചിറ്റപ്പൻ വിളിച്ച കാര്യം വ്യക്തമാക്കി.
” പഴയതുപോലെ വെറുതേ കാശ് വാങ്ങി മുങ്ങുന്നവരെപ്പോലെയുള്ളവരാണോ..?”
മുമ്പുണ്ടായിട്ടുള്ള അനുഭവത്തെപ്പറ്റി ഞാൻ ചെറുതായൊന്നു സൂചിപ്പിച്ചു.
“ഏയ് അല്ല ! ഇത് നല്ല ഡീസൻ്റ് പാർട്ടിയാ”
ചിറ്റപ്പൻ്റെ ഗ്യാരൻറി.
“ശരി വരട്ടെ നോക്കാം ”
ഞാൻ ഫോൺ കട്ട് ചെയ്തു.

തുറന്ന ജനാലയിലൂടെ കൈ വെളിയിലേക്ക് നീട്ടവേ മുകിലിൻ ചിറകിൽ തഴുകി ആകാശക്കൂടാരത്തിലെ രാജകുമാരിയുടെ കഥ പറയാനെത്തിയ ആലിപ്പഴങ്ങൾ കൈകളിലേക്ക് പൊഴിയുന്നുണ്ടായിരുന്നു.
ഉള്ളിലേക്ക് ഊർന്നിറങ്ങുന്ന കുളിർമ്മയിൽ ഹൃദയത്തിൽ കവിത വിരിയുമോ എന്ന് ഞാൻ സംശയിച്ചു.
ഓർമ്മകളെ പക്ഷികളാക്കി ചിറകുകൾ ബന്ധിച്ച് ,കൂട്ടിന് കുറേ കിനാവുകളേയും ചേർത്ത് കൂട്ടിലിട്ടടച്ചു വെക്കാറുണ്ട്…
മുനയുള്ള ചിന്തകൾ പായുമ്പോൾ ചിറകുകളുടെ ബന്ധനങ്ങൾ മുറിഞ്ഞ് പുറത്തേക്ക് പറന്ന് കലപില കൂട്ടി മേഘക്കൂട്ടങ്ങളിലൂടെ സഞ്ചരിച്ച് അത് അക്ഷരങ്ങളിലേക്ക് ചേക്കേറും…
വാക്കുകളും വരികളും ചേർന്നത് മഴയായ് പെയ്തിറങ്ങുമ്പോൾ മനസ്സ് വീണ്ടും ചിറകുകൾ ബന്ധിക്കാനുള്ള ഓർമ്മപ്പറവകളെ തേടുന്നുണ്ടാവും…..!

ജാതകത്തിൽ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉള്ളതിനാൽ വരുന്ന ബ്രോക്കർമാർ എല്ലാം കിട്ടുന്ന കാശ് കൊണ്ട് പോകുന്നതല്ലാതെ പിന്നീട് ഈ വഴി വരാറില്ല എന്നത് പതിവായപ്പോൾ ഈ ബ്രോക്കർമാക്ക് കാശ് കൊടുക്കുന്ന പരിപാടി ഇനി വേണ്ടത് വിചാരിച്ചിരുന്നതാണ്. എന്തായാലും ചിറ്റപ്പൻ പറഞ്ഞതല്ലേ എന്ന് കരുതിയാണ് മറുത്തൊന്നും പറയാതെ സമ്മതിച്ചത്.

ഓരോന്നാലോചിച്ച്, ഇളം കാറ്റിൽ ഒരു നനുത്ത തൂവൽപോലെ വാനിലെ മേഘക്കൂടാരങ്ങൾക്ക് താഴെ
മനസ്സങ്ങനെ പാറി നടക്കുകയായിരുന്നു.
മാരിവില്ല് തെളിഞ്ഞ് മണ്ണിന്റെ ഗന്ധമുണർത്തി ചാറ്റൽ മഴ പെയ്യുമ്പോൾ മനവും കുളിർത്ത് നിറയുന്നതായി തോന്നി.

