യുകെയില്‍  ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ വിസ അനുവദിക്കപ്പെടുന്നവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. ജൂണ്‍ മാസത്തോടെ ആദ്യമായി 1.1 മില്ല്യണായി ഉയര്‍ന്നു. ഇതില്‍ 331,000 ആളുകള്‍ വര്‍ക്ക് വിസയില്‍ എത്തിയവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-ന് മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 72 ശതമാനമാണ് വര്‍ദ്ധന.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ദീര്‍ഘകാല വിസയുടെ എണ്ണം 487,000ന് അടുത്തെത്തി. അനധികൃതമായി തങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍. 118,000-ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസാ കാലവധി കഴിഞ്ഞും യുകെയില്‍ തുടരുന്നുണ്ട്. 2019-ലെ കണക്കുകളില്‍ നിന്നും മൂന്നിരട്ടി വര്‍ദ്ധനവാണിത്. 115,000 ചൈനീസ് വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യക്കാര്‍ പിന്തള്ളിയത്.

82,000 ഫാമിലി വിസകളും ഹോം ഓഫീസ് അനുവദിച്ചിട്ടുണ്ട്. 230,000 പേര്‍ മറ്റ് റീസെറ്റില്‍മെന്റ് സ്‌കീമുകള്‍ വഴിയും എത്തി. ഇമിഗ്രേഷനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നാണ് 1.1 മില്ല്യണ്‍ വിസകളെന്ന റെക്കോര്‍ഡ് കാണിക്കുന്നതെന്ന് മൈഗ്രേഷന്‍ വാച്ച് യുകെയിലെ ആല്‍പ് മെഹ്മെത് കുറ്റപ്പെടുത്തി. എന്നാല്‍ വര്‍ക്ക് വിസ അനുവദിച്ച് സുപ്രധാന ജോലിക്കാരെ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ലീഗല്‍ മൈഗ്രേഷന്‍ മന്ത്രി കെവിന്‍ ഫോസ്റ്റര്‍ പ്രതികരിച്ചു. അതിനാല്‍ ദീര്‍ഘകാല താമസത്തിനെത്തുന്നവരുടെ എണ്ണം ഇനിയും കൂടും.