നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയും ദുബായില്‍ എഞ്ചിനീയറുമായ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരാണ് ദാരുണമായി മരിച്ചത്. രഞ്ജിതിന്റെ മൂത്ത മകന്‍ ആറുവയസുള്ള മാധവ് സുഹൃത്തിന്റെ കുടുംബത്തിനൊപ്പം മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത് ഉള്‍പ്പെടെ 15 പേരടങ്ങുന്ന നാലു കുടുംബങ്ങള്‍ ശനിയാഴ്ചയാണ് നേപ്പാളിലെത്തിയത്. ഇന്നലെ രാത്രി 9.30ഓടെ കാഠ്മണ്ഡുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തു. കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ റൂം ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.
ഒരുമുറിയില്‍ കിടന്നിരുന്ന എട്ടുപേരെ ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹീറ്ററില്‍ നിന്ന് പുറത്തേക്ക് വന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദാരുണമരണം വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് കോഴിക്കോട് കുന്ദമംഗലത്തെ ബന്ധുക്കളും നാട്ടുകാരും. മരണ വിവരം ഇപ്പോഴും രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും അറിയിച്ചിട്ടില്ല. കോളേജ് ഗെറ്റ് ടുഗെതറിന്റെ ഭാഗമായാണ് രഞ്ജിത്ത് ഡൽഹിയിലേക്കും അവിടെ നിന്നും നേപ്പാളിലേക്കും പോയത്.
കുന്നമംഗലത്തെ തറവാട് വീട്ടിലെത്തി നാട്ടിലെ ഉത്സവം കൂടിയ ശേഷമാണ് രഞ്ജിത്തും ഭാര്യയും രണ്ടു മക്കളും വെള്ളിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്. സഹപാഠികൾക്കൊപ്പം എല്ലാവർഷവും പതിവുള്ള ഒത്തുചേരലിനായി ഡൽഹിയിലേക്കു പോയവർ അവിടെ നിന്ന് പെട്ടെന്നെടുത്ത തീരുമാനപ്രകാരമാണ് നേപ്പാളിലേക്ക് പോയത്. ആ യാത്ര മരണത്തിലേക്കായിരുന്നുവെന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും കവർന്നത് വിശ്വസിക്കാനായിട്ടില്ല.
ടെക്നോപാർക്കിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്ത് അടുത്തകാലത്താണ് കോഴിക്കോട് സ്വന്തമായി ഐ.ടി കമ്പനി തുടങ്ങിയത്. ഭാര്യ ഇന്ദുലക്ഷ്മി സഹകരണ ബാങ്കിൽ ജീവനക്കാരിയാണ്. അച്ഛനും അമ്മയും കൂടാതെ ഒരു സഹോദരനും സഹോദരിയും അടങ്ങുന്നതാണ് രഞ്ജിത്തിന്റെ കുടുംബം. ഒരുമിച്ചുപോയ യാത്രയിൽ രണ്ടാം ക്ലാസ്സുകാരൻ മാധവ് മാത്രം മടങ്ങിയെത്തുമ്പോൾ അച്ഛനും അമ്മയും സഹോദരനും എന്നെന്നേക്കുമായി പോയ യാത്രയെ.
അതേസമയം, ദാമനയിലെ പനോരമ റിസോര്‍ട്ടിലെ സര്‍വീസിനെക്കുറിച്ച് മുന്‍പ് അവിടെ താമസിച്ചവര്‍ മോശം അഭിപ്രായമാണ് ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നരമാസം മുന്‍പ് അവിടെ താമസിച്ച ഓസ്ട്രേലിയയില്‍ നിന്നുള്ള വിനോദ സഞ്ചാരി ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കുറിച്ചിട്ടുണ്ട്. തകരാറിലായിരുന്ന ഹീറ്ററിലെ വിഷപുക ശ്വസിച്ചാണോ മരണം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ.
Leave a Reply