ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവും രണ്ടാം ലോക യുദ്ധത്തിൽ എനിഗ്മ കോഡ് തകർക്കുകയും ചെയ്ത അലൻ ട്യൂറിംഗ് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 50 പൗണ്ട് നോട്ടിന്റെ പുതിയ മുഖം. പേപ്പറിൽ നിന്നും പോളിമറിലേക്ക് മാറുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ശേഖരത്തിലെ അവസാന 50 പൗണ്ട് നോട്ട് ആയിരിക്കും ഇത്. 1912ൽ വെസ്റ്റ് ലണ്ടനിൽ ആണ് ട്യൂറിംഗിന്റെ ജനനം. കേംബ്രിഡ്ജ് കിംഗ് കോളേജിൽ വിദ്യാഭ്യാസം നടത്തി. ഒരു കോഡ് ബ്രേക്കർ ആയി രണ്ടാം ലോകയുദ്ധ കാലത്ത് സേവനം അനുഷ്ഠിച്ചു. യുദ്ധകാലത്ത് ബ്ലേച്ചിലി പാർക്കിൽ അദ്ദേഹം ചേർന്ന് പ്രവർത്തിച്ചു. തന്റെ കോഡ് ബ്രേക്കിംഗ് പ്രവർത്തനത്തിലൂടെ സഖ്യസേനയുടെ വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.  മോഡേൺ കമ്പ്യൂട്ടിങ്ങിന്റെയും ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെയും പിതാവായി അദ്ദേഹം ഇന്ന് അറിയപ്പെടുന്നു.

” അലൻ ട്യൂറിംഗ് ഒരു മികച്ച ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു. ഒരു യുദ്ധവീരനായിരുന്നു അദ്ദേഹം. ട്യൂറിംഗിന്റെ പ്രവർത്തനങ്ങൾ ഇന്ന് നാം എങ്ങനെ ജീവിക്കുന്നു എന്നതിനെ വളരെയധികം സ്വാധീനിച്ചു. ” ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക്‌ കാർണി പറഞ്ഞു. എനിഗ്മ യന്ത്രങ്ങൾ ഉപയോഗിച്ച് ജർമൻ സന്ദേശങ്ങൾ തകർക്കാൻ ആണ് യുദ്ധ കാലത്ത് ട്യൂറിംഗ് സഹായിച്ചത്. ഇത് ഒരു വഴിത്തിരിവായിരുന്നു. ഇത് ഒരു യഥാർത്ഥ മാഞ്ചസ്റ്റർ നായകന് ലഭിക്കാവുന്ന ഉചിതമായ ആദരവാണെന്ന് മുൻ മാഞ്ചസ്റ്റർ എംപി ജോൺ ലീച്ച് അഭിപ്രായപ്പെട്ടു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, പേരുകൾ നിർദേശിക്കാൻ മാസങ്ങൾക്കു മുമ്പ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 227, 299 നാമനിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി. അതിൽ 989 ശാസ്ത്രഞ്ജരുടെ നാമങ്ങളും ഉൾപ്പെട്ടിരുന്നു. ഷോർട് ലിസ്റ്റ് ചെയ്ത 12 പേരുകളിൽ നിന്നും ഗവർണർ ആണ് അലൻ ട്യൂറിംഗ് എന്ന പേര് തിരഞ്ഞെടുത്തത്. ചാൾസ് ബാബേജ്, സ്റ്റീഫൻ ഹോക്കിംഗ്, ഏണെസ്റ്റ് റുഥർഫോർഡ്, ശ്രീനിവാസ രാമാനുജൻ തുടങ്ങിയവരാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് വ്യക്തികൾ. മാഞ്ചസ്റ്റർ മ്യൂസിയം ഓഫ് സയൻസ് ആൻഡ് ഇഡസ്ട്രറി ആണ് പുതിയ £50 നോട്ട് പുറത്തിറക്കുന്നത്.

 

പഴയ £50 നോട്ടിൽ സ്റ്റീം എൻജിൻ നിർമാതാക്കളായ ജെയിംസ് വാട്ട്, മാത്യു ബോൾട്ടൻ എന്നിവരാണ് ഉണ്ടായിരുന്നത്. പുതിയ £50 നോട്ട് 2021 അവസാനത്തോടെ പ്രചാരത്തിലാകുമെന്ന് ഗവർണർ കാർണി അറിയിച്ചു. പുതിയ നോട്ടിൽ ഇവയൊക്കെ ഉൾപ്പെടുത്തും : എലിയറ്റും ഫ്രൈയും ചേർന്ന് 1951ൽ എടുത്ത ട്യൂറിംഗിന്റെ ചിത്രം, ട്യൂറിംഗിന്റെ പേപ്പറിലെ ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ , ഓട്ടോമാറ്റിക് കമ്പ്യൂട്ടർ എൻജിൻ പൈലറ്റ് മെഷീനിന്റെ ചിത്രം, 1949 ജൂൺ 11ന് ടൈംസ് ദിനപത്രത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഉദ്ധരണി, ട്യൂറിംഗിന്റെ ഒപ്പ് തുടങ്ങിയവ. നിലവിലെ ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെ £5, £10 നോട്ടുകൾ പ്ലാസ്റ്റിക് ആണ്. പോളിമറിൽ നിർമിക്കുന്ന 20 പൗണ്ട് നോട്ട് അടുത്ത വർഷം മുതൽ പ്രചാരത്തിലെത്തും.