കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍. സംഭവത്തിനു പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മഹേഷ് വ്യക്തമാക്കി. പി.വി.പുഷ്പജ മെയ് 31-നാണ് വിരമിക്കേണ്ടത്.ചില അധ്യാപകര്‍ ഈമാസം 31-ന് വിരമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമാസം കഴിഞ്ഞ് വിരമിക്കുന്ന പ്രിന്‍സിപ്പലിനും അതിനു മുമ്പേ വിരമിക്കുന്നവര്‍ക്കുമായി മാനേജ്മെന്റും സ്റ്റാഫും കഴിഞ്ഞദിവസം യാത്രയയപ്പ് നല്‍കിയിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് യാത്രയയപ്പ് യോഗം ചേരാനായി കോളേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിന് മുമ്പിലെത്തിയപ്പോഴാണ് ബോര്‍ഡ് കണ്ടത്.’വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍…ദുരന്തം ഒഴിയുന്നു..കാമ്പസ് സ്വതന്ത്രമാകുന്നു…’നെഹ്റു’വിന് ശാപമോക്ഷം എന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍. ഇതേ സമയം കാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് കേട്ടതായും മധുരവിതരണം നടത്തിയതായി അറിഞ്ഞുവെന്നും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു.
കോളേജില്‍ സി.സി.ടി.വി.ക്യാമറ സ്ഥാപിക്കുന്നത് എതിര്‍ക്കുന്നതില്‍ തുടങ്ങി സെമിനാര്‍ ഹാളില്‍ അനുമതിയില്ലാതെ യൂണിറ്റ് സമ്മേളനം നടത്തിയതുവരെയുള്ള ഒട്ടേറെ സംഭവങ്ങളില്‍ എസ്.എഫ്.ഐക്കെതിരെ പ്രിന്‍സിപ്പല്‍ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ഇത് എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിക്കുകയും അതതുസമയത്ത് പ്രിന്‍സിപ്പലിനെതിരെ സമരവുമായി രംഗത്തുവരികയും ചെയ്തിരുന്നു. രണ്ടുവര്‍ഷത്തിനിടെ പലതവണ പ്രിന്‍സിപ്പല്‍-എസ്.എഫ്.ഐ തര്‍ക്കം പോലീസിനുമുമ്പിലേക്കും കോളേജ് അടച്ചിടുന്നതിലേക്കും എത്തിയിരുന്നു
എങ്ങിനെ ഇത്തരത്തില്‍ പ്രവത്തിക്കാന്‍ കഴിയുന്നു?-പ്രിന്‍സിപ്പല്‍
കാഞ്ഞങ്ങാട്: എങ്ങിനെയാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജ ചോദിച്ചു. 1300-ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് ഇവിടെ. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. രണ്ടുവര്‍ഷമായി പ്രിന്‍സിപ്പള്‍ ആയി സേവനമനുഷ്ഠിക്കുന്നു.
ഇതിനിടയില്‍ കോളേജിലെ ഗവേഷണ സൗകര്യം കൂട്ടാന്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 1.10 കോടി കിട്ടി. കോളേജിന് നാക്കിന്റെ എ ഗ്രേഡ് ലഭിച്ചു. കണ്ണൂര്‍ സര്‍വകലാശാലക്കു കീഴില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടിയാണ് എ.ഗ്രേഡ് സ്വന്തമാക്കിയത്. പഠനനിലാവരം വലിയതോതില്‍ മെച്ചപ്പെട്ടു. അച്ചടക്കം കൊണ്ടുവന്നു. ഇതേ കോളേജിലാണ് പഠിച്ചത്. അക്കാലത്ത് എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായിരുന്നു താനെന്നും പുഷ്പജ പറഞ്ഞു.
എസ്.എഫ്.ഐ ചെയ്തിട്ടില്ല-ജില്ലാ സെക്രട്ടറിയേറ്റ്
കാഞ്ഞങ്ങാട്: നെഹ്റുകോളേജിലെ പ്രിന്‍സിപ്പാള്‍ കൈക്കൊള്ളുന്ന പല നിലപാടുകളിലും ശക്തമായ പ്രതിഷേധമുണ്ടെന്നും എന്നാല്‍ ഈ രൂപത്തില്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റ് വിശദീകരിച്ചു. സംഭവുമായി എസ്.എഫ്.ഐക്ക് യാതൊരു ബന്ധവുമില്ല. ബോര്‍ഡ് തൂക്കിയതായോ പടക്കം പൊട്ടിച്ചതായോ മധുരം നല്കിയതായോ ഉള്ള ഒരു അറിവും എസ്.എഫ്.ഐക്ക് കിട്ടിയിട്ടില്ല.
എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് പതിക്കുന്നുണ്ടെങ്കില്‍ അതതു കോളേജ് യൂണിറ്റ് ജില്ലാ സെക്രട്ടറിയേറ്റുമായി ബന്ധപ്പെടും. സെക്രട്ടറിയേറ്റിന്റെ സമ്മതമുണ്ടെങ്കിലേ ഏതു നോട്ടീസും പതിക്കുകയുള്ളൂ-സെക്രട്ടറി കെ.മഹേഷ് പറഞ്ഞു. ഉറവിടമില്ലാത്ത വാര്‍ത്തകളെ എസ്.എഫ്.ഐയുടെ മേല്‍ ആരോപിച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സംഘടനയുടെ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടേറിയേറ്റും പ്രസ്താവനയില്‍ അറിയിച്ചു.
Leave a Reply