തുറന്ന ജനാലയിലൂടെ ഇടവിട്ട് പെയ്യുന്ന മഴയുമാസ്വദിച്ച് വെറുതേ സമയം കളയുമ്പോൾ പത്രത്തോടൊപ്പം വന്ന വാരാന്തപ്പതിപ്പ് വായിക്കാനായി എടുത്തു. മഴയൊന്നു തോർന്ന് വെയിൽ അൽപ്പം തെളിഞ്ഞു. പത്രത്താളുകളിലൂടെ വെറുതെയൊന്ന് കണ്ണോടിക്കുമ്പോൾ ദൃഷ്ടി നക്ഷത്ര ഫലത്തിൽ ചെന്നു നിന്നു.
“അപ്രതീക്ഷിതമായി സാമ്പത്തികനേട്ടം ഉണ്ടാകും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ യുക്തമായ തീരുമാനങ്ങളെടുക്കാൻ സഹായകരമാകും. സന്താനങ്ങളുടെ പഠനകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവധിയെടുക്കും”
ഇതു വായിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുറേക്കാലമായി ലോട്ടറിപോലുമെടുക്കാതെ എനിക്ക് എങ്ങനെ അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും? അവിവാഹിതനായ ഞാനെങ്ങനെ പങ്കാളിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിക്കുകയും സന്താനങ്ങളുടെ പഠിപ്പു നോക്കുകയുമൊക്കെ ചെയ്യും??’

അതിനെക്കുറിച്ചോർത്ത് ഊറിച്ചിരിക്കവേ വീടിനുമുന്നിൽ തൂക്കിയിരുന്ന മണി ആരോ അടിക്കുന്ന ശബ്ദം മുഴങ്ങി. എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നപ്പോൾ മുപ്പതിലേറെ പ്രായം തോന്നുന്ന ഒരു യുവതി ഫയലുമായി നിൽക്കുന്നു.
ബ്രോക്കർ വരും എന്നു പറഞ്ഞെങ്കിലും അതൊരു ചെറുപ്പക്കാരിയായ സ്ത്രീ ആകും എന്ന് കരുതിയില്ല. ഇത് വെറും ബ്രോക്കർ അല്ല അല്പം സ്റ്റാൻഡേർഡ് ഒക്കെ ഉള്ളതാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു.
“അകത്തേക്ക് കയറി ഇരിക്കാം”
ഞാൻ പറഞ്ഞു. അവരൊന്നും മടിച്ചു നിൽക്കവേ “കയറിയിരുന്നോളൂ ” എന്ന് ഞാൻ വീണ്ടും പറഞ്ഞു. യുവതി സിറ്റൗട്ടിലേക്ക് കയറിയിരുന്നു.
” ചോദിക്കുന്ന കാര്യങ്ങളുടെ ഡീറ്റയിൽസ് ഒന്ന് കറക്ടായി പറയണം”
യുവതി മൊഴിഞ്ഞു.
എത്ര പേരോട് ഇങ്ങനെ ഡീറ്റെയിൽസ് പറഞ്ഞിരിക്കുന്നു എന്ന ഭാവത്തിൽ ഞാൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
വഴിയരികിലെ കാഴ്ചകളിൽ
മിഴിനട്ട് മുറ്റത്ത് നിൽക്കുന്ന മരങ്ങളിൽ
ചാഞ്ഞു വീഴുന്ന മഴയുടെ സംഗീതം ഓർമ്മിപ്പിച്ച് സിറ്റൗട്ടിലേക്ക്
കാറ്റു പൊഴിച്ച നിറമാർന്നൊരില പറന്നു വീണു; കുളിരാർന്ന കഥ പറയാനെത്തിയതെന്ന് ഓർമ്മിപ്പിക്കും പോലെ.

