ലണ്ടന്‍: കുട്ടികളുടെ ദാരിദ്ര്യം കണക്കാക്കാനുളള പുതിയ സര്‍ക്കാര്‍ പദ്ധതിക്ക് തിരിച്ചടി. ഹൗസ് ഓഫ് ലോര്‍ഡ്‌സ് പുതിയ നിര്‍ദേശത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ദാരിദ്ര്യം കണക്കാക്കി വര്‍ഷം തോറും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുളള സര്‍ക്കാര്‍ നീക്കത്തെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് 192നെതിരെ 290 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യം കണക്കാക്കുന്നതിന് പകരം തൊഴിലില്ലാത്ത കുടുംബങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബാലദാരിദ്ര്യം കണക്കാക്കണമെന്നാണ് മന്ത്രിമാരുടെ അഭിപ്രായം.
പദ്ധതിയെ ചൈല്‍ഡ് പോവര്‍ട്ടി ചാരിറ്റികളും എതിര്‍ത്തിരുന്നു. ദാരിദ്ര്യത്തിന്റെ പ്രധാന ഘടകമായ പണമില്ലായ്മ കണക്കിലെടുക്കാതെ എങ്ങനെ കുട്ടികളുടെ ദാരിദ്ര്യം കണക്കാക്കാനാകുമെന്നാണ് മുന്‍ മന്ത്രി അലന്‍ മില്‍ബേണ്‍ അധ്യക്ഷനായ രാജ്യത്തെ ഏറ്റവും വലിയ ചൈല്‍ഡ് പോവര്‍ട്ടി ചാരിറ്റി ചോദിക്കുന്നത്. അത്തരം കണക്കുകള്‍ എത്രമാത്രം വിശ്വാസ്യമാകുമെന്നും അലന്‍ മില്‍ബേണ്‍ ചോദിക്കുന്നു. 2010ലെ ചൈല്‍ഡ് പോവര്‍ട്ടി ആക്ടിനെ ലൈഫ് ചാന്‍സസ് ആക്ട് എന്ന് പുനര്‍നാമകരണം ചെയ്ത് ഹൗസ് ഓഫ് കോമണ്‍സില്‍ പാസാക്കി. എന്നാല്‍ സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമില്ലാത്ത ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഇത് പാസാക്കാനായില്ല.

പ്രശ്‌നത്തില്‍ സര്‍ക്കാരിന് കൃത്യമായ ധാരണയില്ലെന്ന് ചൈല്‍ഡ് പോവര്‍ട്ടി ആക്ഷന്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അലിസണ്‍ ഗാണ്‍ഹാം പറഞ്ഞു. ചൈല്‍ഡ് പോവര്‍ട്ടിയെ കുറിച്ച് കൃത്യമായി പാര്‍ലമെന്റിന് റിപ്പോര്‍ട്ട് നല്‍കണം. കുട്ടികളുടെ ദാരിദ്ര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും ചര്‍ച്ച ചെയ്യണം. വരുമാനത്തെ അത്ര ലളിതമായി തളളിക്കളയാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വരുമാനത്തെ എടുത്ത് മാറ്റി കുട്ടികളുടെ ദാരിദ്ര്യത്തെ പുനര്‍നിര്‍വചിക്കാനുളള ശ്രമം നാണക്കേടാണെന്ന് ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ഓവന്‍ സ്മിത്ത് പ്രതികരിച്ചു. ഓരോ കുട്ടിയ്ക്കും അഭിമാനത്തോടെയുളള തുടക്കം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇതിനായി വരുമാനത്തിലുളള അസമത്വങ്ങള്‍ ഇല്ലാതാകണം.

ഇത്തരം നടപടികള്‍ പുതിയ സമഗ്ര പദ്ധതികളിലേക്കുളള സമീപനത്തിന്റെ തുടക്കമാണെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ വകുപ്പിന്റെ വക്താവ് പറഞ്ഞു. സര്‍ക്കാരിനെ ഫലപ്രദമായ നടപടികളിലേക്ക് ഇത് നയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഇന്ന് നടന്നത് വെറും നടപടിക്രമം മാത്രമാണെന്നും അടുത്ത പടിയെന്താണെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.