ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്യൂമർ ഡിഎൻഎ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സംവിധാനം കണ്ടെത്തി എൻഎച്ച്എസ്. ലിക്വിഡ് ബയോപ്‌സി എന്നറിയപ്പെടുന്ന ഒരു പുതിയ അൾട്രാ സെൻസിറ്റീവ് രക്തപരിശോധന വഴിയാണ് പരമ്പരാഗത ടിഷ്യു ബയോപ്‌സികളേക്കാൾ വേഗത്തിലുള്ള ഫലങ്ങൾ ഇനി ലഭിക്കുക. നേരത്തെ ശ്വാസകോശ അർബുദം സ്ഥിരീകരിക്കാൻ ടിഷ്യു ബയോപ്‌സികളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ദ്രാവക ബയോപ്‌സികൾ വളരെ വേഗത്തിൽ ഫലങ്ങൾ നൽകുന്നതായി കണ്ടെത്തി. ഇതിന് പുറമെ ഇവയുടെ സഹായത്തോടെ രോഗികൾക്ക് മ്യൂട്ടേഷനുകൾ ഉണ്ടോ എന്ന് കാണിക്കാനും ഇതുവഴി കഴിയും.

നെഞ്ചിലെ അണുബാധയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കാർലൈലിൽ നിന്നുള്ള നാല് കുട്ടികളുടെ അമ്മയായ റെബേക്ക പ്രോക്ടർ (41) നു നാലാം ഘട്ട ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. ലിക്വിഡ് ബയോപ്സിയിൽ റെബേക്കയുടെ നോൺ-സ്മോൾ-സെൽ ലംഗ് ക്യാൻസറുമായി ബന്ധപ്പെട്ട ഒരു ALK ജനിതക മ്യൂട്ടേഷൻ കണ്ടെത്തി. അതുകൊണ്ട് തന്നെ ടിഷ്യു ബയോപ്സി വഴി അതേ ഫലം സ്ഥിരീകരിക്കുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ റെബേക്കയുടെ ചികിത്സ ആരംഭിക്കാൻ കഴിഞ്ഞു. പുതിയ മരുന്ന് അവരുടെ ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തിയെന്നും ട്യൂമർ ചുരുക്കിയെന്നും റെബേക്ക പറയുന്നു.

ഇംഗ്ലണ്ടിൽ ഓരോ വർഷവും ഏകദേശം 90,000 ആളുകൾക്ക് സ്തനാർബുദമോ ശ്വാസകോശ അർബുദമോ ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ലിക്വിഡ് ബയോപ്‌സികൾ അവതരിപ്പിക്കുന്നത് വഴി ഇനി രോഗികളുടെ ചികിത്സ വേഗത്തിലാവും. നിലവിൽ നടക്കുന്ന പരീക്ഷണങ്ങൾ വിജയകരമായി അവസാനിച്ചാൽ, ശ്വാസകോശ അർബുദം നിർണ്ണയിക്കുന്നതിന് “ആദ്യം രക്ത പരിശോധന” എന്ന സമീപനം സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സേവനമായി എൻ എച്ച് എസ് ഇംഗ്ലണ്ട് മാറും. ഇത് നടപ്പിലാക്കിയാൽ 15,000 രോഗികൾക്ക് വരെ പ്രയോജനം ലഭിക്കും. ശ്വാസകോശ അർബുദ പരിചരണത്തിൽ എൻഎച്ച്എസിന് പ്രതിവർഷം £11 മില്യൺ വരെ ലാഭിക്കാൻ ഇതുവഴി കഴിയും.
	
		

      
      



              
              
              




            
Leave a Reply