ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ്‌ഫോർഡിലെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 36 ഉം 45 ഉം വയസുള്ള രണ്ട് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡെനിസ്റ്റി ബിർട്ടിൽ 9, ഓസ്കാർ ബിർട്ടിൽ 5, ഓബ്രി ബിർട്ടിൽ 22 മാസം ഇവരുടെ അമ്മ ബ്രയോണി ഗാവിത്ത് (29) എന്നിവരാണ് ഓഗസ്റ്റ് 21 നുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞത്. കൊലപാതകമാണെന്ന് സംശയിക്കുന്ന സംഭവത്തിൽ നേരത്തെ തന്നെ 39 കാരനായ ഒരാളെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്ന് അറസ്റ്റിലായ രണ്ട് പേരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് പറയുന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ചുള്ള എന്തെങ്കിലും ദൃശ്യങ്ങളോ വിവരങ്ങളോ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിക്കുകയും ചെയ്‌തു.

കാൾബി ഗ്രോവ്, കാൾട്ടൺ സ്ട്രീറ്റ്, മാൽസിസ് റോഡ്, മിനി സ്ട്രീറ്റ് എന്നിവിടങ്ങളിലായും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവരെ സന്ദർശിക്കാനെത്താറുള്ള സ്ത്രീയുടെ മുൻ പങ്കാളിയാണ് ആശുപത്രിയിൽ കഴിയുന്ന 39 കാരൻ എന്ന് പോലീസ് കണ്ടെത്തി. അതിരാവിലെ പുറത്ത് നിന്നുള്ള വെളിച്ചം കണ്ടപ്പോൾ ആദ്യം കാറിനോ മറ്റോ തീപിടിച്ചതാണെന്നാണ് അയൽവാസികൾ കരുതിയത്. പിന്നീടാണ് വീടിനാണ് തീപിടിച്ചതെന്നും വീടിനുള്ളിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് മനസിലായത്.