മുഹമ്മദ് റാഷിക്ക് കെ.പി.

മൈലാഞ്ചിപുതച്ച മീസാങ്കല്ലിന് മുകളിൽ പലപ്പൊഴുമൊരു ശലഭം വന്നിരിക്കാറുണ്ട്.
ഖബറിൽ നിന്നുള്ള കഥകൾ കേട്ടു,
ചിറകുകൾ കല്ലോട് ചേർത്തു
അതനങ്ങാതെ കിടക്കും.

കോലായിൽ കാലു നീട്ടിയിരുന്നാണ്
വലിയുമ്മ മുറുക്കുന്നതും, കഥ പറയുന്നതും.
നിലത്തിട്ടാൽ പാമ്പാവുന്ന വടിയുടെ കഥ
ദൈവകല്പനയേറ്റാൻ കത്തിയെടുത്ത
ത്യാഗിയായ ഉപ്പയുടെ കഥ..
കല്ലേറേറ്റു ചോര പൊടിഞ്ഞിട്ടും
അവർക്ക് പൊറുതുകൊടുക്കണമേയെന്നു പ്രാർത്ഥിച്ച
നന്മയുടെ രാജാവിന്റെ കഥ.

എങ്കിലും പറയാതെയൊളിപ്പിച്ച കഥകൾ
വലിയുമ്മയുടെ ചുണ്ടുകൾക്കിടയിൽ വീർപ്പുമുട്ടും.
കിടാങ്ങളുറങ്ങിക്കഴിയുമ്പോൾ മെല്ലെ കണ്ണുകളടച്ചു ദൂരെയെങ്ങോട്ടോ ഉമ്മാമ്മ യാത്ര പോകും.
അവർ പറയാതെ വിട്ട കഥകളിലധികവും
ഉമ്മയാണ്‌ പറഞ്ഞത്, കഥയായല്ല, പയ്യാരമായി.
അപ്പോഴൊക്കെ
വിളക്ക് നോക്കി ഒരു നേർച്ചപ്പൂമ്പാറ്റ ചുവരിൽ
പറ്റിപ്പിടിച്ചു കിടക്കും…

ഖബറാളികൾ കഥ പറയുമോ..?
അവരുടെ കഥകളിലധികവും കാൽവിരലുകളോടൊപ്പം കൂട്ടിക്കെട്ടി
മൂന്നുകഷ്ണം തുണി പൊതിഞ്ഞു മൂടപ്പെട്ടതല്ലേ.?
പിന്നെ മിണ്ടാനും പറയാനുമവർക്ക്
റത്തുബിന്റെ പൊഴിയാത്ത തളിരുകൾ മാത്രം..
അവയോ തസ്ബീഹ് കൊണ്ടു ജന്നതിലേക്കു
വഴിവെട്ടുന്നു,
ദുനിയവിയായ കഥകൾ അവിടെ മരിക്കുന്നു…

അസറുകഴിഞ്ഞാൽ
നേർത്ത തണുപ്പുള്ളൊരു കാറ്റുവീശാറുണ്ട്.
അതിനു ശേഷമാണ് ശലഭങ്ങൾ
അടുക്കളയുടെ, കോലായുടെ ചുവരുകൾ-
തേടി വന്നിരിക്കാറുള്ളത്.
അവരറിയുന്ന കഥകളും
അവർകേട്ട വാർത്തകളും
നമ്മോടു പറയാൻ വരുന്നതാവാം.
മീസാങ്കല്ലിന്റെ തണുപ്പുള്ള,
മൈലാഞ്ചിമണമുള്ള കഥകൾ…

ഉമ്മാമ്മയുടെ മീസാങ്കല്ലിൽ
ഞാൻ കണ്ട കരിയില നിറമുള്ള പൂമ്പാറ്റ
ഇടക്കൊക്കെ അടുക്കളച്ചുവരിൽ
പറ്റിപ്പിടിച്ചിരിക്കുന്നത്‌ കാണാം..
അതു കാണുമ്പോഴേതോ നേർച്ചക്കടമുണ്ടെന്നോതി,യുമ്മ മെല്ലെ
ഖുർആനിലോ മൗലൂദിലോ സ്വയം മറക്കും.
സുബ്ഹിക്ക് മുന്പാ ശലഭം പറന്നു പോകും.

കഥകളാണല്ലോ വിശ്വാസങ്ങൾക്കാധാരം.
ഇപ്പോഴൊന്നും അവയെ കാണാറില്ല..
മരിച്ചവർ മരിച്ചവരാണ്, അവരോടൊപ്പം അക്കഥകളും…
ഇരുളിലെവിടെയോ ഒരു ശലഭം
വഴിതെറ്റി പറക്കുന്നുണ്ടാവണം…
ചരിത്രങ്ങളും, സ്വപ്നങ്ങളും
കഥകളായുറഞ്ഞു കൂടി ഒരു
മൈലാഞ്ചി മൊട്ടിൽ വിടരാൻ കാത്തു കിടക്കുന്നുണ്ടാവും…

ആരറിയാൻ…
ആരറിയാൻ
ഖബറാളികൾ കഥപറയുമോ എന്ന്…
നവയുഗത്തിലെന്നും ഈ സമയമല്ലോ വലുത്…
അതിലെവിടെ ഖബറാളികൾക്കൊരിടം.?
അവരെയും നാം ഖല്ബിന്റെ പള്ളിക്കാട്ടിൽ
മറമാടിയതല്ലേ…
അതു കൊണ്ടാണല്ലോ
മരിച്ചവർ മരിച്ചവരായതും
ശലഭങ്ങൾക്ക് വഴി തെറ്റിയതും….

 

 

 

 

 

 

 

 

മുഹമ്മദ് റാഷിക്ക് കെ.പി. : മലപ്പുറം സ്വദേശി . ഒരു സ്വകാര്യ ലാബിൽ അറ്റൻഡറായി ജോലി ചെയ്യുന്നു