ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഫൈസർ, മോഡേണ, അസ്ട്രാസെനക എന്നീ കോവിഡ് വാക്സിനുകൾ പ്രായമായ സ്ത്രീകളിലും ബർത്ത് കൺട്രോൾ ഉപയോഗിക്കുന്ന സ്ത്രീകളിലുമെല്ലാം അപ്രതീക്ഷിത ആർത്തവം ഉണ്ടാക്കാമെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. സാധാരണയായി ആർത്തവം നടക്കുന്ന സ്ത്രീകളിൽ ഇത്തരത്തിൽ കോവിഡ് വാക്സിൻ ചില മാറ്റങ്ങൾ ഉണ്ടാക്കാമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് പ്രായമുള്ള സ്ത്രീകളിലും, സാധാരണയായി ആർത്തവം ഉണ്ടാകാത്തവരിലും ഇത്തരം മാറ്റങ്ങൾ ഉണ്ടാകാമെന്ന് കണ്ടെത്തിയത്. 20,000 ത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ വാക്സിൻ എടുക്കുന്നതിന് മുൻപ് ഉള്ളതിനേക്കാൾ അതിനുശേഷം രക്തസ്രാവത്തിനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് വർദ്ധിച്ചതായി കണ്ടെത്തി.
ആർത്തവവിരാമം അനുഭവിക്കുന്ന സ്ത്രീകളിലും മറ്റും ഈ സാധ്യത മൂന്നു മുതൽ അഞ്ചു മടങ്ങാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ കോവിഡ് വാക്സിനുകൾ മൂലം ആർത്തവത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. എന്നാൽ വാക്സിൻ ശരീരത്തിലെ ചില ടിഷ്യുകളിൽ വീക്കം ഉണ്ടാക്കുന്നതായും ഇത് മൂലം ഗർഭപാത്രത്തിന്റെ ലൈനിങ്ങിൽ ചില മാറ്റങ്ങളും അതോടൊപ്പം തന്നെ ശരീരത്തിൽ ഉടനീളം ഹോർമോണുകളുടെ അളവിലും മാറ്റം ഉണ്ടാകുന്നതും ആണ് ഇതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് വാക്സിനുകൾ ആദ്യമായി പുറത്തിറക്കിയപ്പോൾ തന്നെ നിരവധി സ്ത്രീകൾ തങ്ങൾക്ക് ഉണ്ടാകുന്ന ആർത്തവ മാറ്റത്തെപ്പറ്റി തുറന്നു പറഞ്ഞിരുന്നു. വാക്സിനുകളെ എതിർക്കുന്നവർ ഇത്തരത്തിൽ വാക്സിനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചാരണവും ആരംഭിച്ചിരുന്നു . എന്നാൽ വാക്സിനുകൾ മൂലം വന്ധ്യത പോലെയുള്ള യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നാണ് വിദഗ്ധർ ശക്തമായി തെളിവുകളിലൂടെ വ്യക്തമാക്കുന്നത്.
Leave a Reply