ടെക് ലോകത്തെ ഞെട്ടിക്കാൻ പുതിയ മോഡലുകൾ പുറത്തിറക്കി ആപ്പിൾ. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ചടങ്ങിൽ ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആര്‍ എന്നീ മൂന്നു മോഡലുകളും ആപ്പിൾ വാച്ച് സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്.
5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളാണ് പുതിയ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാൻ ആദ്യമായി ഡ്യുവൽ സിം കൂടി ഫോണിനൊപ്പം ഉൾപ്പെടുത്തി. ഇന്ത്യയിലെയും ചൈനയിലെയും മാർക്കറ്റു കൂടി ലക്ഷ്യമിട്ടാണ് ആപ്പിളിന്‍റെ ഈ നീക്കം.
ആപ്പിളിന്‍റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന മാറ്റങ്ങളാണ് പുതിയ ഫോണിലും ഒരുക്കിയിട്ടുള്ളത്. സുപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയും 12 മെഗാപിക്സലിന്റെ ഇരട്ട പിൻ കാമറകളും നൽകിയിട്ടുണ്ട്. ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും.
ആപ്പിള്‍ വാച്ചിന്‍റെ നാലാമത് പതിപ്പും കന്പനി പുറത്തിറക്കി. ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷന്‍ തുടങ്ങിയവ അറിയാനുള്ള അവസരവും വാച്ചിൽ നൽകിയിരിക്കുന്നു. വാച്ചിന് 18 മണിക്കൂർ ചാർജ് നിലനിൽക്കുമെന്നും കന്പനി അറിയിച്ചിട്ടുണ്ട്.
ഹെൽത്ത് ആപ്പുവഴി 30 സെക്കൻഡിനുള്ളിൽ ഇസിജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിന്‍റെ അവകാശവാദം. വാച്ച് ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ ഉടൻതന്നെ എമർജൻസി കോൺടാക്ട് നന്പരുകളിലേക്ക് കോളുകൾ പോകുന്നതും പ്രത്യേകതയാണ്.
Leave a Reply