ഒടുവില്‍ വേദനയോടെ കങ്കണ റണാവത്ത് ആ രഹസ്യം തുറന്നുപറഞ്ഞു: ‘പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന് കങ്കണ. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിച്ച് വെച്ച ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്.

ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായതെന്നും കങ്കണ തുറന്നു പറയുന്നു.

പതിനാറാം വയസ്സില്‍, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.

എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു.

എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല കങ്കണ സെറീനയോട് പറഞ്ഞു. അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പോലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല കങ്കണ പറഞ്ഞു.

എന്നാല്‍, കങ്കണ പിന്നീട് പരാതി നല്‍കിയെങ്കിലും പോലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്. പിന്നീട് കങ്കണ ഒട്ടുമിക്ക അഭിമുഖങ്ങളിലും പ്രായപൂര്‍ത്തിയാകും മുന്‍പുള്ള ഈ പീഡനക്കാര്യം തുറന്നുപറന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണക്കാരന്‍ ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.