ന്യൂഡൽഹി∙ കൊറോണ വൈറസിന്‍റെ രണ്ടു വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപനത്തിന് ഇവയാണ് കാരണമെന്നു പറയാന്‍ കഴിയില്ലെന്നും നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിൽ ചൊവ്വാഴ്ച യോഗം ചേർന്നു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ പങ്കെടുത്തു.

മഹാരാഷ്ട്ര കൂടാതെ, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവടങ്ങളിലും സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ചൊവ്വാഴ്ച 4034 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 69,604 പരിശോധനകള്‍ നടത്തി. 5.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,119 ആയി.