” ഗൃഹനാഥൻ്റെ പേരെന്താണ് ?”
ആദ്യ ചോദ്യം.
“ഗോപാലകൃഷ്ണക്കുറുപ്പ് ”
” വീട്ടിൽ വേറെ ആരൊക്കെയുണ്ട് ?”
“ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ”
എന്റെ മറുപടി കേട്ട് സംശയഭാവത്തിൽ ആഗത ഒന്ന് നോക്കി. ചെറുപ്പക്കാരൻ ആണല്ലോ എന്നിട്ടും ഇങ്ങനെയൊരു പേര് എങ്ങനെ വന്നു എന്നതായിരുന്നു ആഗതയുടെ ആ നോട്ടത്തിൻ്റെ പിന്നിൽ.

“വീട്ടു നമ്പർ എത്രയാണ് ?”
അതൊക്കെ എന്തിനാ ഇവരറിയുന്നത് എന്ന് മനസ്സിൽ തോന്നിയെങ്കിലും പറഞ്ഞുകൊടുത്തു.
“ഹൈടെക് ബ്രോക്കർമാർ എല്ലാം തിരക്കുമായിരിക്കും. കാലം പോയ പോക്കേ !” ഞാൻ മനസ്സിൽ പറഞ്ഞു.
“വീട്ടിൽ നാൽക്കാലികൾ ഉണ്ടോ? എത്രയെണ്ണം?
അടുത്ത ചോദ്യം.
” ഇത് കൊള്ളാമല്ലോ പെണ്ണ് അന്വേഷിക്കുന്ന ബ്രോക്കർമാർക്ക് എന്തെല്ലാം അറിയണം, ദൈവമേ !’ എന്നു മനസ്സിലോർത്തു.
“നാൽക്കാലികൾ ഇല്ല, ഇരുകാലികൾ രണ്ടെണ്ണം ”
നിഷേധഭാവത്തിലുള്ള എന്റെ മറുപടി കേട്ട് അവൾ അവിശ്വസനീയതയോടെ ചോദ്യഭാവത്തിൽ എന്നെ നോക്കി. ഞാൻ ആ ചോദ്യഭാവത്തിന് മറുപടി നൽകിയില്ല.

