കോട്ടയം: നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെ കണ്ടെത്തി. കിടങ്ങൂര്‍മണര്‍ക്കാട് റോഡില്‍ മാന്താടിക്കവലയ്ക്ക് സമീപം മാരിയമ്മന്‍ കോവിലിനടുത്ത് താമസിക്കുന്ന 22കാരിയാണ് കിടങ്ങൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അവശനിലയിലായ യുവതിയെ പോലീസ് പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ മണര്‍ക്കാട് റോഡില്‍ മാരിയമ്മന്‍ കോവിലിന് പുറകുവശത്തുള്ള ഇടവഴിയിലാണ് പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തിയ    ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.

പ്രസവത്തിന് ശേഷം അഞ്ചു മണിക്കൂര്‍ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് മണ്ണിലാണ് കിടത്തിയിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അമ്പത് മീറ്റര്‍ അകലെയാണ് അമ്മയുടെ വീട്. അവിവാഹിതയായ യുവതി തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് പുലര്‍ച്ചെയോടെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു. യുവതിയുടെ വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയും വല്യമ്മയും സംഭവമറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ പ്രസവിച്ച കാര്യം ആദ്യം സമ്മതിക്കാതിരുന്ന യുവതി, വൈദ്യ പരിശോധനയിലാണ് പിടിക്കപ്പെട്ടത്.

കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, ആശുപത്രിയില്‍ കഴിയുന്ന യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രം ഏറ്റെടുക്കും.