ചെന്നൈ: തമിഴ്‌നാട്ടില്‍ കോളജ് അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും വിവാദത്തില്‍. അറസ്റ്റിലായ അധ്യാപിക സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുമായി തനിക്ക് ബന്ധമുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് ഗവര്‍ണര്‍ വിവാദത്തിയായത്. ഗവര്‍ണറെ തിരിച്ചുവിളിക്കാതെ സുതാര്യമായ അന്വേഷണം നടക്കില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തി. ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ രാജ്ഭവനില്‍ വച്ച് പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ വെട്ടിലാക്കി അധ്യാപികയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. അതിനിടെ ഗവര്‍ണര്‍ തിടുക്കത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതും സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ തിടുക്കത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് സംശയാസ്പദമാണെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പ്രസ്താവിച്ചു. എന്നാല്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ഗവര്‍ണര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് രാജ്ഭവന്റെ വിശദീകരണം.

അതേസമയം അറസ്റ്റിലായ അധ്യാപികയ്ക്ക് താനുമായി ബന്ധമുണ്ടെന്ന വാദം ഗവര്‍ണര്‍ നിഷേധിച്ചു. ആരോപണവിധേയയായ അധ്യാപികയെ അറിയില്ലെന്നും അവരെ കണ്ടിട്ടില്ലെന്നും ഗവര്‍ണര്‍ പുരോഹിത് പറഞ്ഞു. സര്‍വകലാശാല ചാന്‍സ്ലര്‍ എന്ന നിലയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സി.ബി.ഐ അന്വേഷണം നിലവിലെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.