പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിക്കളഞ്ഞ ബ്രെക്‌സിറ്റ് ഡീലില്‍ ഉറച്ചു നിന്നുകൊണ്ടാണ് തെരേസ മേയ് എല്ലാവരെയും പരിഗണിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതെന്ന് കോര്‍ബിന്‍ ആരോപിച്ചു. ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം അതിജീവിച്ചതിനു ശേഷമാണ് മേയ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ കോര്‍ബിന്‍ പങ്കെടുത്തിരുന്നില്ല. നോ-ഡീല്‍ എന്ന ആശയം ഉപേക്ഷിക്കാതെ തെരേസ മേയുമായി ചര്‍ച്ചക്കില്ല എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കാനുള്ള ആശയത്തെ ഇല്ലാതാക്കുകയാണ് ക്യാബിനറ്റ് എന്ന ആരോപണവും കോര്‍ബിന്‍ ഉന്നയിച്ചു.

പാര്‍ലമെന്റില്‍ ഇനിയൊരു ബ്രെക്‌സിറ്റ് ഉടമ്പടി വിജയിപ്പിച്ചെടുക്കണമെങ്കില്‍ പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ക്യാബിനറ്റ് അംഗങ്ങളും നമ്പര്‍ 10 വക്താക്കളും അതിനുള്ള സാധ്യത തള്ളിക്കളയുകയാണെന്ന് കോര്‍ബിന്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുന്നതോ രണ്ടാം ഹിതപരിശോധന നടത്തുന്നതോ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നിലപാട് പോലും പുറത്തറിയുന്നില്ല. ഇതൊക്കെ പരിഗണിച്ചാല്‍ മേയ് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റു പറയാനാകില്ല. തള്ളിക്കളഞ്ഞ ഡീലില്‍ ഉറച്ചുനിന്നുകൊണ്ട് അവസരത്തിനൊത്ത് കളിക്കുകയാണ് പ്രധാനമന്ത്രിയെന്നും കോര്‍ബിന്‍ പറഞ്ഞു.

പുതിയൊരു ഉടമ്പടി പാര്‍ലമെന്റ് കടക്കണമെങ്കില്‍ അത് മേയ് മുന്നോട്ടുവെച്ച പഴയ ഡീല്‍ അടിസ്ഥാനമാക്കിയുള്ളതാവരുതെന്നാണ് പാര്‍ലമെന്റില്‍ അതിനേറ്റ പരാജയം വിളിച്ചുപറയുന്നത്. ഈ ഡീലില്‍ ഗവണ്‍മെന്റിന്റെ കടുംപിടിത്തങ്ങള്‍ ഉപേക്ഷിച്ചാല്‍ അനുകൂലമായി പ്രതികരണം നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. നോ-ഡീല്‍ എന്ന ആശയം തന്നെ മേയ് ഉപേക്ഷിക്കുകയാണ് ഇതിനുള്ള പോംവഴിയെന്ന് കോര്‍ബിന്‍ തന്റെ കത്തില്‍ വ്യക്തമാക്കുന്നു.