” ചോദിക്കുന്ന കാശ് കൊടുക്കണം. പിന്നെ ഇത്തരം ചോദ്യങ്ങൾക്ക് എന്തിന് മറുപടി നൽകണം” എന്നതായിരുന്നു എന്റെ ചിന്ത.
” വളർത്തുമൃഗങ്ങൾ എന്തെങ്കിലുമുണ്ടോ?” അടുത്ത ചോദ്യം.
ഞാൻ ഇതിനൊക്കെ മറുപടി പറയണോ എന്നറിയാതെ സംശയിച്ചു നിന്നു.
” പശു ആട് പട്ടി കോഴി ഇവയിൽ ഏതെങ്കിലും ഉണ്ടോ..? ”
അവൾ ചോദ്യം വ്യക്തമാക്കി. ഇതൊക്കെയുള്ള വീട്ടിലേക്ക് പെൺകുട്ടികൾക്ക് വിവാഹം കഴിച്ചു താൽപ്പര്യമില്ലാത്തവരും കാണും,അതാവും ഇത്രയും വിശദമായി ചോദ്യാവലി എന്ന് ഞാൻ ചിന്തിച്ചു.
” ഇപ്പറഞ്ഞവ പോയിട്ട് ഒരു പൂച്ച കുഞ്ഞുപോലുമിവിടില്ല ” അൽപ്പം ഈർഷയോടെ ഞാനതിന് മറുപടി നൽകി. അവൾ എന്തൊക്കെയോ എഴുതുന്നതിനിടയിൽ മഴ ഇരച്ചെത്തി. അതിനൊപ്പം രണ്ട് പൂച്ചകൾ സിറ്റൗട്ടിലേക്ക് ഓടിക്കയറി.
“പൂച്ചകളില്ലെന്ന് പറഞ്ഞിട്ട്..? ”
രൂക്ഷ ഭാവത്തിൽ അവൾ എന്നെ നോക്കി.
“ശ്ശൊ, ഇതിവിടുത്തെല്ല. അയൽവീട്ടിലേതാണ്. വല്ലപ്പോഴും മീനൊക്കെ കൊടുക്കുന്നതുകൊണ്ട് ഇടയ്ക്കൊക്കെ ഇവിടെ വരും. ചാരനിറമുള്ളത് കുട്ടപ്പൻ, ചന്ദനനിറമുള്ളത് കുഞ്ചു. ”
എൻ്റെ വിശദീകരണം കേട്ട് അവൾ ചെറുതായി പുഞ്ചിരിച്ചു. അപ്പോൾ മുറ്റത്തുകൂടി കോഴികൾ പോകുന്നത് കണ്ടു. അവളുടെ ദൃഷ്ടി അങ്ങോട്ട് പോകുന്നത് ഞാൻ ശ്രദ്ധിച്ചു.
” നോക്കണ്ട അത് ഇവിടുത്തെയല്ല,ഇവിടെ മനുഷ്യർ മാത്രമേയുള്ളൂ.”
അതു കേട്ടപ്പോഴും അവൾ ചെറുതായി ചിരിച്ചു. പിന്നെയും ചില ചോദ്യങ്ങൾ ചോദിക്കുന്ന അതിനിടയിൽ മഴ കനത്തു. തൂവാനമടിക്കുന്നത് ദേഹത്തേക്ക് തെറിച്ചുവീണപ്പോൾ അവൾ അസ്വസ്ഥയാകും പോലെ തോന്നി.
” അകത്തേക്ക് കയറിയിരിക്കാം ”
ഞാൻ പറഞ്ഞു.
അവൾ മടിയോടെ എന്നെ നോക്കി.
” മടിയ്ക്കേണ്ട കയറിയിരുന്നാേളൂ, ഇവിടെ മൃഗങ്ങളില്ല. മനുഷ്യരേയുള്ളു” ഞാൻ ഓർമിപ്പിച്ചു.
അത് കേട്ട് പുഞ്ചിരിച്ചുകൊണ്ട് മടിച്ചു മടിച്ചു അകത്തേക്ക് കയറി സെറ്റിയിലിരുന്നു.

”എത്ര പേരുടെ ഡീറ്റെയിൽസ് നിങ്ങളുടെ കസ്റ്റഡിയിലുണ്ട്.? ” എതിർവശത്ത് അവൾക്കഭിമുഖമായി കസേരയിലിരുന്ന് ഞാൻ തിരക്കി.
” ഈ വാർഡിൽ ഉള്ള എല്ലാ വീട്ടിലെയും ഡീറ്റെയിൽസ് എടുക്കും. ഇന്നലെ തുടങ്ങിയതേയുള്ളൂ”
മറുപടി കേട്ട് എനിക്ക് എന്തോ പന്തികേട് പോലെ തോന്നി.
” ശ്ശൊ ! കുടിക്കാൻ എന്തെങ്കിലും തരാൻ മറന്നു. ചായയോ അതോ കാപ്പിയോ?”
സാധാരണ ബ്രോക്കർ വരാറുള്ളപ്പാേൾ നൽകാറുള്ളതാണത്. സ്ത്രീയായതുകൊണ്ട് അത് മാറ്റേണ്ട എന്നുകരുതി ഞാൻ ചോദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“ഏയ് ഒന്നും വേണ്ട.” അവൾ സൗമ്യതയോടെ പറഞ്ഞു.
” മഴയും തണുപ്പുമൊക്കെയല്ലേ, ചൂടുള്ള ചായയോ കാപ്പിയോ ആവിയൂതി കുടിക്കുന്നത് ഒരു രസമല്ലേ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതു കേട്ട് അവളും ചിരിച്ചു.
” കാപ്പിയിടാം, ഞാനതാണ് കുടിയ്ക്കാറ്” എന്നു പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിലേക്ക് കയറി.അപ്പോൾ അവൾ ഷെൽഫിനടുത്തേക്ക് ചെന്ന് പുസ്തകങ്ങളൊക്കെ എടുത്തു നോക്കുന്നുണ്ടായിരുന്നു.

