നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചതിനെതിരെ യുവജനങ്ങൾ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് കടുത്ത പ്രതിസന്ധിയാണ് ആ രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത് . ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് ഉൾപ്പെടെ 26 പ്ലാറ്റ്ഫോമുകൾ സർക്കാർ അടച്ചുപൂട്ടിയതോടെ “Gen Z” തലമുറയുടെ നേതൃത്വത്തിൽ രാജ്യവ്യാപക സമരം പൊട്ടിപ്പുറപ്പെട്ടു. നേതൃത്വം, പാർട്ടി ചിഹ്നം, രാഷ്ട്രീയ മുദ്രാവാക്യം എന്നിവ ഒന്നുമില്ലാതെ നടന്ന ഈ സമരം ലോകശ്രദ്ധ പിടിച്ചുപറ്റി.
കാഠ്മണ്ഡുവുൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധം ശക്തമായതോടെ കലാപമുണ്ടായി. സുരക്ഷാ സേനയുടെ ഇടപെടലിൽ ഏറ്റുമുട്ടലിൽ ഇതുവരെ കുറഞ്ഞത് 19 പേർ ജീവൻ നഷ്ടപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . “ഓൺലൈനിൽ ഞങ്ങളെ നിശബ്തരാക്കുകയാണെങ്കിൽ തെരുവിൽ ഇറങ്ങും ” എന്ന മുദ്രാവാക്യമാണ് യുവാക്കളെ ഒന്നിപ്പിച്ചത്. ഡിജിറ്റൽ സ്വാതന്ത്ര്യവും സുതാര്യഭരണവും ആവശ്യപ്പെട്ടാണ് അവർ മുന്നോട്ട് വന്നത്.
പ്രതിഷേധത്തിന്റെ വ്യാപ്തിയിൽ പ്രധാനമന്ത്രി കെ.പി. ശർമ്മ കടുത്ത സമ്മർദ്ദത്തിലാവുകയും ഒടുവിൽ രാജി സമർപ്പിക്കേണ്ടി വരികയും ചെയ്തു. കർഫ്യൂ പ്രഖ്യാപിച്ചിട്ടും, സൈനികരുടെ പട്രോളിംഗുണ്ടായിട്ടും, ജനങ്ങൾ പിൻവാങ്ങാൻ തയ്യാറായിട്ടില്ല. കല, കവിത, ഗാനങ്ങൾ, മീമുകൾ, പ്ലക്കാർഡുകൾ എല്ലാം പ്രതിഷേധത്തിന്റെ പുതിയ ഭാഷയായി മാറി.
ഇന്ത്യ, നേപ്പാളിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് വ്യക്തമാക്കി സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ന്യൂഡൽഹി “ഹിംസ ഒഴിവാക്കണം, സംവാദത്തിലൂടെയാണ് പരിഹാരം” എന്ന നിലപാട് വ്യക്തമാക്കിയത് . അതിനിടെ, വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർക്കായി ഹെൽപ്ലൈൻ നമ്പറും പുറത്തിറക്കി. അടുത്തുള്ള രാജ്യമായതിനാൽ ഇന്ത്യയും ഈ പ്രതിഷേധത്തിന്റെ തുടർഫലങ്ങളെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
Leave a Reply