ന്യൂസ് ഡെസ്ക്, മലയാളം യുകെ

75,000 വർഷം പഴക്കമുള്ള മനുഷ്യ സ്ത്രീയുടെ മുഖം എങ്ങനെയായിരിക്കും. ഇതിനുള്ള ഉത്തരമാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 75000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ മുഖം ഗവേഷകർ പുന:സൃഷ്ടിച്ചു . നിയാണ്ടർത്തലുകൾ എന്ന വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ രൂപമാണ് ഗവേഷകർ പുനരാവിഷ്കരിച്ചിരിക്കുന്നത്. യൂറോപ്പിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും ജീവിച്ചിരുന്ന പുരാതന മനുഷ്യരായിരുന്നു നിയാണ്ടർത്തലുകൾ. 40,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിക്കുന്നതിന് മുമ്പ്, നമ്മുടെ പൂർവ്വികരായ ഹോമോ സാപ്പിയൻസിനൊപ്പം അവർ ജീവിച്ചിരുന്നു .

കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണ് ഒരു പ്രോജക്റ്റിന്റെ ഭാഗമായി ഈ നേട്ടം കൈവരിച്ചത്. അവർ ആരായിരുന്നുവെന്ന് കൂടുതൽ പഠിക്കാൻ ഇത് നമ്മളെ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രോജക്റ്റിലെ പാലിയോ ആന്ത്രോപോളജിസ്റ്റായ ഡോ. എമ്മ പോമറോയ് പറഞ്ഞു. ഒരു നിയാണ്ടർത്തൽ സ്ത്രീ ജീവിച്ചിരിക്കുമ്പോൾ എങ്ങനെയിരിക്കും എന്നതിൻ്റെ ശ്രദ്ധേയമായ പുനർനിർമ്മാണമാണ് ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത് . ഇറാഖിലെ കുർദിസ്ഥാനിലെ ഷാനിദർ ഗുഹയിൽ നിന്നാണ് മാതൃക നിർമ്മിച്ചിരിക്കുന്ന തലയോട്ടി കണ്ടെത്തിയത്. 1950 കളിൽ കുറഞ്ഞത് 10 നിയാണ്ടർത്തൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലമാണിത്.


പ്രാദേശിയ പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ തലയോട്ടിയുടെ ഭാഗങ്ങൾ യുകെയിലേയ്ക്ക് കൊണ്ടുവന്നാണ് ഗവേഷണം നടത്തിയത്. പുനർ നിർമ്മാണത്തിനുള്ള സങ്കീർണ്ണ പ്രക്രിയകൾ പൂർത്തിയാക്കാൻ ഗവേഷകർ ഒരു വർഷം സമയമെടുത്തു. പുനർ നിർമ്മിച്ച തലയോട്ടിയിൽ നിന്ന് ത്രീഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചാണ് 75,000 വർഷം മുൻപ് ജീവിച്ചിരുന്ന സ്ത്രീയുടെ രൂപം പുനർ നിർമ്മിച്ചത്.