പെയ്ത മഴയുടെ തണുപ്പ് അടുക്കളയുടെ
തുറന്നിട്ട ജനാലയിലൂടെ വന്നു തലോടുമ്പോൾ തണുപ്പും വഹിച്ചു വന്ന കാറ്റ്, വാഴയില കുടയായി പിടിച്ചു നടന്ന കാലത്തെ ഓർമ്മയിലേക്ക് എന്നെ കൊണ്ടു പോയി. പകുതി നനഞ്ഞുവരുമ്പോൾ അമ്മയുണ്ടാക്കിത്തരുന്ന കാപ്പിയുടെ രുചി ഗൃഹാതുരതയോടെ ഓർത്തു. വീശിയടിച്ച കാറ്റിൽ ജനാല അല്പം ശബ്ദത്തോടെയടഞ്ഞത് എന്നെ ഓർമ്മയിൽനിന്നും ഉണർത്തി.

കാപ്പിയുമായി വന്നപ്പോൾ അവളതും വാങ്ങി വീണ്ടും സെറ്റിയിലിരുന്നു.
” ഇപ്പോൾ എത്ര പെൺകുട്ടികളുടെ ഡീറ്റെയിൽസ് കൈയിലുണ്ട് ?”
കാപ്പി കുടിച്ചു കൊണ്ടിരിക്കേ ഞാൻ തിരക്കി.
“പെൺകുട്ടികളുടെ ഡീറ്റെയിൽസോ ?” അവൾ കാര്യം മനസിലാകാത്ത ഭാവത്തിൽ ചോദിച്ചു.
“അവിവാഹിതരായ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഡീറ്റെയിൽസ് നിങ്ങൾ ശേഖരിക്കുമല്ലോ.അതാ ചോദിച്ചത് .” ഞാൻ വ്യക്തമാക്കി.
“എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല ” അവൾ സംശയദൃഷ്ടിയോടെ എന്നെ നോക്കി.
“ബ്രോക്കർമാർ എല്ലാം അങ്ങനെയല്ലേ ചെയ്യുക. ഡീറ്റെയിൽസ് കളക്ട് ചെയ്തിട്ട് യോജിപ്പിക്കാൻ പറ്റുന്നത് തമ്മിൽ യോജിപ്പിക്കാൻ നോക്കുകയുമല്ലേ ചെയ്യാറ്. ചില പൊടിക്കൈകൾ ഒക്കെ പ്രയോഗിച്ച് ചേരാത്തത് തമ്മിൽ ചേർക്കുന്ന രീതികളും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

