പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സില്‍ ചരിത്രംകുറിച്ച സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. 89.30 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജ് വെള്ളിത്തിളക്കം സ്വന്തമാക്കിയത്.
ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ആദ്യ ഈഴത്തില്‍ 86.92 മീറ്റര്‍ കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് ജാവലിന്‍ 89.30 മീറ്റര്‍ദൂരത്തേക്ക് പായിച്ചത്. ജാവലിന്‍ ത്രോയില്‍ ഈവര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണിത്.
തുടര്‍ന്നുള്ള മൂന്ന് അവസരവും ഫൗളായി. ഫിന്‍ലന്‍ഡ് താരം ഒലിവിയര്‍ ഹെലാന്‍ഡര്‍ 89.83 മീറ്റര്‍ ദൂരത്തോടെ ഒന്നാമതെത്തി. 86.60 മീറ്റര്‍ ദൂരംകണ്ടെത്തിയ ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സനാണ് വെങ്കലം. അടുത്തമാസം ലോക ചാംപ്യന്‍ഷിപ്പും പിന്നാലെ കോമണ്‍വെല്‍ത്തും ഗെയിംസും നടക്കാനിരിക്കെ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാവോ നൂര്‍മി ഗെയിംസിലെ നീരജിന്റെ പ്രകടനം.
ജൂണ്‍ 22 വരെയാകും നീരജ് ഫിന്‍ലന്‍ഡില്‍ തുടരും. കൂര്‍ട്ടെന്‍ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒളിംപിക്സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ട്ടെന്‍ ഒളിംപിക് സെന്ററിലുണ്ട്.
സ്പോര്‍ട്സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാന്‍ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്കി. ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനിടെ ഒളിംപിക്സ് ഉള്‍പ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.
ഒളിംപിക്സ് അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര ടോക്കിയോയില്‍ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി.
Leave a Reply