ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 എന്ന പുതിയ കോവിഡ് വകഭേദം ലോകരാജ്യങ്ങളെ വീണ്ടും സമ്മർദ്ദത്തിലാക്കി. അതിവേഗം മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ ഇപ്പോൾ അന്താരാഷ്ട്ര ആശങ്കയായി മാറിയിരിക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, ബോത്സ്വാന, എസ്വാറ്റിനി, സിംബാബ് വേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടൻ വിലക്ക് ഏര്‍പ്പെടുത്തി. പുതിയ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്നും നിലവിലെ കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിയും ഇതേ ആശങ്കയാണ് പങ്കുവെച്ചത്.
ബ്രിട്ടനില്‍ ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ പൗരന്മാരോട് പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്നും ബോട്‌സ്വാനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് ബി.1.1.529 വകഭേദം ഇതിനകം തന്നെ വ്യാപിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ജാവിദ് ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു. വളരെ വേഗം മ്യൂട്ടേഷൻ സംഭവിക്കുന്ന ഇവയെ ചെറുക്കാൻ ഇപ്പോഴുള്ള വാക്സിൻ പര്യാപ്തമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ബ്രിട്ടൻ ശൈത്യകാലത്തേയ്ക്ക് നീങ്ങുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജാവിദ് മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്സ്വാന എന്നിവിടങ്ങളിൽ ഇതുവരെ 59 കേസുകളാണ് സ്ഥിരീകരിച്ചത്. ജൊഹന്നാസ്ബർഗിലടക്കം സ്ഥിതി ഗുരുതരമാണ്. ലോകം ദക്ഷിണാഫ്രിക്കയ്ക്കും ആഫ്രിക്കയ്ക്കും പിന്തുണ നൽകണമെന്നും വിവേചനം കാണിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും ശാസ്ത്രജ്ഞൻ പ്രൊഫ തുലിയോ ഡി ഒലിവേര പറഞ്ഞു. പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാന്‍ ലോകാരോഗ്യ സംഘടനയും തീരുമാനിച്ചിട്ടുണ്ട്.
Leave a Reply