” അയ്യേ ഞാൻ ബ്രോക്കർ അല്ല. നിങ്ങൾക്ക് ആള് തെറ്റിയതാ ” അവൾ ചമ്മലോടെ പറഞ്ഞു.
“ചിറ്റപ്പൻ കുറച്ചുമുമ്പ് വിളിച്ചു പറഞ്ഞിരുന്നു. ഒരു ബ്രോക്കർ വരുന്നുണ്ടെന്ന്. അപ്പോൾ ആ ആളല്ലേ..?” ഞാൻ അവിശ്വസനീയതയോടെ തിരക്കി.
” ഹേയ് അല്ല, എന്റെ പേര് നീരദ. ഈ വാർഡിൽ കന്നുകാലി സെൻസസ് എടുക്കാനായി വന്നതാണ്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാനാകെ ചമ്മിപ്പോയി. ജാള്യത മറക്കാൻ ഞാൻ വേഗം കാപ്പി കുടിച്ചു.
മഴ തോർന്ന് മഴമുകിൽക്കീറ് മാഞ്ഞ് വെയിൽ പരക്കുന്നുണ്ടോയെന്ന് അവൾ വെളിയിലേക്ക് നോക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ കുട ഇല്ലെന്ന് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.
“മഴ ആയിട്ടും കുട എടുക്കാൻ മറന്നോ ? ” ഞാൻ തിരക്കി.
” കുട എടുത്തിരുന്നു. മുമ്പ് കയറിയ വീടുകളിലെവിടെയോ മറന്നു വെച്ചിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നില്ല.” അവളുടെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി.
” കുടയുണ്ടെങ്കിലും നനയുന്ന പെരുമഴയാണ് ഇപ്പോൾ പെയ്യുന്നത്.” ഞാൻ മുറ്റത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
” ധാരാളം വായിക്കുന്ന ആളാണെന്ന് തോന്നുന്നല്ലോ..? പുസ്തകങ്ങളൊക്കെ കുറേയുണ്ടല്ലോ!” ഷെൽഫിലേക്ക് നോക്കിക്കൊണ്ട് അവൾ തിരക്കി.
“വല്ലപ്പോഴും കുറച്ചൊക്കെ വായിക്കും. മടി ആണെന്നേ…! പിന്നെ സമയം കിട്ടുമ്പോൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി.
” ആഹാ എഴുതുമോ..! കഥയോ കവിതയോ ??” അവൾ കൗതുകത്തോടെ ചോദിച്ചു.
” അങ്ങനെയൊന്നുമില്ല എന്തു തോന്നുന്നുവോ, അതെഴുതും. അത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. ചിലതൊക്കെ അച്ചടിച്ചു വരും. കുറെയൊക്കെ ഓൺലൈൻ പേജുകളിലും മറ്റും പ്രസിദ്ധീകരിക്കും.” എൻ്റെ മറുപടി കേട്ട് അവളുടെ മുഖം വിടർന്നു.
“ആഹാ കൊള്ളാമല്ലോ ! പക്ഷേ എഴുത്തുകാരനു പറ്റിയ പേര് അല്ലല്ലോ ഈ ഗോപാലകൃഷ്ണക്കുറുപ്പ് എന്നത് ”
അവൾ ചിരിച്ചു കൊണ്ട് കാപ്പിയുടെ കപ്പ് ടീപ്പോയിൽ വച്ചു.അതിൽ കിടന്ന ഒരു പുസ്തകം എടുത്തു കണ്ണോടിച്ചു.
“അയ്യോ! അത് അച്ഛന്റെ പേര് ആണ്. ഇരുകാലികൾ രണ്ടുപേരുണ്ട് എന്ന മുമ്പ് നിഷേധത്തോടെ ഞാൻ പറഞ്ഞില്ലേ. അതിലൊരാൾ .മറ്റേത് ഞാനും.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്നിട്ട് അച്ഛൻ എവിടെ..?”
അവൾ തിരക്കി “സഹോദരിയുടെ വീട് വരെ പോയിരിക്കുകയാണ്.”
“എപ്പോഴാണ് എഴുത്തുകാരൻ്റെ സൃഷ്ടികൾ ജനിക്കുന്നത്.?”
അവൾ ആകാംക്ഷയോടെ തിരക്കി.
“ഭൂമിയേയും ആകാശത്തിനേയും വേർതിരിച്ച വെളിച്ചത്തെ വിഴുങ്ങാനെത്തുന്ന നിശീഥിനിയോട് സല്ലപിക്കാൻ പ്രതീക്ഷയുടെ നീല വെളിച്ചം നൽകുന്ന റാന്തലിന്റെ തിരിയും തെളിച്ച് കാത്തിരിക്കും.
പുലരിയിൽ കൊരുത്ത ഹിമകണങ്ങളിൽ സ്വർണ്ണനിറമെത്തുംവരെ
ഉറവ വറ്റാത്ത ചിന്തകളും മഷി വറ്റാത്ത തൂലികയുമായി കനവുകൾക്ക് നിറംചേർത്ത വാക്കുകൾക്കായി തിരഞ്ഞുകൊണ്ടിരിക്കും.
അങ്ങനെ മനസ്സിൽ തോന്നുന്നതൊക്കെ കുത്തിക്കുറിയ്ക്കും” ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
” മറുപടിയിലും ഒരു സാഹിത്യ ഭംഗിയുളണ്ടല്ലോ ! അപ്പോൾ എഴുത്തുകാരൻ തന്നെ..!” അവളുടെ വക അഭിനന്ദനം.
” ആലങ്കാരികമായി പറഞ്ഞെന്നേയുള്ളൂ ഒഴിവു സമയങ്ങളിൽ എഴുതുന്നമെന്ന് തോന്നിയാൽ എഴുതും അത്രേയുള്ളു.”
ഞാൻ മന്ദഹസിച്ചു.

“ഈ അടുത്ത വാർഡുകളിൽ എങ്ങും കണ്ടിട്ടില്ലല്ലോ, ഇവിടെയെങ്ങും അല്ലേ താമസം..? പുസ്തകത്തിൽ കണ്ണാടിച്ചു കൊണ്ടിരിക്കുന്ന അവളോട് ഞാൻ തിരക്കി.
” ഞാൻ ഈ പഞ്ചായത്തിൽ വന്നിട്ട് ആറു മാസമേ ആയിട്ടുള്ളൂ. മറ്റു ജോലി ഒന്നും ഇല്ലാത്തതിനാൽ കന്നുകാലി സെൻസസ് എടുക്കാൻ വിളിച്ചപ്പോൾ അപേക്ഷ കൊടുത്തു. അങ്ങനെ വന്നതാണ്.”
അവൾ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
” അപ്പോൾ കുടുംബം..?
“അത് നിങ്ങൾക്കൊരു കഥയെഴുതാനുള്ളത് ഉണ്ട്. ” അവളുടെ മുഖം അല്പം മ്ളാനമായി.
“വിരോധമില്ലെങ്കിൽ പറയൂ, കേൾക്കട്ടെ, എന്നിട്ടു തീരുമാനിക്കാം എഴുതണോ വേണ്ടയോ എന്ന് ” അവൾ തൻ്റെ കഥ പറയുമെന്ന പ്രതീക്ഷയോടെ ഞാൻ പറഞ്ഞു
.
അവൾ തന്റെ കഥ പറഞ്ഞു തുടങ്ങി. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശവാസിയായ തൻ്റെ ഭർത്താവ് മുങ്ങി മരിച്ചെന്നും അതിനുശേഷം ഭർത്താവിന്റെ സഹോദരന്റെ ശല്യം സഹിക്കാൻ വളരെ ബുദ്ധിമുട്ടായി വന്നെന്നും, സ്വന്തം അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ മറ്റു മാർഗ്ഗമില്ലാതെ ആ ചെറിയ വീടും സ്ഥലവും വിറ്റ് ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഈ നാട്ടിലെത്തി ഒരു ചെറിയ വീട് വാങ്ങി താമസമായിട്ട് ആറുമാസമേ ആയുള്ളൂവെന്നും, നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൻ ഉണ്ടെന്നുമെല്ലാം അവൾ വളരെ വിഷാദത്തോടെ പറഞ്ഞു നിർത്തി.

” നീരദ വേറെ ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ ?”
അവൾ കണ്ണു തുടയ്ക്കുന്നത് കണ്ട് ആ വിഷാദഭാവം മാറ്റുന്നതിനായി ഞാൻ ചോദിച്ചു.
” ഒരു ഹോം ട്യൂഷൻ സെൻ്റർ തുടങ്ങണമെന്നുണ്ട്. ആൾക്കാരുമായി അധികം പരിചയമായിട്ടില്ല. അതിൻ്റെയൊരു ബുദ്ധിമുട്ടുണ്ട്.” ശുഭാപ്തി വിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി.
” അങ്ങനെയെങ്കിൽ ജീവിതമൊക്കെ ഇപ്പോൾ വളരെ ബുദ്ധിമുട്ടായിരിക്കുമല്ലോ..? സഹാനുഭൂതിയോടെ ഞാൻ അന്വേഷിച്ചു.
“ഏയ്, അങ്ങനെയൊന്നുമില്ല. ഭർത്താവിൻ്റെ അച്ഛൻ ലാസ്റ്റ് ഗ്രേഡായിരുന്നു. പെൻഷനുളളതിനാൽ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയുന്നുണ്ട്.” അവളതു പറഞ്ഞു കൊണ്ട് മഴ തോർന്നോന്നറിയാൻ പുറത്തേക്ക് നോക്കി.

വലിയ മഴ തോർന്നെങ്കിലും ചെറിയ ചാറ്റലുണ്ടായിരുന്നു. അപ്പോഴും അവൾ ടീപ്പോയിൽ നിന്നുമെടുത്ത “മേഘങ്ങൾ പറഞ്ഞ കഥ” എന്ന പുസ്തകത്തിന്റെ ഉൾപ്പേജുകൾ അലക്ഷ്യമായി മറിച്ചു നോക്കുന്നുണ്ടായിരുന്നു.
“ഞാൻ ഒരു കുട തരാം, കുറച്ചു ദിവസം കൂടി ഈ വാർഡിൽ വരുമല്ലോ, ഈ വഴി വരുമ്പോൾ തിരിച്ചു തന്നാൽ മതി. അല്ലെങ്കിൽ അമ്പലത്തിൽ മുന്നിലുള്ള കടയിൽ ഏൽപ്പിച്ചിരുന്നാലും മതി” എന്നു പറഞ്ഞുകൊണ്ട് ഞാൻ അകത്തു നിന്നും ഒരു കുട എടുത്ത് അവൾക്ക് നൽകി. അവൾ അതു വാങ്ങി പുഞ്ചിരിച്ചു. അപ്പോഴും ആ പുസ്തകം അവളുടെ കയ്യിൽത്തന്നെ ഉണ്ടായിരുന്നു.
” ആ പുസ്തകം എടുത്തോളൂ, വെറുതെയിരിക്കുമ്പോൾ വായിക്കാമല്ലാ !” ഞാനത് പറഞ്ഞപ്പോൾ അവൾ ആ പുസ്തകവും ഫയലും ചേർത്തുപിടിച്ച് കുടയുമായി ഹാളിന് വെളിയിലേക്കിറങ്ങി. കുട നിവർത്തി മുറ്റത്തേക്കിറങ്ങി മുന്നോട്ടു നടന്നിട്ട് നീരദ തിരിഞ്ഞുനിന്നു.
” ഈ ഇരുകാലിയുടെ പേര് എന്താണെന്ന് പറഞ്ഞില്ലല്ലോ…! ചിരിച്ചുകൊണ്ടാണ് അവളത് ചോദിച്ചത്.
” ആ പുസ്തകത്തിൻ്റെ പുറത്തുണ്ട് ” മുറ്റത്തേക്കിറങ്ങാനുള്ള പടിയിൽ നിന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാനതു പറയുമ്പോൾ
ഈറനുടുത്ത മഴപ്പെണ്ണിന്റെ മുടിത്തുമ്പിൽ നിന്നും ജലകണികകൾ ചാറ്റൽ മഴയായി ഊർന്ന് എൻ്റെ മുഖത്തേക്ക് വീണു.

അവൾ അത്ഭുതത്തോടെ ആ പുസ്തകമെടുത്തു കവർ പേജിലേക്ക് നോക്കി.”മേഘങ്ങൾ പറഞ്ഞ കഥ” എന്ന പേരിനു താഴെ എഴുതിയിരിക്കുന്ന രചയിതാവിൻ്റെ പേര് അവൾ ആകാംക്ഷയോടെ വായിച്ചു.
“മുകിൽ…”

അതിനുശേഷം വീണ്ടും പുസ്തകം ഫയലിനോട് ചേർത്തുപിടിച്ച് , എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ റോഡിലൂടെ നടന്നകന്നു.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.